ADVERTISEMENT

ദുബായ് ∙ നിർണായകമായ പല ഘട്ടങ്ങളിലൂടെയും കടന്നു പോയ ജീവിതമാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ എന്ന തൃശൂർ സ്വദേശിയുടേത്. തിരിച്ചുവരവിനു തയാറെടുക്കുകയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അൻപതിലേറെ ജ്വല്ലറികളുടെ ഉടമയായിരുന്നു അദ്ദേഹം. പൊടുന്നനെ നിയമലംഘനം നടത്തിയെന്ന കേസിൽ ജയിലിൽ കിടക്കുകയും ബിസിനസുകൾ പൊളിയുകയും ചെയ്തു. പക്ഷേ, എല്ലാ കാലത്തും മലയാളികൾക്കു അദ്ദേഹത്തോടൊരു പ്രിയമുണ്ടായിരുന്നു. 

സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും സ്ഥിരം വേഷമായിരുന്നിട്ടും അറ്റ്ലസ് രാമചന്ദ്രൻ മലയാളികളെ സംബന്ധിച്ച് ഒരു ബിസിനസുകാരൻ മാത്രമായിരുന്നില്ല. നാട്ടിൻപുറത്തുകാർക്കുപോലും അദ്ദേഹത്തോട് അടുപ്പക്കുറവ് തോന്നിയില്ല. 2012ൽ മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ‘ജീവിതകഥ എഴുതുമോ?’ എന്ന ചോദ്യവും അദ്ദേഹത്തിനു നേരെയുണ്ടായി. മറുപടി ഇങ്ങനെ: ‘ഒരു കാലത്തും ആ പരിപാടിക്കില്ല. സാധാരണക്കാരൻ മാത്രമാണു ഞാൻ. ഞാൻ ആത്മകഥ എഴുതിയാൽ കേരളത്തിലെ ഓരോ മനുഷ്യനും ആത്മകഥ എഴുതേണ്ടിവരും...’

കലാമൂല്യമുള്ള സിനിമകൾ നിർമിക്കുകയും ചെറുതെങ്കിലും രസകരമായ വേഷങ്ങളിൽ അഭിനയിക്കുകയും സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സഹൃദയനെ ഏവരും ഇഷ്ടപ്പെട്ടു. ചെക്ക് കേസിൽപെട്ട് അദ്ദേഹം ദുബായ് ജയിലി‍ൽ അടയ്ക്കപ്പെട്ടു എന്ന വാർത്ത ആദ്യം ആർക്കും വിശ്വസിക്കാനായില്ല. അത്തരത്തിൽ എന്തെങ്കിലുമൊരു നിയമലംഘനം നടത്തുന്ന ഒരാളായി അറ്റ്ലസ് രാമചന്ദ്രനെ സങ്കൽപിക്കാൻ മലയാളികൾക്ക് സാധിച്ചിരുന്നില്ല.

Atlas-Ramachandran-Old
അറ്റ്ലസ് രാമചന്ദ്രന്റെ പഴയകാല ചിത്രങ്ങൾ.

ബാങ്ക് വഴി ജ്വല്ലറി

കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1980കളുടെ അവസാനം ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം ആരംഭിച്ചു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ്. കുവൈറ്റിൽ ഇറാഖ് ആക്രമണം ഉണ്ടായപ്പോൾ തകർച്ചയിലേക്കു നീങ്ങിയ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിച്ചു. കേരളത്തിലും തമിഴ്നാട് കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും അറ്റ്ലസ് ജ്വല്ലറികൾ ആരംഭിച്ചു. ആരോഗ്യപരിപാലനം, റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കും അദ്ദേഹത്തിന്റെ ബിസിനസ് വളർന്നു. 

കോട്ടിനോടു പ്രിയം വന്ന വഴി

‘വീട്ടിനകത്ത് ജുബ്ബയും പൈജാമയും, പുറത്ത് കോട്ട്. ഇതാണ് എന്റെ യൂണിഫോം’– വർഷങ്ങൾക്കു മുൻപ് മനോരമയോടു അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. കാനറാ ബാങ്ക് ഡൽഹി ശാഖയിൽ ഉദ്യോഗസ്‌ഥനായിരുന്ന കാലത്താണു കോട്ട് ജീവിതത്തിൽ എത്തിയത്. മറ്റു ബാങ്കുകളുടെ ഇന്റർവ്യൂവിൽ അവരുടെ ചെലവിൽ പങ്കെടുത്ത് നാടുചുറ്റലായിരുന്നു അന്നത്തെ ഹോബി. ഇന്റർവ്യൂവിൽ കോട്ടിട്ട് യോഗ്യനായി പങ്കെടുക്കും. പലസ്‌ഥലത്തും ജോലിക്ക് ഓഫർ വന്നു. പക്ഷേ, നാട്ടിലെത്താനുള്ള ആഗ്രഹംമൂലം എസ്‌ബിടിയിൽ ചേർന്ന് തിരുവനന്തപുരത്തെത്തി. പുത്തൻചന്തയിൽ പോസ്‌റ്റിങ് ആയി. ജോലി രാജിവച്ച് ബിസിനസ് ആരംഭിച്ചതിൽ പിന്നെ കോട്ട് മാത്രമായി വേഷം. കേരളത്തിൽ പൈജാമയ്‌ക്കും ജുബ്ബയ്‌ക്കും കൊള്ളവിലയായതിനാൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവ വാങ്ങുക. എട്ടോ പത്തോ ജുബ്ബ ഒന്നിച്ച് വാങ്ങുന്നതും പതിവായിരുന്നു. ഇത്രയും ജൂവല്ലറികൾ ഉള്ള അറ്റലസ് രാമചന്ദ്രന് സ്വയം സ്വർണം ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ആണുങ്ങൾ സ്വർണം ധരിക്കുന്നത് അറുബോറും മഹാവൃത്തികേടുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 

atlas-ramachandran-uae

അറ്റ്ലസ് എന്ന പേരുവന്ന വഴി

വർഷങ്ങൾക്കു മുൻപ് കുവൈത്തിൽ ജ്വല്ലറി തുടങ്ങി പേര് റജിസ്‌റ്റർ ചെയ്യാൻ വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഈ പേരിട്ടതെന്നാണ് രാമചന്ദ്രൻ പറഞ്ഞത്. സാഹിത്യ തൽപരനായതിനാൽ മലയാളിത്തം തുളുമ്പുന്ന പേരുകളും മറ്റുമായിട്ടാണു അദ്ദേഹം അവിടേക്കു ചെന്നത്. എന്നാൽ, ഈ പേരുകളെല്ലാം തള്ളിക്കളഞ്ഞ് പലസ്‌തീനിയായ ഉദ്യോഗസ്‌ഥൻ പറഞ്ഞു: നിങ്ങളുടെ സ്‌ഥാപനത്തിന്റെ പേര് അറ്റ്‌ലസ് എന്നാണ്. അങ്ങനെ പേര് അറ്റ്ലസ് രാമചന്ദ്രനും സ്വീകരിച്ചു. 

കലാജീവിതം, സിനിമ

തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലയും സാഹിത്യവുമായുള്ള ബന്ധം ഊർജ്വസ്വലമായി അദ്ദേഹം തുടർന്നുപോന്നു. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന മനോഹരചിത്രം നിർമിച്ചത് അറ്റ്ലസ് രാമചന്ദ്രനായിരുന്നു. സിബി മലയിലിന്റെ ധനം, എംടി വാസുദേവൻ നായരുടെ കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത സുകൃതം തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിച്ചതും അറ്റ്ലസ് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്, തത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി, ടൂ ഹരിഹർനഗർ, ദൈവത്തിന്റെ കയ്യൊപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അനന്ദവൃത്താന്തം, ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങിയ സിനിമകൾ വിതരണം ചെയത് അറ്റ്ലസ് രാമചന്ദ്രന്റെ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ്. ഹോളിഡെയ്സ് എന്നൊരു സി്നിമ സംവിധാനം ചെയ്തു. ദുബായിലും തൃശൂരും അക്ഷരശ്ലോകസദസുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു.

തിരിച്ചടി, ജയിൽ ജീവിതം, ഒപ്പം ഭാര്യ മാത്രം

അറ്റ്ലസ് ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ കരുതുന്നത്. തികച്ചും ഒറ്റപ്പെടുകയും നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്തപ്പോൾ ഭാര്യ ഇന്ദിര മാത്രമാണ് അദ്ദേഹത്തിന് താങ്ങായത്. കുടുംബിനിയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന അവർ നിയമവൃത്തങ്ങളും ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തി കടബാധ്യതകൾ തീർക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ച് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കി. 

atlas-ramachandran-wife-daughter-03

കഷ്ടിച്ചൊരു ഇ മെയിൽ അയക്കാൻ മാത്രം അറിഞ്ഞിരുന്ന ഇന്ദിര ഒറ്റയ്ക്കു പോരാടിയാണ് ഭർത്താവിനെ ജയിൽ മോചിതനാക്കിയത്. രേഖകൾ എവിടെയാണെന്നോ എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു കൊടുക്കാനോ സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല. വർഷങ്ങളായി കൂടെ ജോലി ചെയ്തിരുന്ന പലരും യാത്ര പോലും പറയാതെ പോയി. മിക്കദിവസങ്ങളും ഭയത്തോടെയായിരുന്നു കഴിഞ്ഞിരുന്നതെന്ന് അവർ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിന്നീട്, കാര്യങ്ങൾ പഠിച്ച് ധൈര്യത്തോടെ മുന്നോട്ടുപോവുകയായിരുന്നു. 2015 നവംബറിൽ ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹം 2018 ജൂണിൽ മോചിതനായി.

English Summary: Life story of late Atlas Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com