ADVERTISEMENT

അബുദാബി∙ യുഎഇയിൽ 8 പേർക്കു വാനര വസൂരി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തതോടെ സുരക്ഷാ നടപടികൾ ശക്തമാക്കി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. എന്നാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് മുക്തമാകുന്നതിനിടെ എത്തിയ വാനര വസൂരി ലോകത്ത് 30 രാജ്യങ്ങളിലായി 550 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 

മേയ് 24നാണ് യുഎഇയിൽ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് എത്തിയ 29 വയസ്സുകാരിക്കാണ് രോഗം പിടിപെട്ടത്. 29ന് 3 പേർക്കും ജൂൺ ഒന്നിന് 4 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചു. 

ആശങ്ക വേണ്ട, ജാഗ്രത വേണം

യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. 

പകർച്ചവ്യാധിയെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും പറഞ്ഞു. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആവശ്യപ്പെട്ടു. 

നിരീക്ഷണം ശക്തമാക്കും

രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗബാധിതരെ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും.  സമ്പർക്കം പുലർത്തിയവർ ഹോം ക്വാറന്റീൻ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം ശക്തമാക്കും. 

രോഗം സംശയിച്ചാൽ ഐസലേഷൻ

സംശയാസ്പദമായ കേസുകൾ വിവിധ എമിറേറ്റുകളിലെ സർക്കാർ ആശുപത്രികളിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും സർക്കാർ ഐസലേഷനിലേക്കു മാറ്റുകയും ചെയ്യണമെന്നാണ് നിർദേശം. അബുദാബി എമിറേറ്റിൽ അൽറഹ്ബ ഹോസ്പിറ്റൽ, അൽഐൻ  ഹോസ്പിറ്റൽ, ലിവ   ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഐസലേഷൻ സെന്ററിലേക്ക് രോഗികളെ മാറ്റും.

ഈ ലക്ഷണങ്ങളുണ്ടോ ?

പനി, ശരീരവേദന, വിറയൽ, കഠിന തലവേദന,  ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് രോഗലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം മുഖത്തുണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. സാധാരണ 2 മുതൽ 4 ആഴ്ചകൾകൊണ്ട് രോഗം മാറും. കുട്ടികൾ ഉൾപ്പെടെ 6% പേർക്ക് ഗുരുതരമായേക്കാം. ചികിത്സ ഉറപ്പാക്കണം.  

പകരുന്ന വഴികൾ 

വന്യമൃഗങ്ങളുമായോ രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന ഒരു വൈറസാണ് മങ്കിപോക്സ്. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം. രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. അമ്മയിലൂടെ ഗർഭസ്ഥ ശിശുവിനും പകരാം.

സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകണം. വന്യമൃഗങ്ങളുമായും രോഗബാധിതരുമായും സമ്പർക്കം ഒഴിവാക്കണം. മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാലും അവയെ തൊട്ടാലും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com