ADVERTISEMENT

മസ്‌കത്ത് ∙ റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് സംഭാഷണത്തിലൂടെ നയതന്ത്ര, രാഷ്ട്രീയ പരിഹാരം കാണണമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി അദ്ദേഹം അല്‍ ബറക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. 

 

Sultan-Haitham-Bin-Tarik-and-Sergey-Lavrov2

രാജ്യാന്തര നിയമങ്ങള്‍ പാലിക്കുകയും രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയും മാനുഷിക വശങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യണമെന്നും രാജ്യങ്ങളുടെയും ജനങ്ങളുടെയും സഹവര്‍ത്തിത്വവും സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ആശംസകള്‍ സുല്‍ത്താന് റഷ്യന്‍ വിദേശകാര്യമന്ത്രി കൈമാറി.

 

Sultan-Haitham-Bin-Tarik-and-Sergey-Lavrov3

തുടര്‍ന്ന്, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. ഇരു രാഷ്ട്രങ്ങളിലെയും പൗരന്‍മാര്‍ക്ക് വീസകള്‍ പരസ്പരം ഒഴിവാക്കുന്നതിനും റഷ്യന്‍ മ്യൂസിയവും ഒമാന്‍ നാഷനല്‍ മ്യൂസിയവും തമ്മിലുള്ള സഹകരണ കരാറുകളും ഉള്‍പ്പെടെ ഉഭയകക്ഷി കരാറുകള്‍ വിപുലീകരിക്കാനും ധാരണിയിലെത്തിയതായി സെര്‍ജി ലാവ്റോവ് പറഞ്ഞു. 

 

സിറിയന്‍ വിഷയത്തില്‍ ഒമാന്റെ ഇടപെടലുകള്‍ അഭിനന്ദനീയമാണ്. സിറിയ അറബ് ലീഗിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഇതിന് ഫപ്രദമായി സംഭാവന നല്‍കാന്‍ ഒമാന് കഴിയുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്നത്തിന് സമഗ്രമായ പരിഹാരത്തില്‍ എത്തിച്ചേരുന്നതിന് ചര്‍ച്ചകള്‍ സജീവമാക്കേണ്ടതുണ്ടെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു. 

 

അതേസമയം, യുക്രെയ്നിലെ സ്ഥിതിഗതികള്‍ വളരെ താത്പര്യത്തോടെ പിന്തുടുരുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ സംയമനം പാലിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നതായും മന്ത്രി പറഞ്ഞു. 

 

ഇറാനിലെ ആണവ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ വിജയിപ്പിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളെയും ഒമാന്‍ പിന്തുണക്കും. ചര്‍ച്ചകള്‍ തടസ്സപ്പെടുത്തിയതിന് ഞങ്ങള്‍ ഒരു കക്ഷികളെയും കുറ്റപ്പെടുത്തുന്നില്ലെന്നും സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com