വേനലവധിക്ക് നാട്ടിലേക്ക് വിമാനനിരക്ക് അഞ്ചിരട്ടി; ഒരു വശത്തേക്കു മാത്രം 45,000-65,000 രൂപ

Mail This Article
ദുബായ് ∙ അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർന്നു. തിരുവനന്തപുരത്തേക്ക് ചില വിമാനക്കമ്പനികൾക്കു സർവീസുമില്ല. ഈ ആഴ്ചയിൽ പലതിലും ടിക്കറ്റ് ലഭ്യമല്ല. ഉള്ള ടിക്കറ്റുകൾക്ക് ഒരു വശത്തേക്കു മാത്രം 45,000-65,000 രൂപ വരെയാണ് നിരക്ക്.
അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം രൂപ നൽകണം. ഉയർന്ന നിരക്ക് നൽകിയാലും നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിൽ പോയി വരാൻ ഒരു നാലംഗ കുടുംബത്തിനു മൂന്നേമുക്കാൽ ലക്ഷം രൂപ വേണ്ടിവരും. നാളെ ദുബായിൽ നിന്നു കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് 28ന് തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് ഇൻഡിഗോയിൽ 2.5 ലക്ഷം രൂപയാണു നിരക്ക്.
നേരിട്ടുള്ള വിമാനമില്ല, അബുദാബിയിൽനിന്ന് പുതുതായി കൊച്ചിയിലേക്കു സർവീസ് ആരംഭിച്ച ഗൊ ഫസ്റ്റിൽ 3.39 ലക്ഷം രൂപയാണു നിരക്ക്. മുംബൈ വഴി കണക്‌ഷൻ വിമാനത്തിലാണു സീറ്റുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിൽ 3.35 ലക്ഷം രൂപയും സ്പൈസ് ജെറ്റിൽ 3.5 ലക്ഷവും ഹാൻ എയറിൽ 3.7 ലക്ഷവും എയർ അറേബ്യയിൽ 3.8 ലക്ഷം രൂപയും ഇക്കോണമി ക്ലാസ് ടിക്കറ്റിനു നൽകണം. എമിറേറ്റ്സ് എയർലൈനിൽ 4.7 ലക്ഷം രൂപയാണ് കുറഞ്ഞ നിരക്ക്. ജൂലൈ പകുതി വരെ ഈ സ്ഥിതി തുടരാം.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരക്ക്
∙ഒമാനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരുവശത്തേക്കുമാത്രം 29000 രൂപയാണ് നിരക്ക്. ഇൻഡിഗോ വിമാനത്തിന് 20,000 രൂപ. കൊച്ചിയിലേക്ക് ടിക്കറ്റ് കിട്ടാനുമില്ല. തിരുവനന്തപുരത്തേക്ക് സലാം എയർ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതിനാൽ നിരക്കും കൂടുതലാണ്.
∙ ബഹ്റൈനിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളില്ല. ഗൾഫ് എയറിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 57000 രൂപയലധികമാണ് നിരക്ക്.
∙കുവൈത്തിൽ നിന്നു നാളെ കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് 28ന് തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് 3 ലക്ഷത്തിലേറെ രൂപ വരും. കൊച്ചിയിലേക്കു പോകാൻ നേരിട്ടു വിമാനവും തിരിച്ച് കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് കണക്‌ഷൻ വിമാനത്തിലുമാണ് വരുന്നതെങ്കിൽ കുറഞ്ഞത് 2.5 ലക്ഷം രൂപയാകും.
∙റിയാദിൽ നിന്നു കൊച്ചിയിലേക്കു നേരിട്ടുള്ള വിമാനത്തിൽ സീറ്റില്ല. കണക്ഷൻ വിമാനത്തിൽ 10 മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കു നാലംഗ കുടുംബത്തിന് 4.5 ലക്ഷത്തിലേറെ രൂപയാകും. പോകുന്നതും വരുന്നതും വ്യത്യസ്ത എയർലൈനിലായാലാണ് ഈ നിരക്ക്. ഒരേ എയർലൈനാണെങ്കിൽ നിരക്ക് ഇതിലും കൂടും.