ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ ഖത്തർ ടീമിനെ പിന്തുണയ്ക്കാൻ പ്രമോഷനൽ ക്യാംപെയ്ൻ പ്രഖ്യാപിച്ച്  ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്). ഒക്‌ടോബർ 2ന് നടക്കുന്ന ടീമിന്റെ പരിശീലനം കാണാൻ ആരാധകർക്ക് അവസരവുമൊരുക്കും. 

മിഷ്‌റെബ്, ലുസെയ്ൽ, വിവിധ സ്‌കൂളുകൾ എന്നിവിടങ്ങളിൽ വ്യത്യസ്ത ഇവന്റുകളും വിനോദ പരിപാടികളും സംഘടിപ്പിക്കുമെന്ന് ക്യുഎഫ്എ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് അൽ ഖുവാരി വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ക്യാംപെയ്ൻ സജീവമാകുമെന്നും പറഞ്ഞു.  ഖത്തറിനോടുള്ള സ്‌നേഹം, നിങ്ങളുടെ സന്തോഷത്താൽ ഞങ്ങളെ ശക്തരാക്കൂ എന്നീ മുദ്രാവാക്യങ്ങളിലാണ് സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്ൻ. സ്‌നാപ് ചാറ്റിൽ ഉൾപ്പെടെ ക്യാംപെയ്ൻ ആരംഭിച്ചു. ലോകകപ്പിനായി രാജ്യത്തെ അണിയിച്ചൊരുക്കുന്ന പൊതുമരാമത്ത് അതോറിറ്റി യുടെ സീന പദ്ധതിയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി വീടുകൾ അലങ്കരിക്കാൻ ഖത്തരി ആരാധകരെ ക്ഷണിക്കാനുള്ള അവസരം കൂടിയായി ക്യാംപെയ്ൻ വിനിയോഗിക്കും. ഒക്‌ടോബറിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ആരാധകർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. എവിടെയൊക്കെയാണ് വിതരണം എന്നത് പിന്നീട് പ്രഖ്യാപിക്കും. അടുത്തിടെ പുറത്തിറക്കിയ ഖത്തർ ടീമിന്റെ ജഴ്‌സി വൈകാതെ ഖത്തറിലെ നൈക് സ്റ്റോറുകളിലും ക്യുഎഫ്എ വിൽപനശാലകളിലും ലഭിക്കും.  ക്യാംപെയ്‌ന്റെ ഭാഗമായി ആരാധകർക്കായി നടത്തുന്ന പരിപാടികളിൽ കാർ അലങ്കാര പരിപാടികളുമുണ്ട്. നവംബർ 15ന് ലുസൈലിൽ നടക്കുന്ന ചടങ്ങിൽ അൽ നഹ്ദിയുടെ സഹകരണത്തോടെ കാർ അലങ്കാര സംരംഭത്തിന് തുടക്കമാകും. ഗതാഗത വകുപ്പിന്റെ നിബന്ധനകൾ പാലിച്ചു വേണം സ്റ്റിക്കറുകൾ ഒട്ടിക്കാൻ. വാഹനങ്ങൾ അലങ്കരിക്കാൻ ഡിസ്‌കൗണ്ട് കൂപ്പണുകളും ഓഫർ ചെയ്യും.

 ദേശീയ താരങ്ങളുടെയും ഖത്തറിന്റെ ദേശീയ പതാകയുടെയും ചിത്രങ്ങളടങ്ങിയ സ്റ്റിക്കറുകൾ കാറുകളിൽ  പതിക്കുന്നവർക്ക് സമ്മാന കൂപ്പണുകളും നൽകും. 750 റിയാലിന്റെ സ്റ്റിക്കറുകൾ വാങ്ങുന്നതിനായി 150 റിയാലിന്റെ കൂപ്പൺ ലഭിക്കും. 1,000 റിയാലിന്റേതിന് 200 റിയാലിന്റെ കൂപ്പൺ, 2,000 റിയാലിന്റേതിന് 5,00 റിയാൽ എന്നിങ്ങനെയാണ് കൂപ്പണുകൾ.  

English Summary : QFA Reveals Details of Promotional Campaign to Support National Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com