ADVERTISEMENT

അജ്മാൻ∙ ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാംപ്യൻസ് ട്രോഫിയുടെ ഇന്ത്യൻ ടീമിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലും. കേൾവി പരിമിതിയുടെ പേരിൽ ക്രിക്കറ്റ് പരിശീലനം ഉപേക്ഷിക്കാതിരുന്ന സുഹൈൽ ഇന്ന് ഇന്ത്യൻ ഡഫ് ടീമിന്റെ ഓൾ റൗണ്ടറാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ക്രിക്കറ്റ് ടീമുകൾക്ക് ബിസിസിഐ പ്രാധാന്യം നൽകിയതോടെ ഡഫ് ടീമിന്റെ നിലവാരവും ഉയർന്നു.

 

കെഎഫ്സി, ഇൻഡിഗോ, വിസ്താര ഉൾപ്പെടെ വൻകിട സ്പോൺസർമാരെ ഡഫ് ടീമിനു ലഭിച്ചു. ചെറുപ്പം മുതലെ ക്രിക്കറ്റ് കളിയിൽ ശ്രദ്ധിച്ച സുഹൈൽ മികച്ച ഇടം കൈയ്യൻ ബൗളറാണ്. 2020 മുതൽ ഇന്ത്യൻ ഡഫ് ടീമിന്റെ ഭാഗമാണ്, പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ പി.ആർ. മുഹമ്മദ് സുഹൈൽ. ബദിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രിമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനും സുഹൈലാണ്.

 

സുഹൈലിന്റെ ക്രിക്കറ്റിലെ താൽപര്യം തിരിച്ചറിഞ്ഞു വഴി നടത്തിയതു സഹോദരനും മലപ്പുറം ജില്ലാ ടീം അംഗവുമായ മുഹമ്മദ് സാജിദാണ്. മനോരമ 2006ൽ കൊച്ചിയിൽ നടത്തിയ സമ്മർ ക്യാംപിൽ പങ്കെടുത്തതോടെയാണ് ക്രിക്കറ്റ് പരിശീലനം ഗൗരവമായെടുത്തത്. കോഴിക്കോട് റഹ്മാനിയ സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാ ടീമിലും ഫാറൂഖ് കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും സുഹൈൽ അംഗമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ ടീമുകളിലും കളിച്ചു.

 

ഈ സമയത്തൊക്കെയും ജനറൽ ടീമിന്റെ ഭാഗമായിരുന്നു സുഹൈൽ. കേരള രഞ്ജി ടീമിൽ ഇടം നേടാനുള്ള ശ്രമം പക്ഷേ കേൾവി പരിമിതിയുടെ പേരിൽ പരാജയപ്പെട്ടു. അതോടെ ഡഫ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പരപ്പനങ്ങാടി പുത്തരിക്കൽ പെരുമ്പടപ്പിൽ അബ്ദുറസാഖിന്റെയും ആസിയയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ബദിര വിഭാഗത്തിൽ കേരളത്തിലെ ടോപ്പറായിരുന്നു ഫാത്തിമ. മക്കൾ: അലേഹ സൈനബ്, ഇമാദ് അബ്ദുല്ല.

 

ഡഫ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ചാംപ്യൻസ് ട്രോഫിക്ക് ഇന്ന് അജ്മാൻ മാലേക് ക്രിക്കറ്റ് അക്കാദമിയിൽ തുടക്കമാകും. ഇന്ത്യയ്ക്കു പുറമെ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകൾ മൽസരത്തിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ ടീമിന്റെ റോമ ബൽവാനി പറഞ്ഞു.

 

വീരേന്ദ്ര സിങ് ആണ് ഇന്ത്യൻ ടീമിന്റെ നായകൻ. പാക്കിസ്ഥാൻ ടീം മൽസരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. ഇന്ന് ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഉദ്ഘാടന മൽസരം കളിക്കേണ്ടിയിരുന്നത്. ഈ മൽസരം മാറ്റിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com