ADVERTISEMENT

ദോഹ∙നവംബറിൽ ആരംഭിക്കുന്ന ഫുട്ബോൾ  ലോകകപ്പിൽ പഴുതുകൾ അടച്ചുള്ള സുരക്ഷ ഉറപ്പാക്കാൻ ഒരുങ്ങി ഖത്തർ. രാജ്യത്തെത്തുന്നത് മുതൽ തിരികെ മടങ്ങുന്നതു വരെ കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കുമെല്ലാം രാജ്യാന്തര നിലവാരത്തിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർണമാണെന്ന് ദോഹയിൽ ആരംഭിച്ച ഫിഫ ലോകകപ്പ് ഖത്തർ 2022 സെക്യൂരിറ്റി ലാസ്റ്റ്-മൈൽ കോൺഫറൻസിൽ പങ്കെടുക്കവേ ലോകകപ്പ് സുരക്ഷാ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി പ്രവർത്തന കമ്മിറ്റി മേധാവി ബ്രിഗേഡിയർ ജനറൽ അൽ മുഹന്നദി വെളിപ്പെടുത്തി.

 

സുരക്ഷിതവും അനിതര സാധാരണവുമായ ലോകകപ്പിനുള്ള സുരക്ഷാ കമ്മിറ്റിയുടെ പൂർണ സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇന്റർകോണ്ടിനെന്റൽ ദോഹ ഹോട്ടലിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ലോകകപ്പിന് സുരക്ഷ ഒരുക്കാൻ പൂർണ തയാറെടുപ്പുകളോടെ രാജ്യം സന്നദ്ധമായി കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുന്നതാണ് സമ്മേളനം. ഇന്റർപോൾ, യൂറോപോൾ തുടങ്ങിയ രാജ്യാന്തര കുറ്റാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ പങ്കാളിത്തത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഫിഫ, ഐക്യരാഷ്ട്രസഭ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

 

ലോകകപ്പിന്റെ രൂപരേഖ, രാജ്യത്തുടനീളമായുള്ള സുരക്ഷാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, ടീമുകളുടെ താമസ, പരിശീലന, യാത്രാ കാര്യങ്ങൾ തുടങ്ങി ലോകകപ്പിന്റെ സുരക്ഷ സംബന്ധിച്ച സുപ്രധാന കാര്യങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 2 ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും.

 

സുരക്ഷാ സഹകരണം ഉറപ്പാക്കാൻ ഐപിസിസി

 

ദോഹ∙ലോകകപ്പിന് സുരക്ഷ ഉറപ്പാക്കാൻ ദോഹയിൽ ഇന്റർനാഷനൽ പൊലീസ് കോ-ഓപറേഷൻ സെന്റർ (ഐപിസിസി) രൂപീകരിച്ചു. ലോകകപ്പിലേക്ക് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ളതാണ് ഐപിസിസി. സുരക്ഷാ സഹകരണവും വിവര കൈമാറ്റവുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധരായ ഉദ്യോഗസ്ഥരും നൂതന സാങ്കേതിക വിദ്യകളും സുരക്ഷാ സൗകര്യങ്ങളുമാണ് കേന്ദ്രത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com