‘ഓൺലൈൻ ചിക്കൻ’ റാഞ്ചി, മലയാളിയുടെ അക്കൗണ്ടിലെ 45,500 രൂപ!; വെല്ലുവിളിയായി തട്ടിപ്പ്

online-fraud
Photo Credit : David Evison / Shutterstock.com
SHARE

ദുബായ് ∙ ഓൺലൈൻ വഴി 21 ദിർഹത്തിന്റെ (ഏകദേശം 455 രൂപ) ഭക്ഷണം ഓർഡർ ചെയ്ത മലയാളിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 2,100 ദിർഹം (ഏകദേശം 45,500 രൂപ). ഷാർജ അൽഖാനിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോസ് ജോർജ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനാണ് പ്രമുഖ ഭക്ഷ്യസ്ഥാപനത്തിന്റെ സൈറ്റിൽ ബുക്ക് ചെയ്തത്. മുഴുവൻ പണവും നഷ്ടപ്പെട്ട് ഡെബിറ്റ് കാർഡ് 'സംപൂജ്യ'മാകാൻ അധികം സമയം വേണ്ടിവന്നില്ല. പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി കാത്തിരിക്കുകയാണ് അദ്ദേഹം. 

10 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ജോസ് ജോർജ് പറയുന്നു. ചിക്കൻ വിഭവം ഓർഡർ ചെയ്തപ്പോൾ ഒടിപി മെസേജ് വന്നു. ആ നമ്പർ അടിച്ചുകൊടുത്ത് അൽപം കഴിഞ്ഞപ്പോൾ വീണ്ടും ഒടിപിയെത്തിയെങ്കിലും സംശയം തോന്നി ഒഴിവാക്കി. 

പിന്നീട് ഓഫിസിനു സമീപമുള്ള സൂപ്പർ മാർക്കറ്റിൽ നിന്നു സാധനം വാങ്ങുന്നതിനിടെ 2 തവണയായി അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചെന്ന സന്ദേശം മൊബൈലിൽ എത്തി. ഉടൻ ബാങ്കിൽ വിളിച്ചുപറഞ്ഞപ്പോൾ അവരും സ്ഥിരീകരിച്ചു. പണം പിൻവലിച്ചതെന്ന സന്ദേശം വേറൊരു സ്ഥാപനത്തിന്റെ പേരിൽ വന്നതിനാൽ അവിടെ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ, സമാനരീതിയിൽ തട്ടിപ്പിനിരയായ വേറെയും ആളുകളുണ്ടായിരുന്നതായി ഇദ്ദേഹം പറയുന്നു. 

ഓൺലൈൻ ഷോപ്പിങ്, പഠനം, വിനോദങ്ങൾ, ബാങ്കിങ്  തുടങ്ങിയ മേഖലകൾ സൈബർ തട്ടിപ്പുകാരിൽ നിന്നു വൻ ഭീഷണി നേരിടുന്നതായി യുഎഇ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സൈബർ വല വ്യാപകം

കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾ കൂടിയതോടെയാണ് തട്ടിപ്പ് വ്യാപകമായത്. രാജ്യാന്തര ബന്ധമുള്ള വൻ ശൃംഖലയാണിത്. റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിൽ വെബ്സൈറ്റ് തുടങ്ങുന്നതാണ് പുതിയ തന്ത്രം.  കുറഞ്ഞ വിലയ്ക്കു ഭക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഇവരുടെ രീതി. കാർഡ് വഴി പണം നൽകിയവർക്ക് സാധനങ്ങൾ കിട്ടാതിരുന്നപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഇടപാടു നടത്തുമ്പോൾ യഥാർഥ സ്ഥാപനമാണെന്ന് ഉറപ്പുവരുത്തണം. സാധനങ്ങൾ ഫോണിൽ ഓർഡർ ചെയ്ത് എത്തുമ്പോൾ മാത്രം പണം നൽകുന്നതാണ് സുരക്ഷിതം. 

ഇടപാടുകാരന്റെ മൊബൈൽ ഫോൺ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച്ച് (സിം സ്വാപ്) പണാപഹകരണം നടത്തുക, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുുക, വൈദ്യുത-ജല ബില്ലിന്റെ പേരിലുള്ള തട്ടിപ്പ് തുടങ്ങിയ കേസുകൾ വ്യാപകമായി. പൊലീസ് ഉദ്യോഗസ്ഥനും സെൻട്രൽ ബാങ്ക് പ്രതിനിധിയായും പരിചയപ്പെട്ടുത്തിയും തട്ടിപ്പുകാർ മുന്നിലെത്താം. 

പരാതി വൈകരുത്

തട്ടിപ്പിനിരയായാൽ ഉടൻ പൊലീസിനെ അറിയിക്കുക. ഫോൺ: 901, സൈറ്റ്: ecrime.ae. പൊലീസ് ആപ്, സ്മാർട് പൊലീസ് സ്റ്റേഷൻ സേവനങ്ങളും ഉപയോഗപ്പെടുത്താം. ബാങ്കിലും പരാതി നൽകണം. പാസ് വേഡുകൾ ഇടയ്ക്കു മാറ്റുന്നതു സുരക്ഷിതമാണ്. പാസ് വേഡ് കൂടുതൽ ശക്തമാക്കാം.സ്വകാര്യ ഉപയോഗത്തിനുള്ള കംപ്യൂട്ടറിൽ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉണ്ടാകണം. ഇവ യഥാസമയം അപ്ഗ്രേഡ് ചെയ്യുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}