ADVERTISEMENT

ദുബായ്∙ പുലരുംവരെ നീളുന്ന ആഘോഷവുമായി എക്സ്പോ സമാപനം മറ്റൊരു ചരിത്രമാക്കാൻ സംഘാടകർ. ലോകം ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും. സന്ധ്യയ്ക്കും രാത്രി 12നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമുണ്ടാകും.

തിരക്കു കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും പാതകൾ, പാർക്കിങ്ങുകൾ, വേദികൾ എന്നിവിടങ്ങളിൽ വിപുല ക്രമീകരണങ്ങൾ ആരംഭിച്ചു. നാളെയും മറ്റന്നാളും മെട്രോ  പകലും രാത്രിയും സർവീസ് നടത്തും. 192 രാജ്യങ്ങൾ പങ്കെടുത്ത 182 ദിനങ്ങളിലെ ആഘോഷം പുതുമ സമ്മാനിച്ചു സമാപിക്കുമ്പോൾ സമാനതകളില്ലാത്ത 'സ്മാർട്' മാറ്റങ്ങൾക്കാണ് ദുബായിൽ തുടക്കമായത്.

dubai-metro

സുഖം, സൗകര്യം പൊതുവാഹന യാത്ര

∙ സന്ദർശകർ കഴിയുന്നതും പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. മെട്രോയിൽ വന്ന് എക്സ്പോ വേദിയിലിറങ്ങാം.


∙ കാറിൽ വരുന്നവർ ജബൽ അലി മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാൻ സൗകര്യമുണ്ട്. എക്സ്പോ പാർക്കിങ്ങിലെ തിരക്ക് കുറയ്ക്കാൻ ഇതു സഹായിക്കും.

∙  ദുബായിലെ 9 മേഖലകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക്  സൗജന്യ സർവീസ്. കാർ പാർക്കിങ്ങുകളിൽ നിന്ന് ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി ഗേറ്റുകളിലേക്കും ഗേറ്റുകളെ ബന്ധിപ്പിച്ചും സർവീസുകളുണ്ട്. തിരക്ക് കണക്കിലെടുത്ത് ടൂറിസ്റ്റ് ബസുകളും ഒരുക്കിയിട്ടുണ്ട്.

∙ അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ.

3 ദിവസത്തിനിടെ സന്ദർശകർ 10 ലക്ഷം കടന്നു

ദുബായ് ∙ എക്സ്പോയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എത്തിയത് 10 ലക്ഷത്തിലേറെ സന്ദർശകർ. കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും ഉയർന്നു. ഒക്ടോബർ ഒന്നിനു തുടങ്ങിയ മേളയിൽ 2.3 കോടി സന്ദർശകർ എത്തിയതായാണ് കണക്ക്. രണ്ടരക്കോടിയിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

expo-2020-dubai1

'മുത്തശ്ശ'നൊപ്പം വീണ്ടും ഇന്ത്യൻ പെൺകുട്ടി

ദുബായ് ∙ എക്സ്പോ ഉദ്ഘാടനത്തോടനുബന്ധിച്ച് കുംഭഗോപുരമായ അൽ വാസൽ പ്ലാസയിൽ അരങ്ങേറിയ ദൃശ്യവിരുന്നിന്റെ തുടർച്ചയായുള്ള പരിപാടികളോടെയാണ് സമാപന ദിവസത്തെ ആഘോഷം. നാടോടിക്കഥ പറയുന്ന രീതിയിൽ അന്നവതരിപ്പിച്ച പരിപാടിയിൽ സ്വദേശി മുത്തശ്ശനോടൊപ്പം അറബ് പെൺകുട്ടിയായി വേഷമിട്ട ഇന്ത്യൻ വിദ്യാർഥി ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശി മിറാ സിങ് (11) ആണ് ഇത്തവണയും കേന്ദ്രകഥാപാത്രം.

കൊച്ചുമകൾക്ക് നാടിന്റെ പൈതൃകത്തനിമ  മുത്തശ്ശൻ പറഞ്ഞുകൊടുക്കുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടി രാജ്യാന്തരശ്രദ്ധ നേടിയിരുന്നു.  ഇതിന്റെ തുടർച്ചയായുള്ള സമാപനദിന പരിപാടിയിൽ എക്സ്പോ പകർന്ന പുതിയ അറിവുകളുടെയും സൗന്ദര്യ വർണങ്ങളുടെയും ലോകത്തേക്ക്  മുത്തശ്ശനും കൊച്ചുമകളും സദസ്സിനെ കൂട്ടിക്കൊണ്ടുപോകും. പരിപാടികൾ കാണാൻ എക്സ്പോയിലെ വിവിധ മേഖലകളിൽ 20ൽ ഏറെ കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചു. എല്ലാ പവിലിയനുകളിലും ക്രമീകരണം ഏർപ്പെടുത്തും.

മിറാ സിങ് ദുബായ് എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ.
മിറാ സിങ് ദുബായ് എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ.

കലകളുടെ കുട ചൂടി

∙ എ.ആർ. റഹ്മാൻ പരിശീലിപ്പിച്ച ഫിർദൗസ് ഗായകസംഘം ഏഷ്യൻ-അറേബ്യൻ ഫ്യൂഷൻ സംഗീതമൊരുക്കും. യാസ്മിന സബായുടെ നേതൃത്വത്തിലുള്ള വനിതാസംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള 50 പ്രതിഭകളുണ്ട്. പരമ്പരാഗത ഇന്ത്യൻ, അറേബ്യൻ, പേർഷ്യൻ സംഗീതോപകരണങ്ങൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ ഗാനങ്ങളും ആസ്വദിക്കാം.


∙  അമേരിക്കൻ സംഗീതപ്രതിഭകളായ ക്രിസ്റ്റീന ആഗ്വലേറ, നോറ ജോൺസ്, യോയോ മാ എന്നിവർ സംഗീത-നൃത്തമടക്കമുള്ള  കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കും.  യോയോ മാ മില്ലേനിയം ആംഫി തിയറ്ററിലും നോറ ജൂബിലി സ്റ്റേജിലും ക്രിസ്റ്റീന ആഗ്വലേറ ജൂബിലി സ്റ്റേജിലും പരിപാടികൾ അവതരിപ്പിക്കും.

∙ എക്സ്പോയിൽ നടന്ന  പ്രധാന പരിപാടികളുടെ ദൃശ്യങ്ങൾ കോർത്തിണക്കി 'ഓർമകളുടെ പൂന്തോട്ടം' എന്ന പേരിൽ 10 മിനിറ്റ് കലാവിരുന്ന്.

∙  7 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾ അണിനിരക്കുന്ന പ്രത്യേക പരിപാടി.  കാർണിവൽ, കാർട്ടൂൺ മേള.  

∙ വഴിയോരങ്ങളിൽ സംഗീത-നൃത്ത അരങ്ങുകൾ.  പരമ്പരാഗത-ആധുനിക വാദ്യോപകരണ വിദഗ്ധരും ഉണ്ടാകും.

ഇനി ജപ്പാനിൽ കാണാം

അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോ പതാക ദുബായ് കൈമാറും. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13വരെയാണ് ഒസാക എക്സ്പോ. 5 വർഷംകൂടുമ്പോഴാണ് എക്സ്പോയെങ്കിലും കോവിഡ് സാഹചര്യത്തിൽ ദുബായിൽ ഒരു വർഷം വൈകിയാണ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com