ADVERTISEMENT

ഓപ്പറേഷൻ ശുഭയാത്ര: ആദ്യയോഗം 14 ന്

ദുബായ്∙ പൊലീസുമായി സഹകരിച്ച് ഓപ്പറേഷൻ കുബേരയുടെ മാതൃകയിലായിരിക്കും ഓപ്പറേഷൻ ശുഭയാത്ര പദ്ധതി നടപ്പാക്കുകയെന്നു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 14നു ചേരും. വ്യാജ ഏജൻസികൾക്കെതിരെ നടപടിയെടുക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയുമാണു ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കും. പ്രവാസി ക്ഷേമത്തിനു കൂടുതൽ വ്യക്തത വരുത്താൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നാഷനൽ മൈഗ്രേഷൻ കോൺഫറൻസ് നടത്തും. വിദേശ മലയാളികളുടെ കൃത്യമായ എണ്ണമുൾപ്പെടെ ഇതിലൂടെ അറിയാം. പ്രവാസികൾക്കു തുടർ പഠനത്തിനു സഹായകമായ രീതിയിൽ രാജ്യാന്തര പ്രവാസി സർവകലാശാല തുടങ്ങും. ഗൾഫിൽ ചെറിയ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വീട്ടുകാർക്കും മക്കൾക്കും പ്രയോജനം ചെയ്യുന്ന വിധം അഞ്ചുതരം പരിരക്ഷകൾ നൽകുന്ന സംവിധാനം ആരംഭിക്കും. കഴിഞ്ഞ വർഷം ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷം ഇത്തവണ സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

വയോധികർക്ക് വാക്സിനേഷന് എംബസി

ദുബായ്∙ വിസിറ്റ് വീസയിലും മറ്റും എത്തി ദുബായിൽ താമസിക്കുന്ന വയോധികരായ ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കാൻ എംബസി വഴി ശ്രമങ്ങൾ നടത്തുമെന്നും പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ലോക കേരള സഭയ്ക്കു മുന്നോടിയായി യുഎഇയിലെ മാധ്യമ പ്രവർത്തക കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുമായി ഓൺലൈൻ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. വിവിധ വായ്പാ പദ്ധതികളിലൂടെ ആയിരങ്ങൾക്ക് നോർക്ക സഹായം ലഭ്യമാക്കിയതായും വ്യക്തമാക്കി. യുഎഇയിൽ നിന്ന് 40 പേർ ലോകകേരള സഭയിൽ പങ്കെടുക്കും. ഏറെ പ്രയോജനങ്ങൾ ഉള്ളതു കൊണ്ടാണ് പങ്കെടുക്കുന്നതിനു ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നത്. ഭാഗികമായി ജുഡീഷ്യറി അധികാരങ്ങൾ ഉള്ള നോർക്ക കമ്മിഷൻ വഴി നിരവധി കേസുകൾക്കു പരിഹാരം ഉണ്ടാകുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഒഴിവുകൾ മനസ്സിലാക്കുന്നതിനും നികത്തുന്നതിനും നോർക്ക കാര്യമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. കെ.എം അബ്ബാസ്, അരുൺ രാഘവൻ, തൻസി ഹാഷിർ എന്നിവർ പ്രസംഗിച്ചു.

പ്രവാസി ഭദ്രത പരിപാടി

നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 5010 പുതുസംരംഭങ്ങൾ ആരംഭിച്ചു. പ്രവാസി ഭദ്രത-പേൾ, പ്രവാസി ഭദ്രത- മൈക്രോ, പ്രവാസി ഭദ്രത- മെഗാ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു നടപ്പാക്കുന്നത്. പ്രവാസി ഭദ്രത പേൾ പദ്ധതി കുടുംബശ്രീ മുഖേനെയാണു നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങൾക്കായി ‍ 3081 വായ്പകൾ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴിൽ വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത - മൈക്രോ പദ്ധതി വഴി 1927 വായ്പകൾ അനുവദിച്ചു. കെഎസ്എഫ്ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമായി നൽകിയത്. 90.41 കോടി രൂപ വായ്പ ഇനത്തിൽ നൽകി. പ്രവാസി ഭദ്രത പേൾ വായ്പയ്ക്ക് കുടുംബശ്രീ സിഡിഎസുകൾ വഴിയും മൈക്രോ വായ്പയ്ക്ക് കെഎസ്എഫ്ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാം. പ്രധാന സംരംഭക സഹായ പദ്ധതിയായ എൻഡി പ്രേം വഴി 1000 സംരംഭക വായ്പകൾ വിതരണം ചെയ്തു.81.65 കോടി രൂപ വായ്പകൾക്കും 19 കോടി രൂപ സബ്‌സിഡികൾക്കുമായി ചെലവഴിച്ചു. www,norkarosto.org എന്ന നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

വനിതാ മിത്രം

വനിതകൾക്കായി നോർക്ക വനിതാമിത്രം സംരംഭകവായ്പ നോർക്കയും വനിതാ വികസന കോർപറേഷനും ചേർന്ന് ഈ വർഷം നടപ്പാക്കുന്നു. മൂന്നു ശതമാനം പലിശ നിരക്കിൽ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകൾക്കുള്ളതാണ്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടിൽ തിരിച്ചെത്തിയ വനിതകൾക്കാണു വായ്പ ലഭിക്കുക. വിവരങ്ങൾ: 0471 2454585, 2454570, 9496015016 .ടോൾഫ്രീ: 18004253939 . വിദേശത്ത് നിന്ന് മിസ്ഡ് കോൾ സേവനത്തിന് 0091 880 20 12345.

സാന്ത്വന പദ്ധതി

സാമ്പത്തികവും, ശാരീരികവുമായി അവശത അനുഭവിക്കുന്ന തിരികെ എത്തിയ പ്രവാസികൾക്കും/ പ്രവാസി കുടുംബങ്ങൾക്കും നൽകുന്ന സാന്ത്വന പദ്ധതി മുഖേന കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പ്രവാസികളിലേക്കു ധനസഹായം എത്തിക്കാൻ സാധിച്ചു. 4614 പേർക്കായി അനുവദിച്ച 30 കോടി രൂപ വിതരണം ചെയ്തതായും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com