ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് പൊന്നും വില; ഒരു പേപ്പർ എഴുതാൻ 29825 രൂപ

exam-representational-image
Representative Image.
SHARE

അബുദാബി∙ ഹയർ സെക്കൻഡറി സേവ് എ ഇയർ (സേ) പരീക്ഷ ഗൾഫിലെ വിദ്യാർഥികൾക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു.

ഒരു വിഷയത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് നാട്ടിൽ 150 രൂപ വാങ്ങുമ്പോൾ യുഎഇയിലെ ഒരു സ്കൂൾ ആവശ്യപ്പെട്ടത് 17,043 രൂപ (800 ദിർഹം). ഇതിനുപുറമേ സെന്റർ ഫീസ് 10652 രൂപ (500 ദിർഹം), റജിസ്ട്രേഷൻ ഫീസ് 2130 രൂപ (100 ദിർഹം) എന്നിവ ഉൾപ്പെടെ 29825 രൂപ (1400 ദിർഹം) ആണ് നൽകേണ്ടത്! 2 വിഷയമാണെങ്കിൽ സർട്ടിഫിക്കറ്റ് ഫീസ് ഉൾപ്പൈട നാട്ടിൽ 340 രൂപ മാത്രമുള്ളപ്പോൾ ഗൾഫിലെ സ്കൂൾ ആവശ്യപ്പെട്ടത് മൊത്തം 46,700 രൂപ (2200 ദിർഹം). 3  വിഷയത്തിന് നാട്ടിൽ 490 രൂപയുള്ളപ്പോൾ ഇവിടെ 63,912 രൂപയും (3000 ദിർഹം). ഇതേസമയം യുഎഇയിലെ മറ്റു ചില സ്കൂളുകൾ മൊത്തം 800 ദിർഹം അടയ്ക്കാനാണ് വിദ്യാർഥികളോടു നിർദേശിച്ചത്.

ഇനി ‍പരീക്ഷ നാട്ടിലാണ് എഴുതുന്നതെങ്കിലും ഇവിടത്തെ സ്കൂളിൽ റജിസ്ട്രേഷനു വേണ്ടി ഇവിടെ 5326 രൂപ (250 ദിർഹം) അടയ്ക്കണം. കെ.ജി മുതൽ 12ാം ക്ലാസു വരെ 14 വർഷം വൻ തുക ഫീസ് നൽകി പഠിപ്പിച്ച സ്കൂളിന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലേ എന്നാണ് രക്ഷിതാക്കളുടെ  ചോദ്യം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഒരു പരീക്ഷയ്ക്കായി ഇത്രയും തുക ചെലവിടുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് അധികബാധ്യതയാണെന്നു അവർ പറയുന്നു.

ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ പുനർമൂല്യനിർണയമോ സൂക്ഷ്മപരിശോധനയോ അനുവദിക്കില്ലെന്ന സർക്കാർ നിർദേശം ഒന്നോ രണ്ടോ മാർക്കിനു പരാജയപ്പെട്ടവർക്ക് വിനയായതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഇതേസമയം 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിനാൽ ഈ വിദ്യാർഥികളുടെ അധിക ചെലവ് സ്കൂളിനു വഹിക്കാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. പരീക്ഷാ നടത്തിപ്പിനുള്ള മുഴുവൻ ചെലവും പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആനുപാതികമായി വഹിക്കണമെന്നും പറഞ്ഞു.

പരീക്ഷയുടെ മേൽനോട്ടത്തിനായി നാട്ടിൽനിന്ന് എത്തുന്ന ഉദ്യോഗസ്ഥരുടെ വീസ, താമസം, യാത്രാ ടിക്കറ്റ് ഇനത്തിലുള്ള ചെലവിനു പുറമേ ഗൾഫിൽ മധ്യവേനൽ  അവധിക്കാലത്ത് നടത്തേണ്ട പരീക്ഷയ്ക്കുള്ള അധിക ചുമതലകളും എല്ലാം ചേർത്താണ് ഇത്രയും ചെലവു വരുന്നത്. കഴിഞ്ഞ വർഷം ഈയിനത്തിൽ ചെലവായത് 3,62,171 രൂപയാണെന്നും (17,000 ദിർഹം) ഒരു സ്കൂൾ സൂചിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS