ADVERTISEMENT

ദുബായ്  ∙ ജമ്മു കശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾക്കു സാധ്യത തേടി യുഎഇ സംരംഭകർ. വിനോദസഞ്ചാരം, ഹോട്ടൽ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭങ്ങൾക്കും സംയുക്ത പദ്ധതികൾക്കും തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി 40 അംഗ പ്രതിനിധി സംഘം 4 ദിവസത്തെ സന്ദർശനത്തിനാണ് എത്തിയത്.

 

പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിലെ  നിക്ഷേപസാധ്യതകൾ വിലയിരുത്തുകയും ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്യും. യുഎഇയിലെ ഇന്ത്യൻ വ്യവസായികളും അബുദാബി റൂളേഴ്സ് ഓഫിസ് പ്രതിനിധിയും സംഘത്തിലുണ്ട്. ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ അടുത്തിടെ ദുബായിൽ വിവിധ സർക്കാർ, വാണിജ്യ-വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണു യുഎഇ സംഘത്തിന്റെ സന്ദർശനം.

 

ദുബായിൽ പല പദ്ധതികളുടെയും രൂപരേഖ തയാറാക്കുകയും ചില ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. 10 കോടി ഡോളർ മുതൽ മുടക്കിൽ 3 ഹോട്ടലുകളും വാണിജ്യ-താമസ സമുച്ചയവും നിർമിക്കാനുള്ളതാണു പദ്ധതികളിലൊന്ന്.

apple

 

6 മാസത്തിനകം പല പ്രധാന സംരംഭങ്ങൾക്കും തുടക്കമാകുമെന്നും സംസ്ഥാനത്തെ മാറിയ സാഹചര്യങ്ങൾ നിക്ഷേപകർക്ക് ഏറെ അനുകൂലമാകുമെന്നുമാണു പ്രതീക്ഷ. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ  (സിഇപിഎ) നിലവിൽ വന്നതോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സംരംഭകർക്കു കടന്നുവരാൻ അവസരമൊരുങ്ങി.

 

ഭക്ഷ്യമേഖലയിലും സംരംഭങ്ങൾ തുടങ്ങുമെന്ന് റിപ്പോർട്ട്

 

ഭക്ഷ്യമേഖലയിൽ ഒട്ടേറെ സംരംഭങ്ങൾക്കു തുടക്കമാകുമെന്നാണു റിപ്പോർട്ട്. കശ്മീരിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം തുടങ്ങുമെന്നും സൂചനയുണ്ട്. ഭൗമസൂചികാപദവി നേടിയ കശ്മീരി ആപ്പിൾ, കുങ്കുമപ്പൂ, തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള മുല്ല, പിച്ചി, ജമന്തി, പനിനീർ പൂക്കൾ, ഗുജറാത്തി  ഡ്രാഗൺ ഫ്രൂട്ട്, മഹാരാഷ്ട്ര ജൽഗാവിൽ നിന്നുള്ള നേന്ത്രപ്പഴം എന്നിവയുടെ കയറ്റുമതി വർധിച്ചു.

 

വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ സാഹിത്യ-സാംസ്കാരിക വേദികൾ ഉപയോഗപ്പെടുത്താൻ ഇന്ത്യ-യുഎഇ സാംസ്കാരിക സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിലെയും യുഎഇയിലെയും കലാരൂപങ്ങൾ, രുചിവൈവിധ്യങ്ങൾ, ടൂറിസം മേഖലകൾ തുടങ്ങിയവ മനസ്സിലാക്കാൻ അവസരമൊരുക്കുന്ന സാംസ്കാരിക മേളകൾക്ക് കൂടുതൽ അവസരമൊരുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com