ADVERTISEMENT

ദോഹ ∙ ഖത്തര്‍ പ്രവാസികളുടെ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ‘ചെക്കന്‍’ സിനിമ ജൂലൈ ഒന്നിന് ഖത്തറിലെ തിയറ്ററുകളിലെത്തും. അല്‍ സദ്ദിലെ റോയല്‍ പ്ലാസ തിയറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് വണ്‍ ടു വണ്‍ മീഡിയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 10ന് റിലീസായ ചെക്കന്‍ കേരളത്തില്‍ 31 തിയറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് ഗള്‍ഫ് റിലീസിന് ഒരുങ്ങുന്നത്. ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലും റിലീസിന് ശ്രമിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷാഫി എപ്പിക്കാട് പറഞ്ഞു.

 

വര്‍ണവിവേചനത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന കലാകാരനായ കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദിവാസി ഗോത്രത്തില്‍ ജനിച്ചതിന്റെ പേരില്‍ സാമൂഹിക, കലാ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും യാതനകളുമാണ് ചിത്രം തുറന്നു കാട്ടുന്നത്. കൂട്ടിച്ചേര്‍ക്കലുകളോ അതിഭാവുകത്വമോ ഇല്ലാതെ പച്ചയായ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ഷാഫി എപ്പിക്കാട് വ്യക്തമാക്കി. ചിത്രം ഖത്തറിലെ പ്രേക്ഷക മനസുകളില്‍ ഇടം നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. 

  

സംവിധായകന്‍ ഷാഫി എപ്പിക്കാട് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ഖത്തര്‍ പ്രവാസിയായ മന്‍സൂര്‍ അലി നിര്‍മിച്ച ചിത്രത്തിലെ ചെക്കന്‍ ആയി വേഷമിടുന്നത് ഗപ്പി സിനിമയിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ വിഷ്ണു പുരുഷന്‍ ആണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നഞ്ചിയമ്മ മുത്തശി കഥാപാത്രമായി വേഷമിടുന്നതിനൊപ്പം ആലാപനത്തിലും മുന്‍നിരയിലുണ്ട്. നഞ്ചിയമ്മ ചിട്ടപ്പെടുത്തി ആലപിച്ച ചെക്കനിലെ താരാട്ടു പാട്ട് ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. 

 

വയനാട്, മലപ്പുറം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചെക്കനില്‍ നാടക കലാകാരന്മാരും ചെക്കനില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കോവൂര്‍, അബു സാലിം (ടിക്‌ടോക് ഫെയിം), അബു സലിം, തെസ്‌നിഖാന്‍, ആതിര, ഷിഫാന, മാരാര്‍, അലി അരങ്ങേടത്ത്, സലാം കല്‍പറ്റ, അമ്പിളി എന്നിവരാണ് അഭിനേതാക്കള്‍. സുരേഷ് റെഡ് വണ്‍ (ഛായാഗ്രഹണം), ജര്‍ഷാജ് കൊമ്മേരി (എഡിറ്റിങ്),  നഞ്ചിയമ്മ, മണികണ്ഠന്‍ പെരുമ്പടപ്പ്, ഒ.വി അബ്ദുല്ല (ഗാന രചന), മണികണ്ഠന്‍ പെരുമ്പടപ്പ് (സംഗീതം, ആലാപനം), നഞ്ചിയമ്മ (ആലാപനം), സിബു സുകുമാരന്‍ (പശ്ചാത്തല സംഗീതം), ഉണ്ണി നിറം (കല), ഹസന്‍ വണ്ടൂര്‍ (ചമയം), സുരേഷ് കോട്ടാല (വസ്ത്രാലങ്കാരം), ഷൗക്കത്ത് വണ്ടൂര്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) എന്നിവരാണ് അണിയറയിലുള്ളത്. 

 

ദോഹയിലെ കാലിക്കട്ട് നോട്ട് ബുക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവ് മന്‍സൂര്‍ അലി, വണ്‍ ടു വണ്‍ മീഡിയ മാനേജര്‍ ശരത്.സി.നായര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഷാജഹാന്‍ മുന്നാബായ്, റഷീദ് പുതുക്കുടി, നൗഷാദ് മതയോത്ത്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍ രശ്മി ശരത് എന്നിവരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com