ADVERTISEMENT

അബുദാബി∙ കൈയും വീശി ഷോപ്പിങിന് പോകുന്ന പതിവ് രീതിക്ക് അബുദാബിക്കാർ ഗുഡ് ബൈ പറഞ്ഞു. ഇന്നലെ മുതൽ നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധന നിയമം പാലിച്ച്  സാധനം വാങ്ങാനുള്ള സഞ്ചിയുമായാണ് സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിലേക്ക് ജനങ്ങൾ എത്തിയത്. ഇനിയുള്ള ഷോപ്പിങ് യാത്രകളിൽ കൂടെയുണ്ടാകും ഈ സഞ്ചികൾ.

സഞ്ചി കരുതിയില്ലെങ്കിൽ കീശ ചോരും. ഓരോ ബാഗിനും 50 ഫിൽസ് (10.55 രൂപ) മുതൽ 7.50 ദിർഹം (158.22 രൂപ) വരെ നൽകി വാങ്ങേണ്ടിവരും. ‌ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ അബുദാബിയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന സൗജന്യ പ്ലാസ്റ്റിക് ബാഗ് നിർത്തലാക്കി. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ സഞ്ചികളിലാണ് സാധനങ്ങൾ നൽകുന്നത്. ഇതിനു പക്ഷേ പണം നൽകണം.

തുണി, ചണം, പേപ്പർ എന്നിവ കൊണ്ടുണ്ടാക്കിയ സഞ്ചികൾ ഇവിടെ ലഭ്യം. വീട്ടിൽനിന്ന് സഞ്ചി കൊണ്ടുവരുന്നവർക്ക് അതിൽ സാധനങ്ങൾ ഇട്ടുതരും. അല്ലാത്തവർ പൈസ കൊടുത്ത് സഞ്ചി വാങ്ങണം. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ സഞ്ചി ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്കിനെ അകറ്റണമെന്ന സന്ദേശത്തോട് അബുദാബി നിവാസികളും സഹകരിക്കുന്നുവെന്നാണ് ആദ്യദിനം തെളിയിച്ചത്. മലയാളികളടക്കം ഇന്നലെ ഷോപ്പിങിനെത്തിയവരെല്ലാം ഈ സദ്യുദ്യമത്തിൽ പങ്കാളികളായി.

നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിനമായ ഇന്നലെ അബുദാബി പരിസ്ഥിതി ഏജൻസി ഉദ്യോഗസ്ഥർ എമിറേറ്റിലെ പ്രമുഖ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ബദൽ സംവിധാനങ്ങളെക്കുറിച്ചും ആരാഞ്ഞു.

അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖാ സാലിം അൽ ദാഹിരി, അബുദാബി ബിസിനസ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനിഫ് അൽ മൻസൂരി, സാമ്പത്തിക വികസന വകുപ്പിന്റെ (ഡിഇഡി) നിരീക്ഷണ, പരിശോധനാ വിഭാഗം ഡയറക്ടർ അഹ്മദ് താരിഷ് അൽ ഖുബൈസി, അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓപ്പറേഷൻ അഫയേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മറിയം ഹാരിബ് അൽ സുവൈദി എന്നിവർ മുഷ്റിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെത്തി പരിശോധിച്ച് ഉറപ്പുവരുത്തി.

ലുലു ഗ്രൂപ്പ് നടപ്പാക്കിയ സംവിധാനം സിഇഒ സൈഫി രൂപവാല, റീട്ടെയിൽ ഡയറക്ടർ ഷാബു അബ്ദുൽമജീദ് എന്നിവർ വിശദീകരിച്ചു കൊടുത്തു. ബദൽസംവിധാനമായി ലഭ്യമാക്കിയ ഉയർന്ന നിലവാരത്തിലുള്ള ബാഗുകളും സംഘം പരിശോധിച്ചു. പരിസ്ഥിതിക്കു വിനാശകരമായ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല പറഞ്ഞു.

പരിസ്ഥിതി ഏജൻസി പുറത്തിറക്കിയ പ്ലാസ്റ്റിക് നയം നടപ്പിലാക്കുന്നതിൽ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ ക്യാംപെയിനിൽ ലുലു എല്ലായ്പോഴും പങ്കാളികളാണെന്നും പറഞ്ഞു. സംഘം കാർഫോർ, സ്പിന്നീസ് ഉൾപ്പെടെ മറ്റു പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും സന്ദർശനം നടത്തിയിരുന്നു. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന കപ്പ്, സ്പൂൺ, കത്തി, പ്ലേറ്റ് തുടങ്ങി 16 ഉൽപന്നങ്ങൾക്കും ഇന്നലെ മുതൽ നിരോധനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com