ഫുജൈറയിലെ പ്രളയം; പാസ്പോർട്ട് അടക്കം രേഖകൾ നഷ്ടപ്പെട്ട് നൂറുകണക്കിന് പേർ, യുഎഇയിൽ മഴ തുടരുന്നു

sad-man
Representative Image. Photo credit : TZIDO SUN / Shutterstock.com
SHARE

ഫുജൈറ ∙ എമിറേറ്റിലെ പ്രളയബാധിത മേഖലകളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായെങ്കിലും ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിനു താമസക്കാർക്ക്  പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.  പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്കു നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.

ലൈസൻസ്, ഓഫിസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. ഫുജൈറ കെഎംസിസിയുടെയും ഇതര സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ  ഭക്ഷണവും മറ്റു സഹായവും ലഭ്യമാക്കാൻ ആദ്യദിവസം മുതൽ സജീവമാണ്. ഫസീൽ മേഖലയിലെ വില്ലകളിൽ താമസിച്ചിരുന്ന പലരും ഇപ്പോഴും ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്.

fujairah
ഫുജൈറ പ്രളയബാധിത മേഖലയിൽ ചെളിയും വെള്ളവും നീക്കി ഗതാഗതയോഗ്യമാക്കിയ റോഡ്.

താമസകേന്ദ്രങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും ചെളി പൂർണമായും നീക്കം ചെയ്തിട്ടില്ല. നവീകരണ ജോലികൾ പൂർത്തിയായി താമസം തുടങ്ങാൻ ഇനിയും വൈകും. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളടക്കം നശിച്ചു. ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ലക്ഷക്കണക്കിനു ദിർഹത്തിന്റെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്. താമസകേന്ദ്രങ്ങളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. റോഡുകളിൽ കെട്ടിക്കിടന്ന ചെളിയും വെള്ളവും നീക്കി ഗതാഗതയോഗ്യമാക്കി. 

സഹായം ഉറപ്പാക്കും

രേഖകൾ നഷ്ടമായവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഫുജൈറ കെഎംസിസി പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ റിപ്പോർട്ട് ചെയ്താൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് കെഎംസിസി പ്രവർത്തകരായ ഫിറോസ് താനൂർ, ഷംസു വലിയകുന്ന് എന്നിവർ പറഞ്ഞു. ദുരിതബാധിതർക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രങ്ങൾ, അവശ്യസാധനങ്ങളടങ്ങിയ കിറ്റ് തുടങ്ങിയവ എത്തിച്ചു.

ഹോട്ടലുകളിൽ താമസിക്കുന്നവർക്കു ഭക്ഷണത്തിനും മറ്റും സൗ കര്യമൊരുക്കി. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായവർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി കഴിഞ്ഞദിവസം കെഎംസിസി നേതാക്കളായ ഡോ. പുത്തൂർ റഹ്മാൻ, അൻവർ നഹ എന്നിവർക്ക് ഉറപ്പുനൽകിയിരുന്നു. പ്രളയത്തിൽ വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി വിവിധ ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുക. നൂറുകണക്കിനു വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചു. 

രക്ഷാദൗത്യം പൂർണം

വടക്കൻ എമിറേറ്റുകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങളും നവീകരണ ജോലികളും പൂർത്തിയായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ സൈനികരും ദ്രുതകർമ വിഭാഗവും നൂറോളം സൈനിക വാഹനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. പ്രളയബാധിത മേഖലകളിൽ നിന്ന് 870 പേരെ രക്ഷപ്പെടുത്തി. വീടുകളിൽ വെള്ളം കയറിയ 4,000 പേർക്കു സഹായം ലഭ്യമാക്കി.

യുഎഇയിൽ മഴ തുടരുന്നു

ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ മഴ തുടരുന്നു. അബുദാബി അൽ ദഫ്ര മേഖലയിലും ദുബായ്-അൽഐൻ റോഡിലും മഴ ശക്തമായിരുന്നു. അജ്മാനിലെ മുസൈറയിലും പരിസരങ്ങളിലും മഴ െപയ്തെങ്കിലും ശക്തമായില്ല. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}