ദുബായിൽ സൂക്ഷിച്ചിരുന്ന രാജ്കുമാറിന്റെ ചിതാഭസ്മം താഹിറ നാട്ടിലെത്തിക്കും; മക്കളുടെ കാത്തിരിപ്പിന് വിരാമം ‌

thahira
SHARE

ദുബായ് ∙ കോവിഡ്19 ബാധിച്ച് ദുബായിൽ മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പന്റെ (44) ചിതാഭസ്മം കൊണ്ടുപോകൻ തയാറായി മലയാളി സാമൂഹിക പ്രവർത്തക. അൽ െഎൻ ആരോഗ്യ വിഭാഗത്തിൽ (സേഹ) ഒാഡിയോളജിസ്റ്റായ കോഴിക്കോട് മൂഴിക്കൽ സ്വദേശി താഹിറ കല്ലുമുറിക്കലാണ് രാജ്കുമാർ തങ്കപ്പന്റെ  മക്കളുടെ  ആഗ്രഹം പൂർത്തീകരിക്കാൻ മുന്നോട്ട് വന്നത്. നിയമനടപടികൾ പൂർത്തീകരിച്ചാലുടൻ ചിതാഭസ്മം കോയമ്പത്തൂരിൽ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

രണ്ട് ദിവസത്തിനകം നടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും അടുത്ത വാരാന്ത്യത്തിൽ തന്നെ കോയമ്പത്തൂർ പോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താഹിറ മനോരമ ഒാൺലൈനോട് പറഞ്ഞു. യുവതിയുടെ പ്രവർത്തനങ്ങൾക്ക് െഎടി കമ്പനി നടത്തുന്ന ഭർത്താവ് ഫസലുൽ റഹ്മാന്റെയും മക്കളുടെയും പൂർണ പിന്തുണയുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോൾ ആണ് രാജ്കുമാർ തങ്കപ്പന്റെ മക്കളുടെ ആഗ്രഹപ്രകാരം ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. ജോലി സംബന്ധമായ കാരണങ്ങളാൽ ഇത് നാട്ടിലെത്തിക്കാനാകാതെ ഇൗ യുവാവ് പ്രതിസന്ധിയിലായിരുന്നു.

sijo

താഹിറ മുന്നോട്ടു വന്നതിന് പിന്നിലെ കഥ

2012 മുതൽ യുഎഇയിലുള്ള താഹിറ ആരോഗ്യമേഖലയിലെ ജോലിക്കിടെയാണ് സാമൂഹികപ്രവർത്തന രംഗത്ത് സജീവമായത്. കോവിഡ് മുന്നണിപ്പോരാളിയായ  ഇൗ യുവതി തന്റെ അനുഭവങ്ങൾ ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്– ഇൗ സമയവും കടന്നുപോകും. ഇത്  ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടി. തന്റെ സുഹൃത്തിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് കണ്ടാണ് താഹിറ രാജ് കുമാറിന്റെ കുടുംബവുമായി ബന്ധപ്പെടുന്നത്. പുസ്തകം വിറ്റ് കിട്ടിയ 25,000 രൂപ മാതാവും പിതാവും നഷ്ടപ്പെട്ട രാജ് കുമാറിന്റെ മകൾ ബ്യൂട്ടിലിൻ റെക്സിയുടെ ബിഎഡ് പഠനത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് തന്റെ പിതാവിന്റെ ചിതാഭസ്മം സിജോ പോൾ സൂക്ഷിക്കുന്ന കാര്യം മകളും സഹോദരനും വെളിപ്പെടുത്തുന്നത്. അത് നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

sijo-1

പിന്നീട് സിജോയെ ബന്ധപ്പെട്ട് ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മറ്റാരെയും ലഭിക്കാത്തതിനാൽ ഒടുവിൽ താഹിറ തന്നെ ഇതിന് മുന്നിട്ടിറങ്ങുകയായിരുന്നു. സാധാരണഗതിയിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതൽ  നടപടികൾ പൂർത്തിയാക്കിയാലേ ഇത് സാധ്യമാകൂ. എങ്കിൽ ചരിത്രത്തിലാദ്യമായി ഗൾഫിൽ നിന്ന് ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത് യാഥാർഥ്യമാകും. താഹിറയും സിജോ പോളും ചരിത്രത്തിലിടം നേടുകയും ചെയ്യും.

സിജോ പോളിന്റെ കൈയിൽ ചിതാ ഭസ്മമെത്തിയ കഥ

മാവേലിക്കര കുറുത്തികാട് സിഎംഎസ് ചിൽഡ്രൻസ് ഹോമിലാണ് 12–ാം  വയസ്സുമുതൽ സിജോ പോൾ വളർന്നത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതാണ് ഇവിടെയെത്താൻ കാരണം. ഏഴാം ക്ലാസ് മുതൽ ചുനക്കര ഗവ.ഹൈസ്കൂളിൽ പഠിച്ചു. തുടർന്ന് ഉൗട്ടി കൂണൂരിൽ നിന്ന് കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ഡിപ്ലോമ കരസ്ഥമാക്കി. രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷം ആറ് വർഷം മുൻപ് യുഎഇയിലെത്തി. ദെയ്റ സിറ്റി സെന്ററിനടുത്തെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പിന്നീട് അത് നഷ്ടപ്പെട്ടു. മഹാമാരി ലോകത്താകമാനം താണ്ഡവമാടുന്ന കാലം. ആ സമയത്താണ് അജ്മാനിൽ ജോലി ചെയ്തിരുന്ന രാജ് കുമാർ തങ്കപ്പൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. 2020 മേയ് 14ന്. 

'നമ്മുടെ സഹോദരൻ തമിഴ്നാട് കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പൻ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുറച്ച് നാൾ മുൻപാണ് നാട്ടിൽ അപകടത്തിൽ മരിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. അവര്‍ക്ക് പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്നുണ്ട്. യുഎഇയിലുള്ള സിഎംഎസ് സഹോദരന്മാർ ആരെങ്കിലും ഇതിന് മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു'– ഇത്തരമൊരു സന്ദേശം ഗ്രൂപ്പിൽ കണ്ടതു മുതൽ സിജോയുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. രാജ് കുമാർ തങ്കപ്പന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഇതുപോലെ സംഭവിക്കുമായിരുന്നല്ലോ എന്നോർത്ത് ഏറെ വിഷമിച്ചു. അങ്ങനെയാണ് അധികൃതരുമായ് ബന്ധപ്പെടുന്നത്.

അൽ െഎനിലായിരുന്നു രാജ് കുമാർ തങ്കപ്പന്റെ മൃതദേഹം ദഹിപ്പിച്ചത്. നാട്ടില്‍ നിന്ന് മതിയായ രേഖകൾ വരുത്തിച്ച് അവ സമർപ്പിച്ച് ചിതാഭസ്മം അജ്മാൻ ഖലീഫ ആശുപത്രിയിൽ നിന്ന് സിജോ  കൈപ്പറ്റി. താൻ തന്നെ നേരിട്ട് ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സിജോ പറഞ്ഞു. പക്ഷേ, അതിന് മൃതദേഹം കൊണ്ടുപോകുന്നതു പോലെ തന്നെ കടമ്പകൾ ഏറെ കടക്കാനുണ്ടായിരുന്നു.

rajkumar

ഇതേ സമയത്തായിരുന്നു, സിജോ നേരത്തെ ചെന്നൈയിൽ ജോലി ചെയ്തിരുന്ന കമ്പനി ദുബായിൽ ശാഖ തുടങ്ങുന്നത്. അവിടെ ജോലി ലഭിക്കുകയും ചെയ്തതോടെ നാട്ടിലേക്കുള്ള യാത്രയും നീണ്ടു. ഭാര്യയും മകളും ദുബായിലെത്തിയതോടെ അത് അനിശ്ചിതമായി നീണ്ടു. ചിതാഭസ്മം ഭാര്യ പോലുമറിയാതെ സിജോ ചെറിയൊരു ബോക്സിലാക്കി തുണി കൊണ്ടു പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഒൻപത് മാസം മുൻപ് ഭാര്യയും മകളും തിരിച്ചുപോയി. പക്ഷേ, ചിതാഭസ്മം അവരെ ഏൽപിക്കാൻ സാധിച്ചില്ല. കുടുംബം പോയതോടെ ബാച്‌ലേഴ്സ് മുറിയിലേയ്ക്ക് താമസം മാറ്റി. സഹമുറിയന്മാരോടു പോലും തന്റെ കൈയിൽ അജ്ഞാത സുഹൃത്തിന്റെ ചിതാഭസ്മമുണ്ടെന്ന് പറയാനുള്ള ധൈര്യം സിജോയ്ക്കില്ലായിരുന്നു. പിന്നീട്, ഒറ്റ മുറിയിലേക്ക് താമസം മാറിയപ്പോഴും ചിതാഭസ്മം സൂക്ഷിച്ചിടത്താണ് താൻ ഒറ്റയ്ക്ക് കഴിയുന്നതെന്ന ചിന്ത അലട്ടിയില്ല. ആ മക്കളുടെ കണ്ണീരോടെയുള്ള കാത്തിരിപ്പിന് മുന്നിൽ അത്തരം ഭയത്തിനൊന്നും സ്ഥാനമില്ലെന്ന് സിജോ പറയുന്നു.

കല്ലറയൊരുക്കി കാത്തിരിക്കുന്നു...

കന്യാകുമാരിയിലെ വീട്ടിൽ പ്രതീകാത്മക കല്ലറ നിർമിച്ച് രാജ് കുമാർ തങ്കപ്പന്റെ മക്കളും ബന്ധുക്കളും പ്രാർഥനയാൽ കഴിയുന്നു. അവിടെ തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ചിതാഭസ്മം അടക്കം ചെയ്യണമെന്നായിരുന്നു എംഎസ് സി പൂർത്തിയാക്കി ബിഎഡിന് ചേരാൻ നിൽക്കുന്ന മകളുടെയും ഇലക്ട്രിക്കൽ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ മകന്റെയും ആഗ്രഹം. 

English Summary : Keralite social worker Thahira will brihg home funeral remains of Rajkumar died in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA