നിറയുന്നു, കാൽപ്പന്തുകളിയുടെ ആവേശവും അലങ്കാരവും

zeenah-qatar
കെട്ടിടങ്ങളിലെയും മറ്റും അലങ്കാരങ്ങൾ
SHARE

ദോഹ∙ ഇനിയുള്ള ആഴ്ചകളിൽ രാജ്യത്തുടനീളമായി കാൽപന്തുകളിയുടെ ആവേശവും അലങ്കാരങ്ങളും നിറയും. ഫിഫ ലോകകപ്പിനായി രാജ്യത്തെ അലങ്കരിക്കാൻ 'സീനാ' പദ്ധതിക്ക് തുടക്കമായി.

'നമുക്ക് ആഘോഷിക്കാം' എന്ന തലക്കെട്ടിലാണ് പദ്ധതി. റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സൂപ്പർവൈസറി കമ്മിറ്റിയാണ് ലോകകപ്പിന് ആതിഥേയമരുളി രാജ്യത്തെ അലങ്കരിക്കാനുള്ള സീനാ പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിലിടങ്ങൾ, സ്‌കൂളുകൾ, സർവകലാശാലകൾ, റിയൽ എസ്‌റ്റേറ്റ്, പ്ലാസകൾ, പാർക്കുകൾ, പൊതുസൗകര്യങ്ങൾ എന്നിവയുടെ മുഖപ്പുകൾ അലങ്കരിക്കുകയാണ് സീനാ പദ്ധതിയുടെ ലക്ഷ്യം. 

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, നഗരസഭ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ഖത്തർ മ്യൂസിയംസ്, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി. ആഘോഷങ്ങൾ പ്രകടമാക്കാനും ലോകകപ്പിനെ പ്രോത്സാഹിപ്പിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരസഭകൾ, കമ്യൂണിറ്റികൾ എന്നിവരെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തേക്ക് ലോകകപ്പ് സന്ദർശകരെ സ്വാഗതം ചെയ്യാൻ ഏറ്റവും മികച്ച ആഘോഷ ചിത്രങ്ങൾ അവതരിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. 

അലങ്കരിക്കാൻ മത്സരങ്ങളും

 ദോഹ. ഫിഫ ലോകകപ്പിലേക്ക് കാണികളെയും കളിക്കാരെയും ആഘോഷപൂർവം സ്വാഗതം ചെയ്യാൻ അലങ്കാര മത്സരങ്ങളും.

 ലോകകപ്പിനായി ഖത്തറിനെ അലങ്കരിക്കാനുള്ള മത്സര, പങ്കാളിത്ത പരിപാടികളെക്കുറിച്ചറിയാം.

പദ്ധതികൾ എന്തൊക്കെ, 

എങ്ങനെ പങ്കെടുക്കാം?

∙സീനാ പദ്ധതിയുടെ കീഴിൽ 2 പ്രധാന പരിപാടികളാണുള്ളത്. 

∙വീടുകളും പാർപ്പിട യൂണിറ്റുകളും അലങ്കരിക്കുന്നതിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പങ്കാളിത്തമാണ് ആദ്യത്തേത്. 

∙കെട്ടിടങ്ങൾ, അതിർത്തി മതിലുകൾ, ഔട്ട്‌ഡോർ ഏരിയകൾ എന്നിവ അലങ്കരിക്കാം. കലാസൃഷ്ടികൾ, പെയിന്റിങ്ങുകൾ, അലങ്കാര വിളക്കുകൾ എന്നിവ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥാപിക്കാം. 

∙അലങ്കാര ചിത്രങ്ങൾ അധികൃതർക്ക് അയച്ചു നൽകിയാൽ നിശ്ചിത ഇടങ്ങളിൽ ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകളോടു കൂടി പ്രദർശിപ്പിക്കും. 

∙രണ്ടാമത്തേത് 3 വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ്. കായിക ഇവന്റിനെ പ്രതിഫലിപ്പിച്ചുകൊണ്ട്  കെട്ടിടങ്ങളുടെ മുഖപ്പുകൾ അലങ്കരിക്കുന്ന മത്സരമാണിത്. 

∙മത്സരത്തിന്റെ ആദ്യ വിഭാഗത്തിൽ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ സർവകലാശാലകൾ എന്നിവയും രണ്ടാമത്തെ വിഭാഗത്തിൽ പൊതു-സ്വകാര്യ മേഖലകളും മൂന്നാമത്തെ വിഭാഗത്തിൽ നഗരസഭകളുമാണുള്ളത്. 

സമ്മാനങ്ങളും കരസ്ഥമാക്കാം

∙സ്‌കൂൾ, കിന്റർഗാർട്ടൻ വിഭാഗത്തിൽ ആദ്യ 3 സ്ഥാനങ്ങൾക്ക് യഥാക്രമം 40,000, 30,000, 20,000 റിയാൽ ആണ് ലഭിക്കുക. സർവകലാശാലകളിൽ ആദ്യ 3 സ്ഥാനങ്ങൾക്ക് യഥാക്രമം 60,000, 50,000, 40,000 റിയാൽ ആണ് സമ്മാനത്തുക. 

∙പൊതു-സ്വകാര്യ മേഖലയ്ക്കും നഗരസഭകൾക്കും സർട്ടിഫിക്കറ്റും മെമ്മോറിയൽ ഷീൽഡും സമ്മാനമായി ലഭിക്കും. 

അലങ്കാര ഒരുക്ക നിബന്ധനകൾ 

∙ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ, ടൂർണമെന്റിന്റെ ഡിസൈനുകൾ, ബൗദ്ധിക അവകാശമുള്ള മറ്റ് ഡിസൈനുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. 

∙റജിസ്റ്റർ ചെയ്തിരിക്കുന്ന വാണിജ്യ മുദ്രകളോ വാണിജ്യ നാമങ്ങളോ തുടങ്ങിയവ ഒന്നും പ്രദർശിപ്പിക്കാനോ പ്രമോട്ട് ചെയ്യാനോ പാടില്ല. 

∙ഖത്തറിന്റെ മതം, ആചാരം, സംസ്‌കാരം എന്നിവയ്ക്ക് വിരുദ്ധമായുള്ളവ പ്രദർശിപ്പിക്കാൻ പാടില്ല. രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങൾ എന്നിവയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയും പാടില്ല. കായികവും ഫുട്‌ബോളും മാത്രമായിരിക്കണം അലങ്കാരങ്ങളുടെ ഉള്ളടക്കം. 

∙ഔദ്യോഗിക അനുമതിയില്ലാതെ മറ്റുള്ളവരുടെ വസ്തുക്കളിന്മേൽ അലങ്കാരങ്ങൾ നടത്താൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ അനുമതി തേടിയിരിക്കണം.

∙പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ, വെന്റിലേഷനുകൾ എന്നിവ മറയത്തക്കവിധം അലങ്കാരങ്ങൾ പാടില്ല. 

∙അനുചിതമല്ലാത്ത സ്ഥാപിക്കലോ സാമഗ്രികളോ മൂലം അപകടങ്ങളും മറ്റും ഉണ്ടാകാതെ സുരക്ഷയും സേഫ്റ്റിയും കണക്കിലെടുത്തു മാത്രമേ അലങ്കാരങ്ങൾ പാടുള്ളു. 

∙ലേസറുകൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ പാടില്ല.

∙ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാരംഭ പങ്കാളിത്തവും ആശയങ്ങളും സ്വീകരിക്കും. സെപ്റ്റംബർ 1 മുതൽ ഒക്‌ടോബർ 31 നകം അലങ്കാരങ്ങളും മറ്റും പൂർത്തിയാക്കിയ ശേഷം അലങ്കാരത്തിന്റെ അന്തിമ ചിത്രം സ്വീകരിക്കും. ജൂലൈ 1 മുതൽ നവംബർ 17 വരെയാണ് പൗരന്മാർക്കും പ്രവാസികൾക്കും പങ്കാളിത്തത്തിനുള്ള അവസരം. 

∙ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം അലങ്കാരങ്ങളും 2023 ജനുവരി 31 ന് മുൻപായി എടുത്തുമാറ്റുകയും വേണം. 

∙പ്രത്യേക ജൂറി കമ്മിറ്റിയാണ് വിജയികളെ നിശ്ചയിക്കുന്നത്. ജേതാക്കളെ ജനുവരിയിൽ നടക്കുന്ന സമാപന ചടങ്ങിൽ പ്രഖ്യാപിക്കും. 

∙നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://zeeenah.ashghal.gov.qa/

English SummaryAshghal launches Zeeenah initiative to welcome World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA