ADVERTISEMENT

ദുബായ് ∙ എൺപതാം പിറന്നാൾ മധുരം ആഘോഷപൂർവം നുണഞ്ഞാണ് പ്രവാസികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ വിടപറഞ്ഞത്. ജൂലൈ 31നായിരുന്നു പിറന്നാൾ. ബർദുബായിലെ താമസ സ്ഥലത്ത് സംഗീത സംവിധായകൻ എം. ജയചന്ദ്രനും യുഎഇയിലെ പ്രിയപ്പെട്ടവരും നേരിട്ടെത്തി പിറന്നാളാഘോഷിച്ചു.

കൂടാതെ, പിറന്നാൾ സമ്മാനമായി പ്രിയപ്പെട്ടവർ ഒരു ഗാനവുമൊരുക്കിയിരുന്നു. യേശുദാസ്, കൈതപ്രം, ജയരാജ്, സുജാത, കൃഷ്ണചന്ദ്രൻ, സിദ്ദാർഥ്, ബാബു ആന്റണി, ഗീത, സുവര്‍ണ, അശോകൻ, മനോജ് കെ.ജയൻ, സ്വർണലത തുടങ്ങിയവർ വിഡിയോ സന്ദേശമയച്ചു ആശംസകൾ നേർന്നു. ഇതിന്റെ വിഡിയോ തന്റെ യു ട്യൂബ് ചാനലിലൂടെ പതിവുപോലെ അദ്ദേഹം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് പ്രവാസ ലോകം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും വേർപാടിന്റെ വേദനയിൽ.

സാമ്പത്തിക കേസുകളിൽപ്പെട്ട് രണ്ടേ മുക്കാൽ വർഷം ദുബായിലെ ജയിലിൽ കഴിഞ്ഞ് 2018ൽ മോചിതനായ ശേഷം ബർദുബായിലെ ഫ്ലാറ്റിൽ പത്നി ഇന്ദിരയോടും മകളോടുമൊപ്പമാണ് താമസിച്ചിരുന്നത്. മാധ്യമപ്രവർത്തകരടക്കം കലാ സാംസ്കാരിക പ്രവർത്തകർ അദ്ദേഹത്തെ ഇടയ്ക്കിടെ ഇവിടെ ചെന്ന് കാണുമായിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെടുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും. സിൽക്ക് ജൂബയിട്ട് അണിഞ്ഞൊരുങ്ങി എല്ലാവരുടെയും മുൻപിൽ പ്രത്യക്ഷപ്പെടുമ്പോഴും തനിക്ക് പഴയ പോലെ പുറത്തിറങ്ങി നടക്കാനും രാജ്യങ്ങളിലൂടെ യാത്ര ചെയ്യാനും സാധിക്കുന്നില്ലല്ലോ എന്നോർത്ത് അദ്ദേഹത്തിന്റെ ഹൃദയം വേദനിച്ചിരിക്കാം.

Ramachandran , Atlas Jewellery owner / 2007
അറ്റ്ലസ് രാമചന്ദ്രന്റെ പഴയകാല ചിത്രം.

പഴയ പ്രതാപകാലത്തിലേയ്ക്ക് തിരിച്ചെത്തണം എന്ന അദമ്യമായ ആഗ്രഹം തുറന്നുപറയുമ്പോഴും, അത് യാഥാർഥ്യമാക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ ആ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നേക്കാം. അതായിരിക്കാം ഒരു പക്ഷേ, ഉയർന്ന രക്തസമ്മർദത്തിനും അതുവഴി ഹൃദയാഘാതമുണ്ടാകാനും കാരണമായതെന്നാണ് കുവൈത്തിലും യുഎഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന സൗഹൃദവലയം കരുതുന്നത്.

മുൻപൊരിക്കൽ ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം എന്ന പരസ്യം കേൾക്കുന്നവരുടെ അഭിപ്രായം എന്താണെന്നു അറ്റ്ലസ് രാമചന്ദ്രനോടു ചോദിച്ചപ്പോൾ ഭൂരിപക്ഷം പേരും കൊള്ളാം എന്നാണു പറയുന്നത് എന്നതായിരുന്നു മറുപടി. ഇഷ്‌ടപ്പെടാത്തവർ പോലും പിന്നീട് അഭിപ്രായം മാറ്റും. സ്‌ഥിരമായി കണ്ടും കേട്ടും ശീലമാകുമ്പോൾ ഇഷ്‌ടമായിത്തുടങ്ങും. അലിയാരുടെ മുഴങ്ങുന്ന ശബ്‌ദത്തിലാണു പണ്ട് ഈ ടാഗ്‌ലൈൻ ജനം കേട്ടത്. പിന്നീട് റേഡിയോ പരസ്യത്തിൽ രാമചന്ദ്രന്റെ ശബ്‌ദം ആദ്യമായി വന്നു. പിന്നെ ടിവിയിൽ മുഖം കാണിച്ചു. ആദ്യം എതിർത്ത ഭാര്യ പോലും പിന്നീട് ഇതിനെ അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞതായി അടുപ്പമുള്ളവർ ഓർക്കുന്നു.

atlas-mm-ramachandran---Copy

നല്ലൊരു കലാകാരനും കലാസ്വാദകനും വായനക്കാരനുമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ പഴയ വീട്ടിൽ സാഹിത്യ സദസ് സംഘടിപ്പിക്കുമായിരുന്നു. അക്ഷരശ്ലോക സദസ്സും നടത്തി തന്റെ സാഹിത്യപ്രേമം പ്രകടിപ്പിച്ചു. എല്ലാത്തിനും പ്രിയതമ ഇന്ദിരയുടെ പൂർണ പിന്തുണയുമുണ്ടായിരുന്നു. സിനിമയോടും വളരെ ഇഷ്ടം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം വൈശാലി എന്ന ദൃശ്യമനോഹരമായ ചിത്രവും എം.ടി.–ഹരികുമാർ–മമ്മുട്ടി കൂട്ട് കെട്ട് സമ്മാനിച്ച മികച്ച ചിത്രം സുകൃതം തുടങ്ങി നിരവധി ചിത്രങ്ങള്‍ നിർമിച്ചു. 

നല്ല നിലയിൽ കഴിയുന്ന സമയത്തും അറബിക്കഥ എന്ന ലാൽജോസ്– ഡോ.ഇഖ്ബാൽ കുറ്റിപ്പുറം–ശ്രീനിവാസൻ ചിത്രത്തില്‍ ചെറിയൊരു വേഷമിട്ട് തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. വൈശാലി സൂപ്പർ ഹിറ്റായതോടെ വൈശാലി രാമചന്ദ്രനെന്ന പേരും സ്വന്തമാക്കി. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിലഭിനയിക്കാൻ ഏത് വലിയ സെലിബ്രിറ്റിയെ കിട്ടുമായിരുന്നിട്ടും സ്വയം അഭിനയിച്ച് തകർത്തതും ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന വാചകം കുട്ടികൾ പോലും ഏറ്റെടുത്തതും അദ്ദേഹമെന്ന ബിസിനസുകാരന്റെ വിജയം വെളിപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ നവമാധ്യമത്തേയും അദ്ദേഹം ഉൾക്കൊണ്ടു. അറ്റ്ലസ് രാമചന്ദ്രൻ എന്ന സ്വന്തം യു ട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ പഴയ സിനിമ ഒാർമകൾ സരസമായി പങ്കിട്ടുകൊണ്ടിരുന്നു.

English Summary : NRI friends remeber Atlas Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com