ADVERTISEMENT

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ്  ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെ ഇന്ത്യൻ വ്യവസായികൾ അനുശോചിച്ചു. സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാർഥ നേതാവായിരുന്നു അദ്ദേഹമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.

ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആ സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സഹിഷ്‌ണുതയുള്ളതും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുത്ത യഥാർഥ മനുഷ്യസ്‌നേഹിയും ദീർഘദർശിയുമാണ് ഷെയ്ഖ് ഖലീഫ.  

 

dr-shamsheer-vayalil

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ എല്ലാ ഭരണാധികാരികളെയും രാജകുടുംബാംഗങ്ങളെയും യുഎഇ പൗരന്മാരെയും അനുശോചനമറിയിക്കുന്നതോടൊപ്പം ഷെയ്ഖ് ഖലീഫയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

dr-azad-moopan

 

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ  ഡോ. ഷംഷീർ വയലിൽ പറഞ്ഞു. രാഷ്ട്രനിർമാണത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും മാന്യനായ നേതാവുമായി അദ്ദേഹം എന്നും ഓർമിക്കപ്പെടും. തന്റെ ജീവിതകാലം മുഴുവൻ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകൾ നൽകിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നതായും ഡോ. ഷംഷീർ വയലിൽ പറഞ്ഞു

 

ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയ‍ർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ദുഃഖം രേഖപ്പെടുത്തി. മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി യുഎഇയെ നയിച്ച ദീര്‍ഘവീക്ഷണമുള്ള നേതൃത്വമായിരുന്നു ഷെയ്ഖ് ഖലീഫയെന്ന് അദ്ദേഹം പറഞ്ഞു.  ഒരു ജനകീയനായ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഐതിഹാസികമാണ്. ഇവിടെ താമസിക്കുന്ന വ്യത്യസ്ത രാജ്യങ്ങളിൽ‍ നിന്നുള്ള പൗരന്മാര്‍ക്കിടയിൽ‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ‍ നിശബ്ദമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ‍ ഏറെ ഫലപ്രദമായിരുന്നുവെന്നും ഡോ.‍ ആസാദ് മൂപ്പൻ പറഞ്ഞു.

 

 

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്റ് അഡ്വ.വൈ.എ.റഹീം, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, ജനതാ കൾചറൽ സെന്റർ യുഎഇ കമ്മിറ്റി പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ, ജനറല്‍ സെക്രട്ടറി ടെന്നിസൺ ചേന്നപിള്ളി തുടങ്ങിയവരും അനുശോചനം അറിയിച്ചു. സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് പ്രത്യേക പ്രാർഥനയും അനുശോചന ചടങ്ങും നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com