ജീവൻ പണയംവെച്ചു കുട്ടികളെ ചേർത്തു പിടിച്ചു; വെള്ളപ്പൊക്കത്തിൽ രക്ഷകനായി യുവാവ്– വിഡിയോ

oman-flood-Ali-bin-Nasser-Al-Wardi
കുട്ടികളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ. അലി ബിൻ നസീർ അൽ വാർദി.
SHARE

മസ്കത്ത് ∙ വെള്ളപ്പൊക്കത്തിൽ സ്വന്തം ജീവൻ പോലും പണയംവെച്ച് രണ്ടു കുട്ടികളെ രക്ഷിച്ച ഒമാനി പൗരൻ അലി ബിൻ നസീർ അൽ വാർദി താരമായി. വെള്ളിയാഴ്ച ഒമാനിലെ വാദി ബാഹ്‍ല മേഖലയിലാണ് സംഭവം നടന്നത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അലി സാഹസികമായി രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തു.

ശക്തമായ മഴപെയ്യുമ്പോൾ അലി ബിൻ നസീറും പിതാവും വീട്ടിൽ ഇരിക്കുകയായിരുന്നു. പുറത്തെ കാഴ്ചകൾ കാണാമെന്നു പറഞ്ഞു ഇരുവരും വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വാദിയുടെ സമീപം രണ്ടു കുട്ടികൾ സഹായത്തിനായി ഉറക്കെ കരയുന്നത് കണ്ടത്. ഇന്തപ്പനയുടെ തടിയിൽ കഷ്ടിച്ചായിരുന്നു കുട്ടികൾ നിന്നത്. പിതാവിന്റെ സഹായത്തോടെ കുട്ടികളുടെ അടുത്തെത്തിയെന്ന് അലി പറഞ്ഞു.

‘കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ദൈവത്തോട് പ്രാർഥിച്ചുകൊണ്ടേയിരുന്നു. പേടിക്കേണ്ടെന്നും അവരെ രക്ഷപ്പെടുത്തുമെന്നും കുട്ടികളോട് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. പിടിച്ചു നിൽക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അവിടെ പിടിച്ചു നിൽക്കാനും അവരോട് പറഞ്ഞു. രണ്ടു കുട്ടികളെയും ഒരുമിച്ച് ചേർത്തുപിടിച്ചാണ് കരയിലേക്ക് കൊണ്ടുവന്നത്. കുട്ടികളെ രക്ഷിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു’– അലി ബിൻ നസീർ അൽ വാർദി പറഞ്ഞു.

13 ഉം ഏഴും വയസ്സുള്ള രണ്ടു കുട്ടികളെയാണ് രക്ഷിച്ചത്. ഒഴുക്കിൽ വിടരുതെന്നും എനിക്ക് മരിക്കേണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞ് ചെറിയ കുട്ടി ഉറക്കെ കരഞ്ഞിരുന്നുവെന്നും അലി പറഞ്ഞു. അൽ ഹജാർ മലനിരകളിലും ഒമാന്റെ മറ്റു പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതേ തുടർന്ന് പലയിടത്തും വാദികൾ നിറഞ്ഞൊഴുകിയിരുന്നു.

oman-flood-Ali-bin-Nasser-Al-Wardi-2
അലി ബിൻ നസീർ അൽ വാർദിയെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം ആദരിക്കുന്നു.

ഇതിനു പിന്നാലെ അലി ബിൻ നസീർ അൽ വാർദിക്ക് അഭിനന്ദനവുമായി അധികൃതരും രംഗത്തെത്തി. അദ്ദേഹത്തെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം ആദരിച്ചു. സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും കൈമാറുകയും ചെയ്തു.

English Summary: Omani youth saves two children from drowning in flash floods

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS