ADVERTISEMENT

അബുദാബി ∙ പ്രിയ ഭരണാധികാരിയുടെ കീഴിൽ അഞ്ചു പതിറ്റാണ്ടിലേറെ രാജകൊട്ടാരത്തിൽ ജോലി, വിഐപികൾ താമസിക്കുന്നിടത്ത് സ്വന്തമായി വില്ല, യുഎഇ പൗരത്വം... വെള്ളിയാഴ്ച അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒരു സാധാരണ മലയാളിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനങ്ങളാണിത്. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ കെ. ബി. മുഹമ്മദ് കാളിയത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയത് നികത്താനാകാത്ത നഷ്ടം. എഴുത്തുകാരനും മുഹമ്മദ് കാളിയത്തിന്റെ ബന്ധുവുമായ ജഹാംഗീർ ഇളയേടത്ത് ആ ഇഴയടുപ്പത്തെക്കുറിച്ച് പറയുന്നു:

മുഹമ്മദ് കാളിയത്തിന് ഇന്നും വ്യക്തമായി ഓർമയിലുണ്ട് ആ ദിനം, തന്റെ രക്ഷാധികാരി, ഐക്യ എമിറേറ്റ്സിന്റെ എക്കാലത്തെയും പ്രിയ നേതാവ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കീഴിൽ ജോലി ആരംഭിച്ച ആ സുദിനം: ‘1971 ജൂലായ്‌ 1’. ഒരു സാമ്പത്തിക ശക്തിയായി ലോകത്തിന്റെ നെറുകയിലേക്കുയർന്നുകഴിഞ്ഞ ഇന്നത്തെ യുഎഇ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിനും മുൻപുള്ളൊരു കാലം. അന്നായിരുന്നു അദ്ദേഹം ഷെയ്ഖ് ഖലീഫയെ ആദ്യമായി നേരിൽ കാണുന്നത്. യുഎഇ രൂപീകരണ ശേഷം ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ സായുധസേനയുടെ തലവനായി. പിന്നീട് കീരീടാവകാശിയും. രാഷ്ട്രപിതാവും ഏറെക്കാലം രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന പ്രിയ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മരണശേഷം ഒരു നിയോഗം പോലെ അദ്ദേഹം രാജ്യത്തിന്റെ തലവനായി. ഇന്നോർക്കുമ്പോൾ മുഹമ്മദിന് എല്ലാമൊരു സ്വപ്നം പോലെ.

Muhammad-kalliyath-old1
കെ. ബി. മുഹമ്മദ് കാളിയത്ത് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന കാലത്തെ പഴയ ചിത്രം.

കേരളത്തിലെ ഗ്രാമങ്ങളിലൊന്നിൽ നിന്നൊരു സാധാരണക്കാരൻ സമ്പന്നമായ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ സാഹചാരിയാവുക ഏവരിലും വിസ്മയം ചൊരിഞ്ഞു. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ കാളിയത്ത് ബീവാത്തുട്ടിയുടെയും ബാപ്പുട്ടിഹാജിയുടെയും അഞ്ചു മക്കളിൽ മൂത്തവനായാണ് മുഹമ്മദിന്റെ ജനനം. അദ്ദേഹത്തിന്റെ ബാല്യം അക്കാലത്തെ ഏതൊരു മധ്യവർഗ കുടുംബങ്ങളിലെയും അവസ്ഥകളിലൂടെ കടന്നു പോയി. പഠനം പ്രീഡിഗ്രിക്കപ്പുറം നീണ്ടുപോകാതെ വഴി മുടക്കിയത് മാതാപിതാക്കളുടെ ഗൾഫ് ആഗ്രഹങ്ങളിൽ തട്ടിയാണ്. തുടർ പഠനം സ്വപ്നം കണ്ടിരുന്ന തന്നെപ്പോലൊരു കൗമാരക്കാരന് മുന്നിൽ അന്ന് മറ്റുവഴികൾ പക്ഷേ, ദുർഘടം പിടിച്ചതായിരുന്നു.

1971; സംഭവബഹുലമായ വർഷം

1971 ഏപ്രിലിലാണ് മുഹമ്മദ്‌ അന്നത്തെ ബോംബെയിൽ നിന്ന് കപ്പൽ മാർഗം യുഎഇയിലെത്തുന്നത്. ജോലി അന്വേഷിച്ച് ഏറെ അലഞ്ഞ് ഒടുവിൽ അബുദാബിയിലെത്തിയ അദ്ദേഹം പിന്നീട് ദുബായ്– അബുദാബി റോഡ് നിർമാണം നടത്തിയിരുന്നൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഏറെ കഷ്ടപ്പാട് നിറഞ്ഞ ആ കാലത്തിനിടയിൽ അബുദാബി കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഒരു ബന്ധുവഴിയാണ് 1971 ജൂലായിൽ തന്റെ 23–ാം വയസ്സിൽ ഷെയ്ഖ് ഖലീഫയുടെ കൊട്ടാരത്തിലെത്തുന്നത്.  ദയാലുവും മഹാമനസ്‌കനുമായ ഷെയ്ഖ് ഖലീഫയുടെ തണൽപ്പറ്റി മുഹമ്മദ്‌ തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങി. 1977ൽ മുഹമ്മദ് വിവാഹിതനായി. ഇദ്ദേഹത്തിന്റെ കുടുംബം 1988ലാണ് യുഎഇയിൽ ഒപ്പം ചേരുന്നത്. 

ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോള്‍

ലോകത്തോളം വളർന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാൻ സർവശക്തൻ തുണച്ചതും അമേരിക്ക, കാനഡ, യുകെ, അൾജീരിയ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാക്കിസ്ഥാൻ, കസഖ്സ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ജിസിസി രാജ്യങ്ങൾ, മധ്യപൂർവദേശത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഉൾപ്പടെ ഒ‌‌‌ട്ടേറെ രാജ്യങ്ങളിൽ പല തവണ അദ്ദേഹത്തെ അനുഗമിക്കാൻ കഴിഞ്ഞതും ഒട്ടേറെ രാജ്യങ്ങളുടെ ഭരണാധികാരികളെ നേരിട്ട് കാണാൻ കഴിഞ്ഞതും ജീവിതത്തിലെ സൗഭാഗ്യങ്ങളായി കണക്കാക്കുന്നു. അവർക്കായുള്ള സൽക്കാരച്ചടങ്ങുകളിലെ റെഡ് ടേബിളുകൾ ഒരുക്കിയതും ഇപ്പോഴോർക്കുമ്പോൾ മുഹമ്മദിന് ആശ്ചര്യമാണ്. 1979ലാണ് ഷെയ്ഖ് ഖലീഫയോടൊത്ത് ജിസിസിക്കും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും പുറത്തേയ്ക്കുള്ള മുഹമ്മദിന്റെ യാത്രകൾ ആരംഭിക്കുന്നത്. ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായുള്ള ലണ്ടൻ യാത്രയായിരുന്നു അവയിൽ ആദ്യത്തേത്.

Muhammad-kalliyath-old2
കെ. ബി. മുഹമ്മദ് കാളിയത്ത് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന കാലത്തെ പഴയ ചിത്രങ്ങൾ.

ഫ്രാൻസ് യാത്രക്കിടെ മാതാവ് വിടപറഞ്ഞു

ഷെയ്ഖുമൊന്നിച്ചുള്ള 2002ലെ ഫ്രാൻസ് യാത്രക്കിടയിലാണ് മുഹമ്മദിന്റെ മാതാവിന്റെ വിയോഗം. നാട്ടിലേയ്ക്ക് പോകാൻ പറ്റാത്ത സാഹചര്യം. എന്നും തന്റെ മാതാവിന്റെ ക്ഷേമാന്വേഷണങ്ങൾ നടത്താറുള്ള ഷെയ്ഖും ഏറെ വിഷമിച്ചതായി മുഹമ്മദ്‌ ഓർക്കുന്നു. ഒരു രക്ഷിതാവായി അന്ന് തന്നെ സാന്ത്വനിപ്പിച്ച ഷെയ്ഖ് ഖലീഫ എന്ന മനുഷ്യസ്നേഹിയെക്കുറിച്ചോർക്കുമ്പോൾ മുഹമ്മദിന്റെ കണ്ഠമിടറുന്നു. വാക്കുകൾ മുറിയുന്നു. തെറ്റുകൾക്ക് മാപ്പുകൊടുത്ത് കൂടെ നിർത്തുന്ന ഷെയ്ഖിന്റെ പ്രകൃതം പലരും പലപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളതാണെങ്കിലും രാജ്യത്തലവനായിട്ടും കൂടെയുള്ളവരിലാരേയും ഒരു സാഹചര്യത്തിലും അദ്ദേഹം കൈവിട്ടില്ല എന്നതൊരു മാതൃകയായിക്കാണണമെന്നായിരുന്നു അക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ മുഹമ്മദിന്റെ അഭിപ്രായം.

രസികൻ തമാശ; പൊട്ടിച്ചിരിക്കുന്ന ഷെയ്ഖ് ഖലീഫ

സൗഹൃദ നിമിഷങ്ങളിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളുണ്ടായിട്ടുള്ളതും രസികൻ തമാശകൾ പൊട്ടിച്ച് ചിരിപ്പിക്കുന്ന സഹൃദയനായ ഷെയ്ഖ് ഖലീഫയെക്കുറിച്ചും മുഹമ്മദ്‌ ഓർത്തെടുക്കുന്നു. മകന് ഇഷ്ട വിഭവങ്ങൾ എത്തിച്ചിരുന്ന പ്രിയമാതാവ് ഷെയ്ഖ ഹസ്സയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വാക്കുകൾക്കതീതമായിരുന്നെന്നും മാതാവിൽ നിന്ന് കിട്ടിയ സ്നേഹം പതിന്മടങ്ങായി തിരിച്ച് കൊടുത്തിരുന്ന പ്രിയ പുത്രനായിരുന്നു അദ്ദേഹമെന്നും മുഹമ്മദ് പറഞ്ഞു. തന്റെ സഹചാരികളായ മുഹമ്മദ് ഉൾപ്പടെയുള്ളവരോടും അദ്ദേഹത്തിന്റെ ഇടപെടലുകളും സ്നേഹവും മറിച്ചായിരുന്നില്ല. കാരുണ്യത്തിന്റെ നിറകുടമായിരുന്ന ആ വ്യക്തിത്വത്തെക്കുറിച്ച് വാചാലനാവുമ്പോഴും മുഹമ്മദിന്റെ വാക്കുകൾ പലപ്പോഴും ഗദ്ഗദത്താൽ തൊണ്ടയിൽ കുടുങ്ങി.

Muhammad-kalliyath-new
കെ. ബി. മുഹമ്മദ് കാളിയത്ത്.

യുഎഇ പൗരത്വം എന്ന മഹാഭാഗ്യം

ഒരിക്കൽ വീസ പുതുക്കുന്നതിന് പ്രായം തടസ്സമാവും എന്ന ഘട്ടത്തിൽ ഷെയ്ഖിനോട് നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് മുഹമ്മദ്‌ സൂചിപ്പിച്ചു. യുഎഇ പൗരത്വം നൽകിയാണ് അദ്ദേഹം തന്റെ സ്നേഹം പ്രകടിപ്പിച്ചതും കൂടെ നിർത്തിയതും. അങ്ങിനെ 2009ൽ മുഹമ്മദിനും കുടുംബത്തിനും യുഎഇ പൗരത്വം ലഭിച്ചു. 2013ൽ ഷെയ്ഖ് ഖലീഫ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൂട്ടത്തിൽ സീനിയറായ മുഹമ്മദ്‌ ഉൾപ്പടെയുള്ള തന്റെ ഏതാനും അനുചരർക്ക് വിഐപികൾ താമസിക്കുന്ന ബത്തീൻ വിമാനത്താവള പരിസരത്തുതന്നെ സൗജന്യമായി വീട് വച്ച് നൽകി. മുഹമ്മദ്– ഇളയേടത്ത് നൂർജഹാൻ ദമ്പതികള്‍ക്ക് ഒരു മകനുൾപ്പടെ നാല് മക്കളാണുള്ളത്. മക്കളും കുടുംബങ്ങളും അബുദാബിയിൽ തന്നെയാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ ഹുമയൂൺ കബീറും ഒട്ടേറെ വർഷം ഷെയ്ഖ് ഖലീഫയെ സേവിച്ചിരുന്നവരിൽപ്പെടുന്നു. മക്കളെല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയർന്ന നിലകളിൽ ജോലി ചെയ്യുന്നവരുമാണ്.

Muhammad-kalliyath
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പഴ്സനൽ അസിസ്റ്റന്റുമാർക്കൊപ്പം കെ. ബി. മുഹമ്മദ് കാളിയത്ത്.

ദുഃഖമടക്കാനാകാതെ മുഹമ്മദും കുടുംബവും

തന്റെയും കുടുംബത്തിന്റെയും എല്ലാ സൗഭാഗ്യങ്ങൾക്കും കാരണ ഭൂതനായ തന്റെ രക്ഷാധികാരിയുടെ വിയോഗത്തിൽ ഏറെ വിഷമത്തിലാണ് മുഹമ്മദും കുടുംബവും. ആയുസ്സിന്റെ ഏറിയ പങ്കും ചിലവഴിച്ചത് ഈ മഹാനായ ഭരണാധികാരിയുടെ കൂടെയായിരുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ അഭിമാനവും വിനയവും നിറയുന്നു. മറ്റാരേക്കാളും താൻ സ്നേഹിച്ചിരുന്നത് ഈ വലിയ മനുഷ്യനെ ആയിരുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നു.

Muhammad-kalliyath-old3
കെ. ബി. മുഹമ്മദ് കാളിയത്ത് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന കാലത്തെ പഴയ ചിത്രം.

കേരളത്തിലേക്ക് ഈന്തപ്പഴവും മുത്തും പവിഴവും പായ്‌വഞ്ചികളിൽ കൊണ്ടുപോയി, അവിടെനിന്ന് കറുത്തപൊന്നായ കുരുമുളകുൾപ്പെടെയുള്ള സുഗന്ധവ്യഞ്ങ്ങൾ പകരം കൊണ്ടുവന്ന്, ഉപജീവനം നടത്തിയിരുന്ന ഒരു സമൂഹത്തിന്റെ ഇന്നത്തെ ഉന്നമനത്തിനു കാരണഭൂതരായ ധിഷണാശാലികളായ ഭരണാധികാരികളിൽ മുൻപന്തിയിലാകും ഷെയ്ഖ് ഖലീഫയുടെ സ്ഥാനം. ചരിത്രനിയോഗമെന്നോണം കേരളതീരത്തുനിന്ന് അന്നം തേടി മരുഭൂമിയിലെത്തിയ ഒരു തലമുറയിലെ കണ്ണിയായ മുഹമ്മദ്‌ കാളിയത്ത് ഈ വസ്തുതകൾ പറയുമ്പോൾ കാലവും സാക്ഷിയാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com