ADVERTISEMENT

ദുബായ് ∙ വടക്കൻ എമിറേറ്റുകളിലെ പ്രളയബാധിത മേഖലകളിൽ ജനജീവിതം സാധാരണ നിലയിലായി. ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ വീടുകളിൽ താമസക്കാർ മടങ്ങിയെത്തിയെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.

 

ദിവസങ്ങളോളം രാത്രിയും പകലും നീണ്ട ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ വാഹന ഗതാഗതവും പൂർവസ്ഥിതിയിലായി. പൂർണമായും  നശിച്ച വീടുകളിലെ താമസക്കാർക്ക് സർക്കാർ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ മലയാളികളടക്കമുള്ള താമസക്കാർക്ക് കനത്ത നാശനഷ്ടമാണുണ്ടായത്.

 

കടകളിൽ വെള്ളം കയറി ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നശിച്ചിരുന്നു. പലർക്കും പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായി. പാസ്പോർട്ട് നഷ്ടമായ 80 പേരുടെ  അപേക്ഷ  ഇതുവരെ കിട്ടിയെന്ന്  ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഫുജൈറയിലെയും കൽബയിലെയും ബിഎൽഎസ് കേന്ദ്രങ്ങളിലാണ് അപേക്ഷ സ്വീകരിച്ചത്.

 

കോൺസുലേറ്റ് പ്രതിനിധികൾ ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. പ്രളയത്തിൽ 5 പാക്കിസ്ഥാൻ സ്വദേശികളടക്കം 7 ഏഷ്യക്കാർ മരിച്ചതായാണ് റിപ്പോർട്ട്.  ഒട്ടേറെ വാഹനങ്ങൾ തകരുകയും വെള്ളംകയറി നശിക്കുകയും ചെയ്തിരുന്നു. 

 

നിരീക്ഷണം, പട്രോളിങ് തുടരും

 

രാജ്യത്തിന്റെ ചിലമേഖലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്  എല്ലാ എമിറേറ്റുകളിലും ജാഗ്രതാ നിർദേശം നൽകി. മഴയ്ക്കും കാറ്റിനും സാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കുകയും കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സമിതി, പ്രതിരോധ മന്ത്രാലയം, പൊലീസ്, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഊർജ-അടിസ്ഥാന സൗകര്യവികസന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ കർമപദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com