ADVERTISEMENT

ദുബായ് ∙ ലോകത്തെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രം െഎൻ ദുബായിൽ പ്രദർശനം നടത്തി, അതിന്റെ പശ്ചാത്തലത്തിൽ യുവാവ് തന്റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു എല്ലാവരെയും വിസ്മയിപ്പിച്ച ചടങ്ങ് നടന്നത്.

marriage-proposal-at-ain-dubai2

'യാസി, വിൽ യു മാരി മീ?' എന്ന് അമേരിക്കൻ വിനോദസഞ്ചാരി ബെൻ ഡാനിഷ് ചോദിക്കുകയും പോക്കറ്റിൽ നിന്ന് വജ്രമോതിരം പുറത്തെടുത്ത് പ്രിയതമയുടെ വിരലിൽ അണിയിക്കുകയും ചെയ്തപ്പോൾ അതുകണ്ട് നിന്ന െഎൻ ദുബായ് കോരിത്തരിച്ചു. 'അതെ' എന്ന് ഉറക്കെ പറഞ്ഞ്, ആലിംഗനം ചെയ്തുകൊണ്ടാണ് യാസി ഹൊസൈനി അഭ്യർഥന സ്വീകരിച്ചത്. 

marriage-proposal-at-ain-dubai1

2016 മുതൽ ദുബായ് സന്ദർശിക്കുന്ന ബെൻ നേരത്തേ തീരുമാനിച്ചതായിരുന്നു– വിവാഹാഭ്യർഥനയ്ക്ക് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന്. ഇതിനു വേണ്ടി ഒട്ടേറെ കാര്യം ആലോചിച്ച ശേഷമായിരുന്നു െഎൻ ദുബായിലെത്തിയത്. ഒടുവിൽ 250 മീറ്റർ ഉയരമുള്ള ഫെറിസ് വീലിൽ തന്റെ പ്രണയാഭ്യർഥനയുടെ ദൃശ്യങ്ങൾ വരുന്നതിനേക്കാൾ ഗംഭീരമായി മറ്റൊന്നും ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. 

സ്കൂബാ ഡൈവിങ് മുതൽ സ്കൈ ഡൈവിങ് വരെ

താനും യാസിയും ദുബായിലേക്കു പോകാൻ തീരുമാനിച്ച നിമിഷം ഇവിടെ താമസിക്കുന്ന സുഹൃത്ത് ദിനോ ലധാനിയെ വിളിച്ച് എനിക്ക് 10 ദിവസത്തിനുള്ളിൽ യാസിയോട് വിവാഹാഭ്യർഥന നടത്തേണ്ടതുണ്ടെന്നും എത്രയും പെട്ടെന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്ന് ബെൻ പറയുന്നു.

Ain-Dubai-1

ഇരുവരും കുറെ കാര്യങ്ങൾ ആലോചിച്ചു– സ്കൂബാ ഡൈവിങ് മുതൽ സ്കൈ ഡൈവിങ് വരെ. ഒടുവിൽ കഴിഞ്ഞ ദിവസം ദിനോ ബെന്നിനെ വിളിച്ചു ചോദിച്ചു–നമുക്ക്  െഎൻ ദുബായിൽ ഡിസ്പ്ലെ നടത്തി അതിന്റെ പശ്ചാത്തലത്തിൽ ച‌ടങ്ങ് നടത്തിയാലോ എന്ന്. പക്ഷേ, ദിനോ തന്നെ കളിയാക്കുകയാണെന്നായിരുന്നു ബെൻ ആദ്യം കരുതിയത്. എന്നാൽ, ദിനോയും അദ്ദേഹത്തിന്റെ ഭാര്യ റൂബിയും എല്ലാം യാഥാർഥ്യമാക്കുകയായിരുന്നു. 

Ain-Dubai

ദിനോയും റൂബിയും ക്യാമറാമാൻമാരും ചേർന്നാണ് ബ്ലു വാട്ടറിലെ ഒരു യാട്ടിലിരുന്ന് അനർഘനിമിഷങ്ങൾ പകർത്തിയത്. നല്ല ഉഷ്ണ കാലാവസ്ഥയായിരുന്നെങ്കിലും അതൊന്നും തങ്ങളുടെ ചടങ്ങിന്റെ പൊലിമയ്ക്ക് പോറലേൽപ്പിച്ചില്ലെന്ന് റൂബി പറഞ്ഞു. ദുബായ് പോലുള്ള ഒരു മനോഹര പട്ടണത്തിൽ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന് നടന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ബെൻ പറഞ്ഞു. ഇറാനിൽ കുടുംബ വേരുകളുള്ള ബെന്നും യാസിയും അമേരിക്കയിലാണ് ജനിച്ചതും വളർന്നതും.

English Summary: American tourist surprises fiancee as Ain Dubai beams marriage proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com