റിയാദ് ∙ സൗദിയിലെ ബാങ്കുകളുടെ പെരുന്നാൾ അവധി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. ജൂലൈ ആറിനുള്ള പ്രവൃത്തി ദിവസം അവസാനിക്കുന്നതോടെ പെരുന്നാൾ അവധി ആരംഭിക്കും. തുടർന്ന് 13നാണ് പ്രവർത്തനം പുനരാരംഭിക്കുന്നതെന്ന് സാമ അറിയിച്ചു. ബാങ്കുകൾ, ബാങ്കുകളുടെ ശാഖകൾ, ഓഫീസുകൾ, ട്രാൻസ്ഫർ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
എന്നാൽ, ഹജ് തീർഥാടകർക്കും രാജ്യത്തെ സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങൾ, രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ബാങ്കുകളുടെ ഓഫീസുകളും ശാഖകളും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.