ADVERTISEMENT

ഷാർജ ∙ എക്സ്പോ സെന്ററിൽ നടക്കുന്ന റമസാൻ നൈറ്റ്‌സ് മേളയിലേയ്ക്ക് സന്ദര്‍ശകപ്രവാഹം. മികച്ച ഷോപ്പിങ് നടത്താനും വിനോദങ്ങളിൽ പങ്കാളികളാകാനും ആയിരക്കണക്കിന് പേരാണ് നിത്യേന എത്തുന്നത്. സന്ദർശകർക്ക് റമസാൻ സായാഹ്നങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്. പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് 75% വരെ വിലക്കുറവ് ഏർപ്പെടുത്തിയിരിക്കുന്നു. 

 

ramadan-Nights-20222

സാംസ്കാരിക, പൈതൃക, മത, ആരോഗ്യ അവബോധം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാം. ഇഫ്താർ കോർണറിലെ രുചികരമായ പ്രാദേശിക, അറബ്, രാജ്യാന്തര വിഭവങ്ങൾ നുകരുന്നതോടൊപ്പം പാചക പരിപാടികളിൽ പങ്കുചേരാം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനും സംവിധാനം ഉണ്ട്. കുട്ടികൾക്ക് ഗെയിമിങ് കേന്ദ്രമാണ് മറ്റൊരു പ്രധാന വേദി.

 

ramadan-Nights-2022

വൈവിധ്യമാർന്ന പൈതൃക പരിപാടികളോടെ ഹെറിറ്റേജ് വില്ലേജിന്റെ പ്രവർത്തനങ്ങളും തുടരുന്നു. ഇവിടെ നാടൻ കലാപരിപാടികളും സാംസ്കാരിക മത്സരങ്ങളും നിത്യേന അരങ്ങേറുന്നു. പരമ്പരാഗത ഭക്ഷണം, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും നാട്ടുവൈദ്യം, പുരാതന നാണയങ്ങൾ, മത്സ്യബന്ധനം എന്നിവയെക്കുറിച്ച് അറിയാൻ മൊബൈൽ മ്യൂസിയം എന്നീ വേദികളുമുണ്ട്.

 

ഈ മേഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് എക്‌സിബിഷനുകളിൽ ഒന്നാണ് ഷാർജ റമസാൻ ഫെസ്റ്റിവൽ എന്ന് അധികൃതർ പറഞ്ഞു. 200-ലേറെ പ്രമുഖ റീട്ടെയിലർമാരും 25-ലേറെ റീട്ടെയിലർമാരും തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. വിവിധ റാഫിൾ നറുക്കെടുപ്പുകളിൽ സുസുക്കി ജിംനിയും മറ്റ് വിലപ്പെട്ട സമ്മാനങ്ങളും സ്വന്തമാക്കാം. കുറഞ്ഞത് 200 ദിർഹം ചെലവഴിച്ചാൽ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ലഭിക്കും. കൂടാതെ, ഹെറിറ്റേജ് വില്ലേജിലെ വിവിധ മത്സരങ്ങളിലൂടെ വൗച്ചറുകളും സമ്മാനങ്ങളും നേടാം. 

 

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സി‌സി‌ഐ) ഷാർജയുടെ പിന്തുണയോടെ എക്സ്പോ സെന്റർ ഷാർജയാണ് പ്രദർശനം സംഘടിപ്പിച്ചത്. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയാണ് ഉറക്കമില്ലാത്ത ഈ റമസാൻ രാത്രിയാഘോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com