ADVERTISEMENT

അബുദാബി∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യുഎഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്കേറുന്നു. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ വിമാനനിരക്കിലും വർധനയുണ്ട്. തൊഴിലന്വേഷകരുടെ ഒഴുക്കും കൂടും.

യാത്രാ നിയന്ത്രണം മൂലം വർഷങ്ങളായി നാട്ടിൽ പോകാതിരുന്ന  മലയാളികൾ പലരും സന്ദർശക വീസയിൽ കുടുംബത്തെ കൊണ്ടുവരാനുള്ള  തയാറെടുപ്പിലാണ്. ഇളവ് പ്രാബല്യത്തിലായ ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ വീസ കേന്ദ്രങ്ങളിൽ അപേക്ഷകളിൽ വൻ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു.

സന്ദർശക വീസയ്ക്കായി സമീപിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടെന്ന് ഐവേ സൊല്യൂഷൻസ് ഉടമ ടി.കെ ഷെഫീഖും പറഞ്ഞു. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യ–യുഎഇ വിമാന ടിക്കറ്റ് നിരക്ക് 2000 മുതൽ 5000 രൂപ വരെ വർധിച്ചതായി കേരളത്തിലെ ട്രാവൽ ഏജൻസികൾ അറിയിച്ചു.  മാർച്ചിൽ വാർഷിക പരീക്ഷ കഴിഞ്ഞ് നാട്ടിൽ സ്കൂളുകൾ അടയ്ക്കുന്നതോടെ യുഎഇയിലേക്ക് കൂടുതൽ മലയാളി കുടുംബങ്ങളെത്തും.

യുഎഇയിൽ 1–9 ക്ലാസ് വിദ്യാർഥികളുടെ വാർഷിക പരീക്ഷ ഈ മാസം 15ന് തീർന്ന് ഏപ്രിലിൽ പുതിയ അധ്യയനം തുടങ്ങുന്നതിന് മുൻപ് 2 ആഴ്ചത്തെ ഇടവേളയുണ്ട്. അതിനാൽ നാട്ടിലേക്കു പോകുന്ന കുടുംബങ്ങളുടെ എണ്ണവും കൂടും. ഇത് യുഎഇ–കേരള സെക്ടറിൽ തിരക്കും കൂട്ടാൻ ഇടയാക്കും.

വാക്സീൻ എടുത്തവർക്ക് എത്താൻ 

വാക്സീൻ എടുത്തവർക്ക് പിസിആർ, റാപ്പിഡ് ടെസ്റ്റില്ലാതെ തന്നെ യുഎഇയിലെത്താമെങ്കിലും ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റ് കരുതണം. വാക്സീൻ എടുക്കാത്തവർക്കു മാത്രം 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com