ADVERTISEMENT

ദോഹ∙ ഖത്തറിൽ ഇലക്ട്രിക് ബസുകൾക്കായുളള ആദ്യ റൂട്ട് പ്രവർത്തനസജ്ജമായി. അൽ ഗാനിം ബസ് സ്റ്റേഷനും സിറ്റി സെന്ററിനും ഇടയിലാണ്  ഇലക്ട്രിക് ബസുകളുടെ ആദ്യ റൂട്ട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ കർവ ബസുകളും പൂർണമായും വൈദ്യുതിയിൽ പ്രവൃത്തിക്കുന്നവയായിരിക്കുമെന്ന് പൊതുഗതാഗത കമ്പനിയായ മൗസലാത്ത് വ്യക്തമാക്കി.

 

പരിസ്ഥിതി സൗഹൃദങ്ങളായ ഇലക്ടിക് ബസുകൾക്കുള്ള ചാർജിങ് സ്റ്റേഷനുകളും രാജ്യത്തുടനീളമായി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം നടന്ന പ്രഥമ ഫിഫ അറബ് കപ്പിൽ കാണികളെ സ്റ്റേഡിയങ്ങളിൽ എത്തിക്കാൻ കർവയുടെ ഇലക്ട്രിക് ബസുകളും നിരത്തിലിറക്കിയിരുന്നു. നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ കർവയുടെ 1,100 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുക. ഈ വർഷം അവസാനത്തോടെ പൊതുഗതാഗത സംവിധാനങ്ങളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ ആക്കും.

 

ഹരിതഭാവിക്കായി രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം 2030നകം വൈദ്യുതവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. രാജ്യത്തെ പബ്ലിക് ബസുകൾ, സർക്കാർ സകൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവയും വൈദ്യുതീകരിക്കും. ബസുകളുടെ കാർബൺ പുറന്തള്ളൽ 2030നകം ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം.

 

ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സുസ്ഥിരത ഉറപ്പാക്കുക,  സാമ്പത്തിക-പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കുക, പുത്തൻ ആഗോള പരിസ്ഥിതി-സൗഹൃദ സംവിധാനങ്ങളിലൂടെ കാർബൺ പ്രസാരണം കുറച്ച് ശുദ്ധവും ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി ഭാവി തലമുറയ്ക്കായി സൃഷ്ടിക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് ഗതാഗത മന്ത്രാലയത്തിന്റെ ഇലക്ട്രിക് വാഹന നയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com