ADVERTISEMENT

ദോഹ∙ ഖത്തറിന്റെ 3-2-1 ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിൽ ചെന്നാൽ ലോകകപ്പിന്റെ ചരിത്രമറിയാം 'ഫുട്‌ബോളിന്റെ ലോകം' പ്രദർശനത്തിലൂടെ. സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ ബിൻ ഹമദ് അൽതാനിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. 2023 ഏപ്രിൽ 1 വരെ നീളുന്ന പ്രദർശനത്തിൽ ഉറുഗ്വേയിൽ 1930 ൽ നടന്ന ആദ്യ ഫിഫ ലോകകപ്പ് മുതൽ 2022 ലോകകപ്പിന്റെ വരെയുള്ള കളിയും കാര്യവും അറിയാം.

 

മ്യൂസിയം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽതാനി, ഡയറക്ടർ അബ്ദുല്ല അൽ മുല്ല എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഖത്തർ ക്രിയേറ്റീവ്‌സിന്റെ കീഴിലാണ് പ്രദർശനം. ഫുട്‌ബോളിന്റെയും ഫിഫ ലോകകപ്പിന്റെയും ആരംഭവും ആഗോള തലത്തിലുള്ള ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്‌ബോളിനുള്ള പങ്കും പ്രതിപാദിച്ചു തന്നെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഖത്തറിൽ കായികം ജനകീയമായത് എങ്ങനെ, പ്രാദേശികമായും മേഖലാപരമായും ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമ്പോഴുള്ള അനന്തരഫലങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളും പ്രദർശനം എടുത്തുകാട്ടുന്നുണ്ട്.

 

ഫുട്‌ബോൾ ഫോർ ഓൾ-ഓൾ ഫോർ ഫുട്‌ബോൾ, ദ റോഡ് ടു ദോഹ, ഹിസ്റ്ററി ഇൻ ദ മേക്കിങ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹിസ്റ്ററി ഇൻ ദ മേക്കിങ്ങിൽ ടൂർണമെന്റിലെ ഫുട്‌ബോൾ, ഷൂസ്, ടിക്കറ്റുകൾ, പോസ്റ്ററുകൾ തുടങ്ങിയ വസ്തുക്കളാണു പ്രദർശിപ്പിച്ചിരിക്കുന്നത്.

 

മറഡോണയുടെ വിഖ്യാത ‍ജഴ്‌സിയും കാണാം

 

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഓർമകൾ ഉണർത്തി അദേഹം ധരിച്ച വിഖ്യാതമായ ജേഴ്‌സിയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 1986 ൽ മെക്‌സിക്കോയിൽ നടന്ന ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിനിടെ മറഡോണ അണിഞ്ഞ നീല നിറത്തിലുള്ള 10-ാം നമ്പർ ജഴ്‌സിയാണിത്. നിൽക്കെ 'ദൈവത്തിന്റെ കൈ' ഗോൾ കുറിച്ച ജഴ്‌സിയാണിത്. ഇക്കഴിഞ്ഞ മേയിലാണ് 89.3 ലക്ഷം ഡോളറിന് ജഴ്‌സി സൗത്ത് ബിസ് ലേലത്തിൽ വിറ്റത്. അതേസമയം ജഴ്‌സി സ്വന്തമാക്കിയ ആരാധകനെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി തുടരുകയാണ്.

 

പ്രദർശനം അവസാനിക്കുന്നത് വരെ ജഴ്‌സി ഒളിംപിക് മ്യൂസിയത്തിൽ ഉണ്ടാകും.മറഡോണയുടെ ജഴ്‌സി കൂടാതെ 1930 ലെ പ്രഥമ ലോകകപ്പ് ഫൈനലിൽ കളിച്ച ഫുട്‌ബോൾ, 1973 ൽ സാന്റോസിന് വേണ്ടി കളിക്കളത്തിലിറങ്ങിയ വിഖ്യാത താരം പെലെ ധരിച്ച ജഴ്‌സി, ഫുട്‌ബോളിന്റെ ചട്ടങ്ങൾ സംബന്ധിച്ച ഗൈഡിന്റെ ആദ്യ കയ്യെഴുത്തു പ്രതി, വിഖ്യാത ഫുട്‌ബോൾ ഇതിഹാസങ്ങളുടെ ജഴ്‌സി, യുകെ ദേശീയ ഫുട്‌ബോൾ മ്യൂസിയം, സ്വിറ്റ്‌സർലൻഡിലെ ഫിഫ മ്യൂസിയം, ഫ്രാൻസിലെ ദേശീയ കായിക മ്യൂസിയം എന്നിവിടങ്ങളിലെ അപൂർവ ശേഖരങ്ങളും പ്രദർശനത്തിലുണ്ട്.

 

പ്രവേശനം ഹയാ കാർഡുള്ളവർക്ക്

 

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനിടെ ഒളിംപിക് മ്യൂസിയത്തിൽ പ്രവേശനം ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് മാത്രമാണ്. ലോകകപ്പിൽ മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പ്രതിദിനം 1,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് മ്യൂസിയത്തിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com