എക്സ്പോ വേദിയെ സ്മാർട് ഗ്രാമമാക്കാനുള്ള നവീകരണ ജോലികൾ സ്പീഡ് ട്രാക്കിൽ

expo-village
എക്സ്പോ വില്ലേജ്.
SHARE

ദുബായ് ∙ ആരവങ്ങളൊഴിഞ്ഞ ആഘോഷവേദിയെ സ്മാർട് ഗ്രാമമാക്കാനുള്ള നവീകരണ ജോലികൾ സ്പീഡ് ട്രാക്കിൽ. എല്ലാ സൗകര്യങ്ങളും കയ്യെത്തുംദൂരെയും സേവനങ്ങൾ വിരൽത്തുമ്പിലും ലഭ്യമാകുന്ന താമസകേന്ദ്രമായി എക്സ്പോ ലെഗസി സൈറ്റിനു സമീപമുള്ള മേഖലയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ മാസങ്ങൾക്കകം പൂർത്തിയാക്കാനാണു പദ്ധതി.

ഡിസ്ട്രിക്ട് 2020ൽ ജൂലൈ മുതൽ വിവിധ കമ്പനികൾ പ്രവർത്തിച്ചു തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ആയിരക്കണക്കിനു എക്സ്പോ സന്ദർശകർ, സർക്കാർ പ്രതിനിധികൾ, പവിലിയനുകളിലെയും മറ്റു ജീവനക്കാർ എന്നിവർ ഒഴിഞ്ഞതോടെ നവീകരണ ജോലികൾ വേഗത്തിലായി.

എക്സ്പോയിലെ മുഖ്യ ആകർഷണമായ കുംഭഗോപുരം അൽ വാസൽ പ്ലാസ, ഇന്ത്യ, യുഎഇ, സൗദി പവിലിയനുകൾ, വാട്ടർ ഫീച്ചർ, ഗാർഡൻ സ്കൈ എന്നിവ നിലനിർത്തും. ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തു 438 ഹെക്ടറിലാണ് എക്സ്പോ വേദി.

കൂടുതൽ പദ്ധതികൾ പരിഗണനയിൽ

2,273 അപാർട്ടുമെന്റുകളോടു കൂടിയ, അധികം ഉയരമില്ലാത്ത 15 ബഹുനില മന്ദിരങ്ങളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണു താമസക്കാർക്കു കൈമാറുകയെന്നു ദുബായ് വേൾഡ് ട്രേഡ് സെന്റർ സീനിയർ പ്രോജക്ട് മാനേജർ മഹ്മൂദ് അൽ നയ്ബ് പറഞ്ഞു.

താമസക്കാർക്ക് സ്റ്റുഡിയോ, വൺ ബെഡ് റൂം, 2 ബെഡ് റൂം, 3 ബെഡ് റൂം ഫ്ലാറ്റുകൾ തിരഞ്ഞെടുക്കാം.എല്ലാ വിഭാഗക്കാർക്കും യോജിച്ച പാക്കേജുകളാകും ഉണ്ടാകുക.മേഖലയിൽ കൂടുതൽ പദ്ധതികൾ പരിഗണനയിലാണെന്നും അതേകുറിച്ച് വൈകാതെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

സൈക്കിൾ നഗരം

കാറുകളെയും മറ്റും ആശ്രയിക്കാതെ സൈക്കിളിലോ നടന്നോ 15 മിനിറ്റിനകം ഏതുഭാഗത്തുമെത്താവുന്ന താമസകേന്ദ്രം. സേവനങ്ങൾക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ. കാർബൺ മലിനീകരണമില്ലാത്ത നഗരം. സസ്റ്റെയ്നബിലിറ്റി, ഓപ്പർച്യുനിറ്റി പവിലിയനുകൾ, പാർക്കുകൾ, ജലാശയങ്ങൾ തുടങ്ങിയവ പ്രധാന വിനോദസഞ്ചാര മേഖലകളാകും.

സൗകര്യങ്ങൾ എന്തൊക്കെ

∙ ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ മേഖലയിൽ ജോഗിങ്-സൈക്ലിങ് ട്രാക്ക്, ഉല്ലാസമേഖലകൾ, ഭക്ഷണകേന്ദ്രങ്ങൾ എന്നിവയോടു കൂടിയ ഹൈടെക് പാർക്കുണ്ടാകും. അപാർട്മെന്റുകളിൽ നിന്നു നോക്കിയാൽ അൽ വാസൽ പ്ലാസ കാണാം.

∙ ഓരോ ക്ലസ്റ്ററിൽ നിന്നും ഒരു മിനിറ്റ് നടന്നാൽ എക്സ്പോ 2020 മെട്രോ സ്റ്റേഷനിലെത്താം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡിലേക്കും വേഗമെത്താൻ സൗകര്യം. ഫ്ലൈ ഓവറോടു കൂടിയ റോഡുകൾ, വിശാല പാർക്കിങ് മേഖല.

∙ 10 കിലോമീറ്റർ സൈക്കിൾ ട്രാക്ക്, 5 കിലോമീറ്റർ ജോഗിങ് ട്രാക്ക്, നടപ്പുവഴികൾ.

∙ ഓരോ ക്ലസ്റ്ററിലും വലിയ നീന്തൽക്കുളം, ജിം, കുട്ടികളുടെ കളിക്കളം.

∙ കോവിഡ് പരിശോധനാ കേന്ദ്രം, ക്ലിനിക്, സലൂണുകൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസി. 42 ഭക്ഷണശാലകൾ.

∙ തിങ്ങിനിറഞ്ഞ് കെട്ടിടങ്ങളില്ലാത്ത വിശാല ഹരിതമേഖല.

ഭാവിയിലേക്ക് സ്മാർട് ശൃംഖല

സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കി എല്ലാ കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന സ്മാർട് ശൃംഖല. മെട്രോ വിപുലീകരണ പദ്ധതി പരിഗണനയിൽ.

∙ ബഹിരാകാശ മേഖലയിലെയടക്കം സകലപദ്ധതികളുടെയും രാജ്യാന്തര ആസ്ഥാനം. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരങ്ങൾ.

∙ നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ.

∙ ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനമാകും. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുൾപ്പെടുന്ന തന്ത്രപ്രധാന കേന്ദ്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS