ADVERTISEMENT

ദോഹ ∙ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പ്രാദേശികതയുടെ ഏറ്റവുമധികം കയ്യൊപ്പ് പതിഞ്ഞ സ്റ്റേഡിയം ദോഹ നഗരത്തോട് ചേർന്ന് തലപ്പാവ് അണിഞ്ഞ് നിൽക്കുന്ന അൽ തുമാമയാണ്.   പേരിൽ മുതൽ നിർമാണത്തിൽ വരെ പ്രാദേശികത നിറഞ്ഞ, 40,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം 2021 ഒക്‌ടോബർ 22നാണ് ഉദ്ഘാടനം ചെയ്തത്. ലോകകപ്പിൽ നവംബർ 21ന് സെനഗലും നെതർലൻഡും തമ്മിലുള്ള മത്സരത്തിനാണ് ആദ്യം വേദിയൊരുക്കുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ 8 മത്സരങ്ങൾക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കും.

പേര് പറയും പ്രാദേശികതയുടെ ആഴം

'അൽ തുമാമ' എന്ന മരത്തിന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്. അറബ് മേഖലയിലെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം നിർമാണം. ഇത് ഖത്തരി സമൂഹത്തിന്റെ സാംസ്‌കാരികതയും പൈതൃകവും പ്രകടമാക്കുന്നു. സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത് സ്വദേശി പൗരനും അറബ് എൻജിനീയറിങ് ബ്യൂറോയിലെ ചീഫ് ആർക്കിടെക്റ്റുമായ ഇബ്രാഹിം.എം.ജൈദയും. രാജ്യത്തിന്റെ ഭൂതവും ഭാവിയും കോർത്തിണക്കിയുള്ളതാണ് ഡിസൈൻ. നിർമാണം പ്രാദേശിക കമ്പനിയായ അൽ ജാബറും. തുർക്കിയുടെ ടെക്‌ഫെൻ കൺസ്ട്രക്‌ഷൻ കമ്പനിയും നിർമാണ പങ്കാളിയാണ്. 

al-thumama-pitch
സ്‌റ്റേഡിയത്തിലെ പിച്ച്.

സുസ്ഥിരതയിൽ ഊന്നിയ സൗകര്യങ്ങൾ

 5,15,400 ചതുരശ്ര മീറ്ററാണ് സ്റ്റേഡിയം. അടുത്തിടെയാണ് ജല കാര്യക്ഷമതാ സംവിധാനം ഉൾപ്പെടെ സുസ്ഥിരതയിലൂന്നിയ നിർമാണത്തിനും ഡിസൈനിനും ഗോർഡിന്റെ ആഗോള സുസ്ഥിരതാ സംവിധാനത്തിന്റെ പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചത്. സ്‌റ്റേഡിയത്തിന് ചുറ്റും കാണികൾക്ക് വിശ്രമിക്കാൻ പബ്ലിക് പാർക്കുണ്ട്. തണലേകാൻ 400  മരങ്ങളും.4 ഔട്ട് ഡോർ പിച്ചുകളാണുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യയും പരിസ്ഥിതി സൗഹൃദം തന്നെ. ഫിഫ സ്‌റ്റേഡിയങ്ങളിലേക്കുള്ള ശിതീകരണ സാങ്കേതിക സംവിധാനം പിറവിയെടുത്തത് അൽ തുമാമ സ്റ്റേഡിയത്തിലാണ്. സൗരോർജം ഉപയോഗിച്ചുള്ള സംവിധാനം ആദ്യം പരീക്ഷിച്ചത് ഇവിടുത്തെ മിനി സ്റ്റേഡിയത്തിലാണ്. മിനി സ്റ്റേഡിയം ഇപ്പോൾ ഗവേഷണ കേന്ദ്രമായി മാറി.

യാത്ര എളുപ്പം

നഗര മധ്യത്തോടു ചേർന്നാണ് സ്റ്റേഡിയം. സെൻട്രൽ ദോഹയിൽ നിന്ന് 6 കിലോമീറ്റർ മാത്രം അകലം. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരം. സ്റ്റേഡിയത്തിൽ നിന്ന് രാജ്യത്തിന്റെ ഏതു ഭാഗത്തേയ്ക്കും വേഗമെത്താം. മെട്രോ സൗകര്യമില്ലെങ്കിലും കർവ ബസ്, ടാക്‌സി സൗകര്യവുമുണ്ട്. ടൂർണമെന്റ് സമയത്ത് കാണികൾക്ക് സൗജന്യ സ്‌റ്റേഡിയം എക്സ്പ്രസ് ഷട്ടിൽ സർവീസും ലഭ്യമാകും. 

ലോകകപ്പ് കഴിഞ്ഞാൽ

ലോകകപ്പ് കഴിഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്യൂണിറ്റി ഹബ്ബായി സ്റ്റേഡിയം മാറും. ആസ്‌പതാർ കായിക ക്ലിനിക്ക്, 60 മുറികളോടു കൂടിയ ആഡംബര ഹോട്ടൽ, സൈക്കിൾ പാത, വാണിജ്യ യൂണിറ്റുകൾ, പള്ളി എന്നിവയെല്ലാം സജ്ജമാകും. ടെന്നിസ്, ബാസ്‌ക്കറ്റ്‌ ബോൾ കോർട്ടുകളും ഉണ്ടാകും. 20,000 സീറ്റുകൾ കായിക സൗകര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങൾക്ക് സംഭാവന നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com