ADVERTISEMENT

ദോഹ∙ കൈറ്റ് സര്‍ഫിങ് പോലുള്ള ജല കായിക ഇനങ്ങളില്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ലോകകപ്പിലെ മത്സരങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ഖത്തറിന്റെ ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ട് സന്ദര്‍ശിക്കാനും മറക്കേണ്ട. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി കടലിനു നടുവിലൂടെ പട്ടം പറപ്പിക്കാനും സ്‌കൂബ ഡൈവിങ്ങിനും ഒക്കെ താല്‍പര്യമുള്ള ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും മികച്ച വിനോദ ഇടമായി മാറാന്‍ തയാറെടുക്കുകയാണ് ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ട്.

 കൈറ്റ് സര്‍ഫിങ്ങ്
കൈറ്റ് സര്‍ഫിങ്ങ്

കൈറ്റ് സര്‍ഫിങ്ങിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മാറുന്ന ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ട് ഖത്തറിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ വലിയ ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല. ഒക്‌ടോബറില്‍ ഉദ്ഘാടനം ചെയ്യുന്ന റിസോര്‍ട്ടിലേക്കു കൈറ്റ് സര്‍ഫിങ് പ്രൊഫഷണലുകളായ സഞ്ചാരികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കൈറ്റ് സര്‍ഫിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്കായി അവരുടെ ജീവിതശൈലിയ്ക്ക് അനുയോജ്യമായ തരത്തില്‍ തന്നെയാണ് റിസോര്‍ട്ടിലെ സൗകര്യങ്ങളും. 

റിസപ്ഷന്‍ ഡെസ്‌കിന് മുകളിലെ സീലിങ്ങില്‍ തൂക്കിയിട്ടിരിക്കുന്ന സൈക്കിള്‍ ഇന്‍സ്റ്റലേഷന്‍
റിസപ്ഷന്‍ ഡെസ്‌കിന് മുകളിലെ സീലിങ്ങില്‍ തൂക്കിയിട്ടിരിക്കുന്ന സൈക്കിള്‍ ഇന്‍സ്റ്റലേഷന്‍

ഖത്തര്‍ ടൂറിസത്തിന്റെയും ഖത്തര്‍ എയര്‍വേയ്‌സിന്റെയും ഡിസ്‌കവര്‍ ഖത്തറിന്റെയും പിന്തുണയിലുള്ള റിസോര്‍ട്ട് ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റേതാണ്. 2023 ജനുവരിയില്‍ നടക്കുന്ന ജികെഎ ലോക ടൂറിന്റെ ഉദ്ഘാടന, ഫൈനല്‍ വേദി കൂടിയാണിത് എന്നതിനാല്‍ ലോകകപ്പ് കഴിഞ്ഞാലും റിസോര്‍ട്ട് ലോക ശ്രദ്ധ നേടും. ജല കായിക ഇനങ്ങള്‍ക്ക് മാത്രമായുള്ള, കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലെ സൗകര്യങ്ങളും അങ്ങോട്ടേക്കുള്ള യാത്രയെക്കുറിച്ചും അറിയാം.

പ്രധാന ഹാളിലെ കാഴ്ചകള്‍
പ്രധാന ഹാളിലെ കാഴ്ചകള്‍

ആസ്വദിച്ച് തന്നെ യാത്ര ആകാം

ദോഹ നഗരത്തില്‍ നിന്ന്  95 കിലോമീറ്റര്‍ അകലെ രാജ്യത്തിന്റെ വടക്കന്‍ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേയ്ക്ക് ഏകേേദശം ഒരു മണിക്കൂര്‍ 20 മിനിറ്റാണ് യാത്രാ സമയം. ഫുവൈറിത്ത് വില്ലേജിന്റെ തെക്കു-കിഴക്ക് നിന്നാണെങ്കില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ആണ് റിസോര്‍ട്ടിലേയ്ക്കുള്ളത്. റിസോര്‍ട്ടിലേയ്ക്കുള്ള ഓഫ്-റോഡ് യാത്രക്കിടെ ഖത്തറിന്റെ പഴയകാല കാഴ്ചകളും ആസ്വദിയ്ക്കാം. മരുഭൂമിയില്‍ അങ്ങിങ്ങായി പുരാതന വീടുകളുടെ അവശിഷ്ടങ്ങളും കാണാം. വേനല്‍ക്കാലത്ത് യാത്രയ്ക്ക് ചൂടേറുമെങ്കിലും ലോകകപ്പ് ശൈത്യകാലത്തായതിനാല്‍ ഇങ്ങോട്ടേക്കുള്ള വരവ്  ആരാധകര്‍ക്ക് നല്ലൊരു ഓഫ്-റോഡ് യാത്രാനുഭവം തന്നെയാകും. 

പ്രധാന ഹാളിലെ കാഴ്ചകള്‍
പ്രധാന ഹാളിലെ കാഴ്ചകള്‍

കലയും പൈതൃകവും 

വിശാലമായ മരുഭൂമിയുടെ ഒരു വശത്തു നീല കടലാണ്. കടലിനോടു ചേര്‍ന്നാണ് ചതുര്‍ നക്ഷത്ര സൗകര്യങ്ങളോടു കൂടിയ റിസോര്‍ട്ട്. സൗകര്യങ്ങള്‍ ആധുനികമാണെങ്കിലും പഴമയും പുതുമയും തമ്മിലുള്ളൊരു അടുപ്പം പ്രതിഫലിച്ചുള്ളതാണ് ഡിസൈന്‍. ഖത്തറിന്റെ കലയും സംസ്‌കാരവും കായികവും പൈതൃകവും സമുദ്ര സവിശേഷതകളും കോര്‍ത്തിണക്കിയുള്ളതാണ് റിസോര്‍ട്ടിലെ ഓരോ കാഴ്ചകളും. പെയിന്റിങ്ങുകളും ചുമര്‍ചിത്രങ്ങളും ശില്‍പങ്ങളും ഒക്കെയായി നല്ലൊരു അന്തരീക്ഷം തന്നെയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. റിസപ്ഷന്‍ മുതല്‍ നീന്തല്‍ കുളം, മുറികള്‍ തുടങ്ങി എല്ലായിടത്തും പ്രത്യേക പ്രമേയങ്ങളിലായി തന്നെയാണ് ഇന്റീരിയര്‍ എന്നതും സവിശേഷമാണ്. റിസോര്‍ട്ടിനുള്ളിലേക്കു പ്രവേശിക്കുമ്പോള്‍ മുറ്റത്ത് വലിയൊരു കൈപ്പത്തി ശില്‍പവും കാണാം. റിസോര്‍ട്ടിന്റെ ഇരുവശങ്ങളിലും ഇഷ്ടം പോലെ വാഹന പാര്‍ക്കിങ് സൗകര്യങ്ങളുമുണ്ട്. 

പ്രധാന ഹാളിലെ കാഴ്ചകള്‍
പ്രധാന ഹാളിലെ കാഴ്ചകള്‍

ഊഷ്മള സ്വീകരണം ഏറ്റുവാങ്ങാം

പ്രവേശന കവാടത്തിലൂടെ അകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് പ്രധാന ഹാളിലേയ്ക്കാണ്. അവിടെ സന്ദര്‍ശകരെ ജീവനക്കാര്‍ സ്വാഗതം ചെയ്യുന്നത് അലോഹ മര്‍ഹബ എന്ന ആശംസാ വാക്കുകളോടെയാണ്. അലോഹ എന്നത് ഹവ്വായെന്‍ വാക്കും മര്‍ഹബ അറബിക് പദവുമാണ്. സ്വാഗതം എന്നാണ് രണ്ടു വാക്കുകളുടെയും അര്‍ത്ഥം. 

 പുറത്തെ നീന്തല്‍ കുളം
പുറത്തെ നീന്തല്‍ കുളം

പ്രധാന ഹാളിലെ  കാഴ്ചകള്‍ ഏറെ

പ്രവേശന കവാടം തുറക്കുന്നത് പ്രധാന ഹാളിലേക്കാണ്. സമകാലിക, ആധുനിക കാഴ്ചകളാണ് ഹാളിലുള്ളത്. വാഹനങ്ങള്‍ പ്രമേയമാക്കിയുള്ളതാണ് ഹാളിലെ സൗകര്യങ്ങളില്‍ ഭൂരിഭാഗവും. ഹാളിലെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്ന് റിസപ്ഷന്‍ ഡെസ്‌ക്ക് തന്നെയാണ്. വിന്റേജ് വാഹന മാതൃകയിലാണ് റിസപ്ഷന്‍ ഡെസ്‌ക് ക്രമീകരിച്ചിരിക്കുന്നത്. ഡെസ്‌കിന്റെ ഓരത്ത് 2 ഫ്‌ളെമിങ്‌ഗോ പക്ഷികളുടെ ചെറു ശില്‍പവും ഉണ്ട്. ഡെസ്‌കിന്റെ മുകളിലെ സീലിങ്ങിലേയ്ക്ക് നോക്കിയാല്‍ അലുമിനിയം നിറത്തില്‍ ഒന്നിലധികം സൈക്കിളുകള്‍ കോര്‍ത്തിണക്കി തൂക്കിയിട്ടിരിക്കുന്നതും കാണാം. പ്രധാന ഹാളിലെ ഭിത്തികളിലും ചുമര്‍ ചിത്രകലയുടെ മനോഹാരിത ആവോളം ആസ്വദിക്കാം. ഹാളിന്റെ വിവിധ കോണുകളിലായി വിന്റേജ് വാഹനങ്ങള്‍ കാണാം. ഹാളിന്റെ മറ്റൊരു വശത്ത് കണക്ട് ഫോര്‍, ജെംഗ തുടങ്ങിയ ബോര്‍ഡ് ഗെയിംസുകള്‍ക്കുള്ള ടേബിള്‍ സ്‌പേസും ഉണ്ട്. ഹാളിന്റെ വലതു വശത്താണ് രുചി വൈവിധ്യങ്ങളുമായി  റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. അതിഥികള്‍ക്ക് റിലാക്‌സ് ചെയ്യാനുള്ള ഹാങ് ലൂസ് ഏരിയയിലേയ്ക്ക്  റസ്റ്ററന്റിന്റെ സമീപത്തു കൂടിയാണ് പ്രവേശിയ്ക്കുന്നത്. അംഗീകൃത ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന മിനി ബാര്‍ തന്നെയാണിത്. അതിഥികള്‍ക്കായി സോഫയും കസേരകളും ടേബിളും മാത്രമല്ല ഊഞ്ഞാലുകളും ഇവിടെയുണ്ട്.

പ്രധാന ഹാളിലെ വിന്റേജ് വാഹനങ്ങളിലൊന്ന്.
പ്രധാന ഹാളിലെ വിന്റേജ് വാഹനങ്ങളിലൊന്ന്.

വിശാലമായ നീന്തല്‍ കുളവും

റിസപ്ഷന്‍ ഏരിയയോട് ചേര്‍ന്നുള്ള വാതിലിലൂടെ പുറത്തേയ്ക്ക് ഇറങ്ങുന്നത് വലിയൊരു നീന്തല്‍ കുളത്തിലേയ്ക്കാണ്. ബീച്ചിന് അഭിമുഖമായുള്ള നീന്തല്‍ കുളത്തിന്റെ ചുറ്റുമായി വിവിധ നിറങ്ങളിലുള്ള ചാരു കസേരകള്‍ ഉണ്ട്. നീന്തല്‍ കുളത്തിലേയ്ക്ക് പ്രവേശിക്കുന്ന പുറത്തെ  ഭിത്തികളിലും ചുമര്‍ചിത്രങ്ങള്‍ കാണാം. വിവിധ ഇനം മീനുകളുടെ പെയിന്റിങ്ങുകളാണിത്. 

 പുറത്തെ നീന്തല്‍ കുളം
പുറത്തെ നീന്തല്‍ കുളം

മുറികള്‍ക്കും പ്രത്യേകതകള്‍ ഏറെ

50 മുറികളാണ് റിസോര്‍ട്ടിലുള്ളത്. അതില്‍ 40 എണ്ണവും കടലിനോട് അഭിമുഖമായിട്ടുള്ളതാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബത്തിന് താമസിക്കാനുള്ള എട്ടോളം മുറികളുണ്ട്. 32 മുറികള്‍ കിങ്-സൈസും 8 മുറികളില്‍ ഡബിള്‍ റൂമുകളുമാണ്. റസ്റ്ററന്റിനോട് ചേര്‍ന്നുള്ള മിനി ബാറിലൂടെ പുറത്തേയ്ക്ക് ഇറങ്ങിയാല്‍ ഇടത്തു വശത്തായി വിവിധ വലുപ്പത്തിലുള്ള മുറികള്‍ കാണാം. വിവിധ പ്രമേയങ്ങളിലായുള്ള ചുമര്‍ ചിത്രങ്ങള്‍ കൊണ്ട് എല്ലാ മുറികളും മനോഹരമാക്കിയിട്ടുണ്ട്. ടെലിവിഷന്‍, കാബിനുകള്‍, വാഷ് റൂം, കാപ്പി-ചായ ഉണ്ടാക്കാനുള്ള സംവിധാനം എന്നിങ്ങനെ സൗകര്യങ്ങളും മുറികളിലുണ്ട്.  ബീച്ചിന് അഭിമുഖമായുള്ള മുറികളില്‍ നിന്ന് സ്ലൈഡിങ് വാതിലുകളിലൂടെ ഇറങ്ങുന്നത് ചെറു നടുമുറ്റത്തേയ്ക്കാണ്. അവിടെ ബീന്‍ ബാഗ്, മേശ, കസേര, ഊഞ്ഞാല്‍ കിടക്ക, കുളിയ്ക്കാനുള്ള ഏരിയ എന്നിവയാണുള്ളത്. ഒരാള്‍ക്ക് ഒരു രാത്രിയ്ക്ക് 700 റിയാല്‍ (ഏകദേശം 15,640 ഇന്ത്യന്‍ രൂപ) മുതലാണ് മുറികളുടെ നിരക്ക്. സീസണും താമസലഭ്യതയും അനുസരിച്ചാണ് നിരക്ക്. 

kite-beach-qat

വിനോദ, കായിക സൗകര്യങ്ങള്‍ അറിയാം

ശൈത്യകാലത്ത് ജലകായിക ഇനങ്ങള്‍ മതിയാവോളം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം തന്നെയാണിത്. ശൈത്യകാലത്ത് കാറ്റിന്റെ ഗതിവേഗം കൈറ്റ് സര്‍ഫിങ്ങിനും മറ്റും അനുയോജ്യമാണ്. കൈറ്റ് സര്‍ഫിങ് മാത്രമല്ല പാഡില്‍-ബോര്‍ഡിങ്, പാരാ-സെയ്‌ലിങ്, വേക്ക്-ബോര്‍ഡിങ്, കയാക്കിങ്, സ്‌നോര്‍കെലിങ്, സ്‌കൂബ-ഡൈവിങ്, ജല സ്‌കൂട്ടറുകള്‍, മൗണ്ടന്‍ ബൈക്കുകള്‍ തുടങ്ങി വിവിധ തരം ജലകായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ബീച്ച് വോളിബോള്‍ ഏരിയ, യോഗ അഭ്യസിക്കാനുള്ള ഹാള്‍, എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞ ഗസ്റ്റ് ഹൗസ്, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. അധികം താമസിയാതെ ഔട്ട് ഡോര്‍ സിനിമാ സൗകര്യവും തുറക്കും. 

kite-beach-resort-news

കൈറ്റ് സര്‍ഫിങ്ങ് പഠിക്കാം

കൈറ്റ് സര്‍ഫിങ്ങ് അറിയാനും പഠിക്കാനും ആഗ്രഹമുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ബോര്‍ഡ്, കൈറ്റ്, ഗിയറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളും ലഭിക്കും. തുടക്കക്കാര്‍ക്കുള്ള പരിശീലനത്തില്‍ കൈറ്റ് സര്‍ഫിങ്ങില്‍ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും അറിയാം. 8നും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പരിശീലനം ലഭിക്കും. 

kite-beach-resort-new

English Summary : World cup fans can visit Fuwairit kite beach resort while in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com