ADVERTISEMENT

ദോഹ∙ ലോകകപ്പ് ഫുട്ബോൾ കാണാൻ ടിക്കറ്റ് എടുത്തവർക്കു ഹയ ഡിജിറ്റൽ കാർഡ് (ഫാൻ ഐഡി) ലഭ്യമാക്കി അധികൃതർ. രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്. 

വിദേശ കാണികൾക്കൊപ്പം ഖത്തറിലെ സ്വദേശി, പ്രവാസി താമസക്കാർക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം ഹയ കാർഡും നിർബന്ധമാണ്. കാർഡ് ഉടമകൾക്കു ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.വിദേശ കാണികൾക്കു ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയ കാർഡ്. ടിക്കറ്റെടുത്ത ശേഷം കാർഡിന് അപ്രൂവൽ ലഭിച്ചാലുടൻ ഹയ മൊബൈൽ ആപ്പിൽ ഡിജിറ്റൽ കാർഡ് ലഭ്യമാകും. 

ഹയ കാർഡിന്റെ പ്രിന്റ് വേണമെന്നുള്ളവർക്കു ഖത്തറിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ നിന്നു കാർഡ് നേരിട്ടു വാങ്ങാം. അതേസമയം കാണികളുടെ കൈവശം ഡിജിറ്റൽ ഹയ കാർഡ് മതിയെന്നു സുപ്രീം കമ്മിറ്റി ഹയ കാർഡ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ടിക്കറ്റ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റായി ഹയ മാച്ച് ഡേ പാസും ലഭിക്കും. ടിക്കറ്റ് ഉടമ രാജ്യത്തെത്തുന്ന തീയതി മുതൽ 48 മണിക്കൂർ വരെ മാത്രമാണു പാസിന്റെ കാലാവധി. മാച്ച് ഡേ പാസിനായി നിയമസാധുതയുള്ള മത്സര ടിക്കറ്റും പാസ്‌പോർട്ടും നിർബന്ധമാണ്. ടിക്കറ്റ് എടുത്ത് താമസം ബുക്ക് ചെയ്ത ശേഷം വേണം ഹയ കാർഡിന് അപേക്ഷിക്കാൻ.

ഹയ കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://hayya.qatar2022.qa/

കാണികൾ താമസിക്കുന്ന വിലാസവും റജിസ്റ്റർ ചെയ്യണം

ദോഹ∙ ഖത്തറിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിച്ചു ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവർ ഹയ കാർഡിന് അപേക്ഷിക്കുമ്പോൾ താമസിക്കുന്ന വിലാസവും കൃത്യമായി റജിസ്റ്റർ ചെയ്തിരിക്കണമെന്ന് അധികൃതർ. 

ടിക്കറ്റ് ഉടമകൾക്ക് മാത്രമല്ല ആതിഥേയർക്കു നേരിട്ടും എത്ര പേരാണ് താമസിക്കാൻ എത്തുന്നതെന്നു റജിസ്റ്റർ ചെയ്യാം. ഒരു വ്യക്തിക്കു പരമാവധി 10 പേരെ വരെ താമസിപ്പിക്കാം. ഹയ കാർഡിന് അപേക്ഷിക്കുമ്പോൾ എവിടെയാണോ താമസിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ വിലാസം സംബന്ധിച്ച വിവരങ്ങൾ കൂടി രേഖപ്പെടുത്തണമെന്ന് സുപ്രീം കമ്മിറ്റി അക്കോമഡേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ വ്യക്തമാക്കി.

വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവയ്ക്ക് പുറമേ അവധിക്കാല വസതികൾ, ഫാൻ വില്ലേജുകൾ, ഫ്ലോട്ടിങ് ഹോട്ടലുകൾ, കപ്പലുകൾ എന്നിങ്ങനെ വ്യത്യസ്ത തരം താമസ സൗകര്യങ്ങളാണു കാണികൾക്കായി ഒരുക്കുന്നത്. ഫ്ലോട്ടിങ് ഹോട്ടലിൽ ദോഹ തുറമുഖത്ത് 2 ആഡംബര കപ്പലുകളിലായുള്ള 4,000 മുറികളും ഉൾപ്പെടും. ഫാൻ വില്ലേജുകൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലാണു ക്രമീകരിച്ചിരിക്കുന്നത്.

ഹൗസ്‌ കീപ്പിങ്, റിസപ്ഷൻ, ലഗേജ് കൈകാര്യം ചെയ്യൽ തുടങ്ങി എല്ലാവിധ സേവനങ്ങളും അതിഥികൾക്ക് ലഭിക്കും.സുപ്രീം കമ്മിറ്റിയുടെ അക്കോമഡേഷൻ പോർട്ടലിൽ രാജ്യത്ത് ലഭ്യമാകുന്ന താമസ സൗകര്യങ്ങൾ എല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

പോർട്ടൽ സന്ദർശിച്ച് അനുയോജ്യമായ താമസ സൗകര്യം തിരഞ്ഞെടുക്കാം. അക്കോമഡേഷൻ ബുക്കിങ്ങിന് :

https://www.qatar2022.qa/book

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com