ADVERTISEMENT

ദോഹ∙ സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ 170 ലോക മുന്‍നിര അത്‌ലറ്റുകള്‍ പങ്കെടുക്കും.

വൈകിട്ട് ദോഹ സമയം 5.00ന് ആണു മത്സരങ്ങള്‍. ഹൈജംപില്‍ ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ഖത്തറിന്റെ മുതാസ് ഇസ ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മര്‍കോ ടിംബേരിയും വീണ്ടും ഖത്തറിന്റെ മണ്ണില്‍ ഒരുമിക്കുന്നുവെന്നതാണ് ഇത്തവണത്തെ ദോഹ ഡയമണ്ട് ലീഗിന്റെ പ്രത്യേകത. 

7 വിഖ്യാത ഒളിംപിക് ചാംപ്യന്മാരും ലോക ചാംപ്യന്മാരും ഉള്‍പ്പെടെ 170 അത്‌ല്റ്റുകളാണ് ഇന്നു ദോഹ ഡയമണ്ട് ലീഗില്‍ മാറ്റുരയ്ക്കുന്നത്. 2022 അത്‌ലറ്റിക്‌സ് ഡയമണ്ട് ലീഗിന്റെ ആദ്യ റൗണ്ട് മത്സരത്തിനാണു ദോഹ വേദിയാകുന്നത്. ഇന്ന് ആരംഭിക്കുന്ന ലീഗില്‍ 13 റൗണ്ടുകളിലായാണു മത്സരങ്ങള്‍. ദോഹയില്‍ തുടങ്ങുന്ന മത്സരങ്ങളുടെ ഫൈനലിനു സൂറിച്ച് ആണു വേദിയാകുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 200 മീറ്റര്‍, വനിതകളുടെ 400 മീറ്റര്‍, പുരുഷന്മാരുടെ 800 മീറ്റര്‍, 1500 മീറ്റര്‍, വനിതകളുടെ 3000 മീറ്റര്‍, പുരുഷന്മാരുടെ ഹൈജംപ്, പോള്‍ വാള്‍ട്ട്, ജാവലിന്‍ മത്സരങ്ങളാണു ദോഹയില്‍ നടക്കുന്നത്. 

മെഡല്‍ പങ്കിടല്‍ ഇനി ഉണ്ടാകില്ലെന്നു ബര്‍ഷിമും ടിംബേരിയും

ടോക്കിയോയില്‍ സംഭവിച്ചതു പോലെ മെഡല്‍ പങ്കിടല്‍ ഇനി ഉണ്ടാകില്ലെന്നു ബര്‍ഷിമും ടിംബേരിയും ഇന്നലെ ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കാര്യങ്ങളിലേക്ക് ഇനി മടങ്ങില്ലെന്നും ചെയ്ത കാര്യങ്ങളില്‍ മാറ്റമില്ലെന്നും ടിംബേരി വ്യക്തമാക്കി. ഇരുവരും നല്ല സഹോദരന്മാരും സുഹൃത്തുക്കളും തന്നെയായി തുടരും. ടോക്കിയോയില്‍ സ്വര്‍ണമെഡലിന് ഇരുവരും അര്‍ഹരായതിനാല്‍ മെഡല്‍ പങ്കിട്ടു. വീണ്ടും സ്വര്‍ണ മെഡല്‍ പങ്കിടുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരമെന്നും 2021 ഡയമണ്ട് ലീഗ് ജേതാവ് കൂടിയായ ടിംബേരി പറഞ്ഞു. ടോക്കിയോയില്‍ ബര്‍ഷിമും ടിംബേരിയും 2.37 മീറ്റര്‍ ഉയരം ചാടി കടന്നാണു സ്വര്‍ണ മെഡല്‍ പങ്കിട്ടത്. 

ദോഹ ഡയമണ്ട് ലീഗില്‍ പുതിയ ഉയരം കുറിക്കാനുളള തയാറെടുപ്പിലാണ് ഇരുവരും. ഈ വര്‍ഷം ജൂലൈയില്‍ യൂജിനില്‍ നടക്കുന്ന  ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വേള്‍ഡ് ടൈറ്റിലില്‍ ആദ്യ ഹാട്രിക് ആണു ബര്‍ഷിം ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com