അബുദാബി∙ കോടതി നടപടികളുടെ ഫീസ് അടയ്ക്കാൻ സ്മാർട് സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (എഡിജെഡി). അബുദാബി ഇസ്ലാമിക് ബാങ്കിന്റെ (എഡിഐബി) സഹകരണത്തോടെ സ്‌മാർട് ആപ് മുഖേന ഫീസ് അടയ്ക്കാനാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
എഡിഐബി ഉപഭോക്താക്കൾക്ക് ഉടമകളുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു കോടതി അക്കൗണ്ടിലേക്കു പണം കൈമാറാം. ഇതോടെ കോടതി നടപടികൾ മുഴുവനും ഓൺലൈൻ വഴിയാകുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർസെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു. നവീന സാങ്കേതിക വിദ്യകളും സ്മാർട് സേവനങ്ങളും പ്രയോജനപ്പെടുത്തി നീതിന്യായ നടപടിക്രമങ്ങൾ എളുപ്പമാക്കുകയാണ് ലക്ഷ്യം.
വൈകാതെ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തി സേവനം വിപുലപ്പെടുത്തുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ സേവനത്തിലൂടെ സമയവും കോടതി ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാമെന്നും ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ നടപടികളുടെ വേഗത വർധിപ്പിക്കാനും അടച്ച തുകകൾ അതതു കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
കേസ് നമ്പർ ഉപയോഗിച്ചാണ് സ്മാർട് ആപ്പിലൂടെ ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അക്കൗണ്ടിലേക്ക് പണം അയയ്ക്കേണ്ടത്. എല്ലാ തരം കേസുകളുമായി ബന്ധപ്പെട്ട ഫീസും ഇതുവഴി അടയ്ക്കാം.