ADVERTISEMENT

അബുദാബി ∙ യുഎഇയിൽ നഴ്സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഇൗ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. 

anu-uae

 നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ  ഗോൾഡ‍ൻ വീസ നൽകിയിരുന്നത്. നഴ്സുമാർക്ക്  ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ഗുണകരമാകും. യുഎഇയിൽ വലിയൊരു ശതമാനം നഴ്സുമാരും മലയാളികളാണ്.

sunil
സുനിൽ ജോസഫ്

അബുദാബി ഖലീഫ സിറ്റിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി അനുമോൾ, അബുദാബി എൻഎംസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സുനിൽ ജോസഫ് എന്നിവർക്ക് ഇന്ന് (ബുധൻ) ഗോൾഡൻ വീസ ലഭിച്ചു. രണ്ട് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന അനുമോൾ വീസ പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് 10 വർഷത്തെ വീസ ലഭിച്ചതായി അറിഞ്ഞത്. െഎസിപി യുഎഇ സ്മാർട് ആപ്പിലൂടെ പരിശോധിച്ചപ്പോൾ ഗോൾഡൻ വീസയാണ് ലഭിച്ചതെന്ന് മനസിലാക്കുകയായിരുന്നുവെന്ന് അനുമോൾ മനോരമ ഓാൺലൈനോട് പറഞ്ഞു. വൈകാതെ വീസ ഉൾപ്പെടത്തിയ എമിറേറ്റ്സ്  െഎഡി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആലപ്പുഴ ജോസ്കോ കോളജ് ഒാഫ് നഴ്സിങ്ങിൽ നിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കിയ അനുമോൾ ബേബി–ഷോബി ദമ്പതികളുടെ മകളാണ്. 10 വർഷത്തെ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അനുമോൾ പറഞ്ഞു.

anu

കഴിഞ്ഞ 13 വർഷമായി സുനിൽ ജോസഫ് എൻഎംസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്നു. വീസ പുതുക്കലിന് അപേക്ഷിച്ചപ്പോഴാണ് ഗോൾഡൻ വീസ ലഭിച്ചത്.  െഎസിപി വഴി ഇത് ഉറപ്പുവരുത്തുകയായിരുന്നു. കർണാടകയിലെ ഗുൽബർഗയിൽ നിന്ന് നഴ്സിങ് പൂർത്തിയാക്കിയ സുനിൽ 2 വർഷം പൂനെയിൽ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്. അബുദാബിയിൽ നഴ്സായ മഞ്ജു മാത്യുവാണ് ഭാര്യ. മക്കൾ: ഏയ്ഞ്ചല സുനിൽ, ഇവാൻ സുനിൽ.

മമ്മുട്ടിയും മോഹൻലാലും ഗോൾഡൻ വീസയെ താരമാക്കി

2021 ഒാഗസ്റ്റിൽ  മലയാള ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും മോഹൻലാലിനും ഗോൾഡൻ വീസ ലഭിച്ചതോടെയാണ് ഇന്ത്യയിൽ യുഎഇ ഗോൾഡൻ വീസ പ്രശസ്തിനേടിയത്. തുടർന്ന് യുവതാരങ്ങളടക്കം ഒട്ടേറെ കലാകാരന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു.

ആദ്യഘട്ടമായി 6,500 നിക്ഷേപകർക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2019ൽ  പ്രഖ്യാപിച്ചു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരെയും കൂടെക്കൂട്ടുന്നതിൻറെ ഭാഗമായാണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. എന്നാൽ, അടുത്തിടെ പഠനത്തിൽ മികവ് നേടുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.

അ‌ടുത്തകാലത്തായി  യുഎഇയിൽ നിന്ന് ഒട്ടേറെ നഴ്സുമാർ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും പോയിരുന്നു. യുഎഇയിലേക്കു കൂടുതൽ നഴ്സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകർഷിക്കാൻ ഗോൾ‍ഡൻ വീസ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com