ADVERTISEMENT

ദോഹ∙ ഖത്തറിൽ ഇന്നു മുതൽ വാഹനയാത്ര, ഒത്തുകൂടൽ എന്നിവയിൽ നിയന്ത്രണമില്ല. പള്ളികളിൽ സാമൂഹിക അകലവും വേണ്ട. കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്. രാജ്യത്ത് എല്ലായിടങ്ങളിലും വാക്‌സിനെടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശനം അനുവദിച്ചു കൊണ്ടാണ് പുതിയ ഇളവുകൾ. 

ഇന്നു മുതൽ എന്തൊക്കെ

∙ വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമില്ല

∙ തുറന്നതും അടഞ്ഞതുമായ പൊതു, സ്വകാര്യ ഇടങ്ങളുടെ പ്രവർത്തന ശേഷിയിലും ആളുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല.

∙ ജിം, വിവാഹ പാർട്ടികൾ, കായിക ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷനുകൾ, ഇവന്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി വാക്‌സിനെടുത്ത 20 ശതമാനം പേർക്ക് മാത്രമേ പ്രവേശനം പാടുള്ളു. 

∙പള്ളികളിൽ സാമൂഹിക അകലം വേണ്ട. സ്ത്രീകൾക്കും പള്ളികളിൽ നിസ്‌കരിക്കാൻ അനുമതി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് മാത്രമേ പ്രവേശനത്തിനായി ഇഹ്‌തെറാസിലെ പ്രൊഫൈൽ സ്റ്റേറ്റസ് കാണിക്കേണ്ടതുള്ളു. 

∙ലൈസൻസോടെ പ്രവർത്തിക്കുന്ന റസ്റ്ററന്റുകളിൽ ബുഫെ സേവനം പുനരാരംഭിക്കാം.

∙വിനോദസഞ്ചാര മേഖലകളിലെ കഫേകളിലും റസ്റ്ററന്റുകളിലും ഔട്ട്ഡോറിൽ ഷീഷ സേവനം നൽകാം. 

വാക്‌സീൻ എടുക്കാത്തവർ ശ്രദ്ധിക്കാൻ

∙ കോവിഡ് വാക്‌സീൻ എടുക്കാത്ത 12 വയസ്സിന് മുകളിൽ പ്രായമുള്ളവർ ജിം, വിവാഹ പാർട്ടികൾ, കായിക ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷനുകൾ, ഇവന്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ പ്രവേശനത്തിന് 24 മണിക്കൂറിന് മുൻപ് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇഹ്‌തെറാസിലെ പരിശോധനാ ഫലം ഹാജരാക്കണം. 

∙ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനത്തിന് റാപ്പിഡ് ആന്റിജൻ പരിശോധന ആവശ്യമില്ല.

മറക്കേണ്ട  മുൻകരുതൽ

ദോഹ ∙ കോവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും മുൻകരുതലുകൾ വ്യവസ്ഥകൾ പാലിക്കാൻ  മറക്കേണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ.

∙ കോവിഡ് വാക്‌സീൻ ഇനിയും എടുക്കാത്തവർ ഉടൻ വാക്‌സീൻ എടുക്കാൻ മറക്കേണ്ട. 

∙ അടഞ്ഞ പൊതുസ്ഥലങ്ങളിലും കായിക ടൂർണമെന്റുകൾ, പ്രദർശനങ്ങൾ, ഒത്തുകൂടൽ, ആശുപത്രി എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കാൻ മറക്കേണ്ട. ഉപഭോക്താക്കളുമായി നിരന്തര സമ്പർക്കം പുലർത്തേണ്ടി വരുന്ന ഹോസ്പിറ്റാലിറ്റി, സുരക്ഷാ ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാണ്. 

∙ കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് തൊഴിലിടങ്ങളിലും സ്‌കൂളുകളിലും പ്രവേശനത്തിന് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധം.

∙ മറ്റുള്ളവരുമായി കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം.

∙ കൈകൾ അണുവിമുക്തമാക്കി സൂക്ഷിക്കണം.

∙ എപ്പോഴും സ്പർശിക്കുന്ന ഇടങ്ങൾ പതിവായി ശുചിയാക്കി അണുവിമുക്തമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com