ADVERTISEMENT

ദോഹ ∙ ഫുട്‌ബോള്‍ ലോകത്തിന് ഖത്തറിലേയ്ക്ക് സ്വാഗതമേകി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവേചനങ്ങളില്ലാതെ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി വാതില്‍ തുറക്കുമെന്നും അമീര്‍. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന 77-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അമീര്‍. 

മധ്യപൂര്‍വ ദേശത്ത്, അറബ് മുസ്‌ലീം രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് ആണിത്. ചെറുതും ഇടത്തരവുമായ രാജ്യങ്ങളിലൊന്നിന് അസാധാരണമായ വിജയത്തോടെ ആഗോള ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നതും വൈവിധ്യത്തിനും ജനങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ക്കുമായി വിശാലമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവും ലോകം കാണുമെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

ലോകകപ്പിനിടെ ഖത്തറിലേയ്ക്കുള്ള പ്രവേശന വീസ കൂടിയായി മാറുന്ന ഹയാ കാര്‍ഡുകളെക്കുറിച്ചും അമീര്‍ പരാമര്‍ശിച്ചു. ഫുട്‌ബോള്‍ ആരാധകരെ ഇരുകൈയ്യും നീട്ടി ഖത്തറിലെ ജനങ്ങള്‍ സ്വീകരിക്കും. പൗരത്വം, മതം, ആശയങ്ങള്‍ എന്നിവ കണക്കിലെടുക്കാതെ തടസങ്ങള്‍ മറികടന്ന് സൗഹൃദത്തിന്റെ കൈ നീട്ടാനും ധാരണയുടെ പാലങ്ങള്‍ നിര്‍മിക്കാനും പൊതുവായ മാനവികത ആഘോഷിക്കാനുമാണ് ഖത്തറിന്റെ കടമയെന്നും അമീര്‍ വിശദമാക്കി.

ഊര്‍ജ പ്രതിസന്ധിയും വിവിധ രാജ്യങ്ങളിലെ നിലവിലെ പ്രശ്‌നങ്ങളും അമീര്‍ ചൂണ്ടിക്കാട്ടി. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ സമാധാനപരമായ പരിഹാരത്തിനും വെടിനിര്‍ത്തലിനും അമീര്‍ ആഹ്വാനം ചെയ്തു. പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ പലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യവും അമീര്‍ ആവര്‍ത്തിച്ചു. ഇറാഖ്, ലബനന്‍, യമന്‍ എന്നിവിടങ്ങളിലെ നിലവിലെ പ്രതിസന്ധികള്‍, അഫ്ഗാന്‍ വിഷയങ്ങള്‍ എന്നിവയില്‍ ഖത്തറിന്റെ നിലപാടുകളും അമീര്‍ വ്യക്തമാക്കി.

English Summary : Qatar emir says no 'discrimination' in bid to ease World Cup doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com