ADVERTISEMENT

അബുദാബി ∙ മലയാളികളടക്കമുള്ള ഇന്ത്യൻ സന്ദർശകരുടെ വരവ് കൂടിയതോടെ വേനലിലും ആവേശം കത്തിപ്പടർന്ന് മരുഭൂമിയിലെ സാഹസിക വിനോദങ്ങൾ. ഡെസേർട് സഫാരി സീസൺ അടുത്തമാസമാണ് തുടങ്ങുന്നതെങ്കിലും പതിവുതെറ്റിച്ചു 'മണൽക്കാട്ടിൽ'  തിരക്കേറി.

 

ഏതാനും ആഴ്ചകൾക്കിടെ ആയിരക്കണക്കിന് ഇന്ത്യക്കാർ എത്തിയതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു. പൊതുവേ സന്ദർശകർ കുറയുന്ന വേനൽക്കാലത്ത് ഹോട്ടലുകളിലും മറ്റു താമസകേന്ദ്രങ്ങളിലും വാടക കുറയുന്നതിനാൽ സാധാരണക്കാർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ വന്നു പോകാം. ഇന്ത്യയിലെ വിവിധ ഏജൻസികൾ ആകർഷകമായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

 

മാർച്ച് 31ന് എക്സ്പോ അവസാനിച്ച ശേഷവും വിദേശ സന്ദർശകർ ധാരാളമെത്തുന്നു. ഇതിൽ ഇന്ത്യക്കാരാണ് ഒന്നാമത്. ദുബായിൽ മാത്രം ഈ വർഷം ആദ്യ പകുതിയിൽ 40 ലക്ഷം ഇന്ത്യക്കാരെത്തി. 

ഒട്ടകസവാരി നടത്തുന്ന വിനോദസഞ്ചാരികൾ.
ഒട്ടകസവാരി നടത്തുന്ന വിനോദസഞ്ചാരികൾ.

 

ആഘോഷ സമൃദ്ധം

 

സെപ്റ്റംബർ മുതൽ മേയ് വരെയുള്ള സീസണിൽ ഇത്തവണ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നതായി ടൂർ ഓപ്പറേറ്ററായ തൃശൂർ പെരുമ്പിലാവ് സ്വദേശി അൻവർ പറഞ്ഞു. വൈകിട്ട് 4നു പുറപ്പെട്ട് രാത്രി പത്തോടെ മടങ്ങുന്ന പാക്കേജിൽ സഞ്ചാരികളുടെ താൽപര്യമനുസരിച്ച് കൂടുതൽ പരിപാടികൾ ഉൾപ്പെടുത്താറുണ്ട്. ഡിജെ, ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും മരുഭൂമിയിലെ ടെന്റിൽ അറേബ്യൻ വിരുന്നും ഉണ്ടാകും.

 

6 പേരാണ് ഒരു വാഹനത്തിലുണ്ടാകുക. ക്വാഡ് ബൈക്ക്, ഡ്യൂൺ ബഗി സവാരി, ക്യാമൽ ട്രക്കിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. ഒരാൾക്ക് ശരാശരി 300 ദിർഹമാണ് നിരക്കെങ്കിലും പാക്കേജുകൾക്കനുസരിച്ചാണ് നിശ്ചയിക്കുക. ക്വാഡ് ബൈക്കുകാരെ പരിചയ സമ്പന്നരുടെ മേൽനോട്ടത്തിൽ സംഘമായാണ് അയയ്ക്കുക. യുഎഇയിലെ 7 എമിറേറ്റുകളിലും ഡെസേർട് സഫാരിക്ക് സൗകര്യമുണ്ട്. അൽ ദഫ്ര, ലിവ മരുഭൂമി, ഫയ, ബദൈർ, സൈഫ, അൽ ബൈത്, ദൈദ്, മലീഹ തുടങ്ങിയവ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. 

 

ലഘുഭക്ഷണം ഉചിതം

 

ഡെസേർട് സഫാരിക്ക് പോകും മുൻപ് അമിത ഭക്ഷണം കഴിക്കരുതെന്ന് സംഘാടകർ. കുത്തനെയുള്ള മണൽക്കൂനകളിലേക്കു ഫോർവീലറുകൾ കുതിക്കുകയും ചാഞ്ഞും ചെരിഞ്ഞും അതിവേഗം താഴേക്കു വരുമ്പോഴും ഛർദിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകാം.ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, തീരെ ചെറിയ കുട്ടികൾ എന്നിവരും യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം.

 

അറിയാത്ത യാത്ര ഒറ്റയ്ക്കു വേണ്ട

 

ഡൈവിങ് പരിചയം കുറഞ്ഞവരും മരുഭൂമി പരിചിതമല്ലാത്തവരും സ്വന്തം വാഹനത്തിൽ യാത്ര നടത്തുന്നത് സുരക്ഷിതമല്ല. പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിനു പുറമേ പരിചയ സമ്പന്നരും ഒപ്പമുണ്ടാകണം. എവിടേക്കാണ് യാത്ര പോകുന്നതെന്ന് അടുത്ത സുഹൃത്തുകളോടു പറയണം. പൊടിക്കാറ്റും മഴയുമുള്ളപ്പോൾ യാത്ര പോകരുത്. മരുഭൂമിയിൽ നിന്നു മടങ്ങുമ്പോൾ, ബാർക്യുവിനൊരുക്കിയ തീകെടുത്തി അവശിഷ്ടങ്ങളും ചപ്പുചവറുകളും നീക്കം ചെയ്തില്ലെങ്കിൽ പിഴ ലഭിക്കും. എല്ലാ മേഖലകളിലും നിരീക്ഷണ ക്യാമറകളുണ്ട്.

 

ക്വാഡിൽ പരിധി വിടേണ്ട

 

∙ ക്വാഡ് ബൈക്കുകളിലെയും ഡ്യൂൺ ബഗികളിലെയും യാത്ര കുട്ടിക്കളിയല്ല. യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. മണലിൽ വീണാലും തലയ്ക്കു ഗുരുതര പരുക്കേൽക്കും.

 

∙ അനുവദിക്കപ്പെട്ട മേഖലകളിൽ മാത്രം യാത്ര ചെയ്യുക. അഭ്യാസപ്രകടനങ്ങളിൽ നിയന്ത്രണം പാലിക്കുക. ക്ഷീണം തോന്നിയാൽ യാത്ര അവസാനിപ്പിക്കുക.

 

∙ പൊടിക്കാറ്റും ചെറിയ മണൽക്കൂനകളും കാഴ്ച മറയ്ക്കുന്നതിനാൽ കൂട്ടിയിടികൾക്കു സാധ്യതയേറെ. വിശ്രമമില്ലാതെ പായുന്ന ബൈക്കുകൾ തീപിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 

കൈവിടരുത് കരുതൽ

∙ വാഹനത്തിനു തകരാറില്ലെന്ന്  ഉറപ്പുവരുത്തണം.യാത്രയ്ക്കു മുൻപ് സർവീസ് ചെയ്യുന്നത് നല്ലതാണ്. ചെറുയാത്രയാണെങ്കിലും ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം. മരുഭൂമിയിൽ ടയറുകളിലെ കാറ്റ് കുറയ്ക്കണം.

 

∙ ദീർഘദൂര യാത്രയാണെങ്കിൽ കൂടുതൽ ഭക്ഷണവും വെള്ളവും കരുതണം.

 

∙ മൊബൈൽ ഫോൺ ചാർജറും പവർബാങ്കും എടുക്കാൻ മറക്കരുത്. ഫസ്റ്റ് എയ്ഡ് കിറ്റുകൾ കരുതണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com