ADVERTISEMENT

അബുദാബി ∙ ഇന്നലെ അബുദാബി ഖാലിദിയ ഏരിയയിലെ മലയാളികളുടെ റസ്റ്ററന്റില്‍ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റവര്‍ക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നൽകി വരികയാണെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേരാണ് ഇന്നലെ ഉച്ചയോടെയുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. 120 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 56 പേർക്ക് സാരമായ പരുക്കും 64 പേർക്ക് നിസാര പരുക്കുമാണ് ഏറ്റത്. അതേസമയം, മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും കൂടതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണശാല

കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ ഫൂഡ് കെയർ റസ്റ്ററന്റിൽ, കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. റസ്റ്ററന്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കും പരുക്കേറ്റു. ഇവരെ അബുദാബിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ആവശ്യമുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച അധികൃതർ  എംബസിയുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ പൂർത്തിയാക്കി വരുന്നു.  

abu-dhabi-restaurant-explosion-site

അഞ്ചു നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. ഒട്ടേറെ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശത്തായിരുന്നു അപകടം. ഇന്ത്യക്കാരാണ്  ഇവിടെ കൂടുതലും താമസിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു ഫൂഡ് കെയർ റസ്റ്ററന്റ്.

abu-dhabi-restaurant-explosion-site-2

പൊലീസ്, സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം തുണയായി

സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കാരണമായി.

സ്‌ഫോടനങ്ങളിൽ ആറ് കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. തകർന്ന കെട്ടിടങ്ങളിൽ നാലെണ്ണം സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടങ്ങൾ പൂർണമായും സുരക്ഷിതമാക്കുന്നത് വരെ താമസക്കാർക്ക് താത്കാലിക പാർപ്പിടം അനുവദിക്കുകയും ചെയ്തു.  സ്ഫോടനം നടന്നപ്പോൾ ആദ്യം എന്താണെന്ന് മനസ്സിലാകാതെ തൊട്ടടുത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരായി. ഉച്ചയ്ക്ക് 12.45നായിരുന്നു ആദ്യ പൊട്ടിത്തെറി ഉണ്ടായത്. 20 മിനിറ്റിനകം രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com