ADVERTISEMENT

ദോഹ∙ ലോകകപ്പ് ടൂർണമെന്റിനിടെ ഖത്തറിന്റെ വാർത്താ പ്രക്ഷേപണ സേവനങ്ങൾക്ക് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) ചുക്കാൻ പിടിക്കും. 28 ദിവസം നീളുന്ന ലോകകപ്പിൽ ബ്രോഡ്കാസ്‌റ്റേഴ്‌സ് നോൺ-റൈറ്റ്‌സ് ഹോൾഡേഴ്‌സ്, നോൺ-അക്രഡിറ്റഡ് മീഡിയ എന്നിവർക്കുള്ള പ്രക്ഷേപണ, മാധ്യമ സൗകര്യങ്ങൾ പ്രദാനം ചെയ്യുക അസോസിയേറ്റഡ് പ്രസ് ആയിരിക്കും.

 

ദോഹയിൽ നടന്ന ചടങ്ങിൽ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും എപി സിഇഒ ഡെയ്‌സി വീരസിംഗവും  ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. എപിയുടെ പ്രൊഡക്ഷൻ വിഭാഗമായ എപി ഗ്ലോബൽ മീഡിയ സർവീസ്  തടസ്സമില്ലാത്ത നൂതന സേവനങ്ങളും സൗകര്യങ്ങളും പ്രക്ഷേപകരിലെ നോൺ-റൈറ്റ്‌സ് ഹോൾഡേഴ്‌സിനും നോൺ അക്രഡിറ്റഡ് മീഡിയയ്ക്കും പ്രദാനം ചെയ്യുക.

 

പ്രക്ഷേപണ സ്റ്റുഡിയോകൾ, പ്രക്ഷേപണത്തിനുള്ള ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ, തൊഴിൽ ശക്തി, ടെക്‌നിക്കൽ-ലോജിസ്റ്റിക്കൽ പിന്തുണ, വർക്ക് ഏരിയകൾ, പൊതുവായ ഏരിയകൾ തുടങ്ങിയ സേവനങ്ങളാണ് എപി നൽകുന്നത്. ദോഹയിലെ പ്രധാന മേഖലകളിലുടനീളം പ്രക്ഷേപണ സ്റ്റുഡിയോകളും എപി പ്രവർത്തിപ്പിക്കും.

 

മിഷ്‌റെബ് ഡൗൺടൗൺ ദോഹയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് കൺട്രി മീഡിയ സെന്ററിന്  (എച്ച്‌സിഎംസി) സമീപത്തായിരിക്കും മൾട്ടി, സിംഗിൾ ക്യാമറ സ്റ്റുഡിയോകൾ പ്രവർത്തിക്കുക. സന്ദർശക തിരക്കേറുന്ന ഖത്തറിന്റെ പരമ്പരാഗത വിനോദ-വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫ്, ദോഹ കോർണിഷ് എന്നിവിടങ്ങളിൽ തൽസമയ പ്രക്ഷേപണ സൗകര്യമുണ്ടായിരിക്കും.

 

ഖത്തറിന്റെ പ്രധാന കായിക ടെലിവിഷൻ ചാനലുകളിലൊന്നായ അൽകാസ് സ്‌പോർട്‌സ് ചാനൽ ആയിരിക്കും മാധ്യമങ്ങൾക്കുള്ള മറ്റ് പിന്തുണ നൽകുക. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിൽ 64 മത്സരങ്ങളാണുള്ളത്. 32 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com