ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാൻ 'കാരവൻ വില്ലേജും'. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ. കൂടുതൽ വൈവിധ്യമായ താമസ സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണു പദ്ധതിയെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹൗസിങ് വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഒമർ അബ്ദുൽറഹ്‌മാൻ അൽ ജാബർ വ്യക്തമാക്കി.

 

പാർപ്പിട കേന്ദ്രങ്ങൾ ഹോട്ടലുകളായി മാറ്റുന്നതിനുള്ള ജോലികളും അതിവേഗപാതയിലാണ്. 3 മുതൽ 5 സ്റ്റാർ വിഭാഗമായി ഇവയെ വിഭജിക്കും. അക്കോർ ഇന്റർനാഷനൽ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ചാണിത്. കാണികൾക്കായി കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളിലാണ് സുപ്രീം കമ്മിറ്റി. ബർവ വില്ലേജ്, കപ്പൽ ഹോട്ടലുകൾ എന്നീ പദ്ധതികളിലായി 9,500 ത്തിലധികം കാണികൾക്ക് താമസിക്കാം.

 

ആദ്യ കപ്പൽ ഹോട്ടലിന്റെ ഉദ്ഘാടനം നവംബർ 13നാണ്. ആഡംബര കപ്പലിലെ ഫ്ലോട്ടിങ് ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനായി ആവശ്യക്കാർ ഏറെയാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളുടെ പുതിയ വിവരങ്ങൾ ഹയ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. വരും ആഴ്ചകളിലായി കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാകുമെന്നും അൽ ജാബർ പറഞ്ഞു.എംഎസ്‌സിയുടെ പോയിസയും വേൾഡ് യൂറോപ്പയുമാണു ലോകകപ്പ് കാണികൾക്ക് താമസമൊരുക്കുന്ന ആഡംബര കപ്പലുകൾ. ദോഹയുടെ ഗ്രാൻഡ് ടെർമിനലിൽ ഇവ സ്ഥിരമായി നങ്കൂരമിടും.

 

കാബിൻ, പരമ്പരാഗത ശൈലികളിലുള്ളത് മുതൽ ആഡംബര സ്യൂട്ടുകൾ വരെ കപ്പൽ ഹോട്ടലുകളിൽ ഉണ്ടാകും. വിനോദം, ഭക്ഷണ-പാനീയങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയവയാണിത്.ഹോട്ടലുകൾ, അപ്പാർട്‌മെന്റുകൾ, കപ്പലുകൾ, അറേബ്യൻ ടെന്റുകൾ, ഫാൻസ് വില്ലേജുകൾ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള താമസ സൗകര്യങ്ങളാണ് കാണികൾക്കായി ഖത്തർ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിന്റെ 8 സ്റ്റേഡിയങ്ങളിലായി ഫിഫ ലോകകപ്പ് നടക്കുന്നത്. 15 ലക്ഷം കാണികളെയാണു ഖത്തർ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com