ADVERTISEMENT

ദോഹ∙ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും  ഇന്ത്യയിലെ പുതിയ നിക്ഷേപ സാധ്യതകളെക്കുറിച്ചുമാണ് പിതൃ അമീർ ഉപരാഷ്ട്രപതിയുമായി ചർച്ച ചെയ്തത്.

venkaiah-naidu-qatar
ഉപരാഷ്ടപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അബ്ദുല്ലസീസ് അൽതാനിയ്‌ക്കൊപ്പം. കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ,ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി എന്നിവർ സമീപം.

 

ഖത്തറിന്റെ വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ പ്രവാസികൾക്ക് ഖത്തർ നൽകുന്ന കരുതലിന് ഉപരാഷ്ട്രപതി നന്ദി അറിയിക്കുകയും ചെയ്തു. ഭക്ഷ്യ, ഊർജ സുരക്ഷാ മേഖലകളിലെ ആഗോള തലത്തിലുണ്ടായ പുരോഗതികളും ഇരുവരും ചർച്ച ചെയ്തു.

naidu

 

3 ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ദോഹയിലെത്തിയ ഉപരാഷ്ട്രപതി അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

 

വ്യാപാരം, നിക്ഷേപം, സാമ്പത്തികം, സുരക്ഷാ മേഖലകളിലെ സഹകരണം വിലയിരുത്തിയതിനൊപ്പം ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള ചരിത്രപരമായ സൗഹൃദം ശക്തിപ്പെടുത്തുന്നതുമാണ് ചർച്ചകളിൽ വിഷയമായത്. കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോഡി, വിജയ് പാൽ സിങ് ടമർ, ലോകസഭാംഗം പി.രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഉന്നത പ്രതിനിധി സംഘവും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

 

ഇന്ത്യയുടെ ഉപരാഷ്ട്രപതി തലത്തിൽ നിന്ന് ഇതാദ്യമായാണ് ഖത്തർ സന്ദർശനം. ശനിയാഴ്ച രാത്രി ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെയും സംഘത്തെയും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെത്തിയാണ് സ്വീകരിച്ചത്.

 

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലും എംബസി ഉദ്യോഗസ്ഥരും സ്വീകരിക്കാൻ എത്തിയിരുന്നു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ വാദ്യമേളഅകമ്പടിയോടെയാണ് ദോഹയിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനാ പ്രതിനിധികൾ ചേർന്ന് ഉപരാഷ്ട്രപതിയെയും സംഘത്തെയും സ്വീകരിച്ചത്.

വിദ്യാഭ്യാസ, വാർത്താ മേഖലകളിൽ സഹകരണം

ദോഹ∙ ഖത്തർ സർവകലാശാലയിൽ ഇന്ത്യൻ സ്റ്റഡീസിന്റെ ഐസിസിആർ അധ്യക്ഷ സമിതി രൂപീകരിക്കാൻ ധാരണ. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട്  അനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഖത്തർ സർവകലാശാലയിൽ ഐസിസിആർ അധ്യക്ഷ സമിതി രൂപീകരിക്കാനുള്ള ധാരണയിലെത്തിയത്. ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസിയുടെ ഇന്ത്യൻ ഏജൻസിയായ എഎൻഐയും തമ്മിൽ മാധ്യമ രംഗത്തെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com