ADVERTISEMENT

ദോഹ∙ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത അതിഥികളെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള 3+1 സേവനത്തിന് അടുത്ത ആഴ്ച തുടക്കമാകും. ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഒരു ഹയാ കാർഡ് ഉടമയ്ക്ക് ലോകകപ്പ് മത്സര ടിക്കറ്റെടുക്കാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 3 പേരെ കൂടി രാജ്യത്തേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്നതാണ് 3+1 നയം.

ഈ 3 പേർക്ക് ലോകകപ്പ് ഫാൻ സോണുകളിലെ കാഴ്ചകളും വിനോദപരിപാടികളും ആസ്വദിക്കാം. ഹയാ പ്ലാറ്റ്‌ഫോം മുഖേനയാണ് 3 പേരുടെയും വിവരങ്ങൾ നൽകേണ്ടത്. ഇവരെ ഹയാ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് സുപ്രീം കമ്മിറ്റി ഹയാ കാർഡ് വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വ്യക്തമാക്കി. ഹയാ കാർഡ് ഉടമകൾ ക്ഷണിക്കുന്ന 3 പേർക്കും മത്സര ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വൗച്ചറുകൾ ഉൾപ്പെടെയുള്ള സ്ഥിരീകരണം ഇ-മെയിൽ വഴി ലഭിക്കും.

ക്ഷണിക്കപ്പെട്ട 3 പേർക്കും 500 റിയാൽ വീതം പ്രവേശന ഫീസ് നൽകണം. എന്നാൽ 3 പേരിൽ 12 വയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്. ലോകകപ്പ് ടിക്കറ്റെടുത്തവർക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. ഇതുവരെ 4,50,000 പേർക്ക് ഡിജിറ്റൽ ഹയാ കാർഡ് വിതരണം ചെയ്തു.  2,00,000 പ്രിന്റഡ് കാർഡുകളും നൽകി. ഖത്തറിനകത്തും പുറത്തുമുള്ളവർക്ക് തപാൽ മുഖേനയും പ്രിന്റ് ചെയ്ത ഹയാ കാർഡുകൾ എത്തിക്കുന്നുണ്ട്. ലോകകപ്പ് ടിക്കറ്റെടുത്തവരിൽ മുൻപിൽ സൗദിയാണ്.

യുഎസ്, യുകെ, മെക്‌സികോ എന്നിവരാണ് തൊട്ടുപിന്നിൽ. ഹയാ കാർഡിന് അപേക്ഷിച്ചിട്ടും ഇതുവരെ ഡിജിറ്റൽ കാർഡ് ലഭിക്കാത്തവർക്ക് ഇ-മെയിൽ മുഖേന അധികൃതരെ അറിയിക്കാം. അതേസമയം പ്രിന്റു ചെയ്ത കാർഡുകൾ നിർബന്ധമില്ലെന്നും ലോകകപ്പ് ടിക്കറ്റെടുത്തവർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതിയെന്നും അൽ ഖുവാരി വ്യക്തമാക്കി.

ഹയാ കാർഡ്‌.
ഹയാ കാർഡ്‌.

ഹയാ കാർഡ് കയ്യിലുണ്ടെങ്കിൽ

വിദേശ കാണികൾക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡുകൾ. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇക്കാലയളവിൽ ഒറ്റ ഹയാ കാർഡിൽ ഒന്നിലധികം തവണ രാജ്യത്തിന് പുറത്തു പോയി വരാം. 2023 ജനുവരി 23 വരെയാണ് ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ താമസിക്കാൻ അനുമതി. ഇവർക്ക് മത്സര ദിനങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര സൗജന്യമാണ്.

ആരാധകരുടെ ആരോഗ്യം കാക്കാൻ നൂറിലേറെ ക്ലിനിക്കുകൾ സജ്ജം

ദോഹ∙ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങളിലായി 100 മെഡിക്കൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സുപ്രീം ഹെൽത്ത് കെയർ കമ്യൂണിക്കേഷൻസ് കമ്മിറ്റി അധ്യക്ഷൻ അലി അബ്ദുല്ല അൽ ഖാദർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ ഫാൻ സോണുകളിലും കാണികൾക്ക് താമസം ഒരുക്കുന്ന ഫാൻ വില്ലേജുകളിലും വെവ്വേറെ ക്ലിനിക്കുകളും ഉണ്ടാകും. കാണികൾക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യവും ഇവിടങ്ങളിലെല്ലാം ഒരുക്കും. ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സർവീസ് വകുപ്പ്, അടിയന്തര ആവശ്യങ്ങൾക്കുള്ള കെയർ യൂണിറ്റുകൾ, എമർജൻസി യൂണിറ്റുകൾ എന്നിവയെല്ലാം ലോകകപ്പിൽ സേവനങ്ങൾ നൽകാൻ പൂർണസജ്ജമായി. കാണികൾക്കുള്ള ഫാൻ വില്ലേജുകളിൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും മെഡിക്കൽ സേവനം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com