ADVERTISEMENT

ദുബായ്∙ വ്യവസായത്തോടൊപ്പം കലാ, സാഹിത്യ, സാംസ്കാരിക, സിനിമാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രനു പ്രവാസ ലോകത്തിന്റെ സ്മരണാഞ്ജലി. നഷ്ടപ്പെട്ട വ്യവസായവും ഖ്യാതിയും വീണ്ടെടുത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും നാട്ടിലേക്കു മടങ്ങണമെന്ന മോഹം ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ വിയോഗം.

 

കുവൈത്ത് യുദ്ധ കാലത്ത് അവിടുത്തെ ജോലിയും ബിസിനസും മതിയാക്കി യുഎഇയിലെത്തിയ രാമചന്ദ്രൻ ദുബായ് കേന്ദ്രമാക്കി സ്വർണ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വളരെപ്പെട്ടെന്ന് അറ്റ്ലസ് ഗ്രൂപ്പ് യുഎഇയിൽ 19 ശാഖകൾ തുടങ്ങി. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അൻപതോളം ശാഖകളായി. ഗ്രൂപ്പിന്റെ വളർച്ച കണ്ട വിവിധ ബാങ്കുകൾ വായ്പാ വാഗ്ദാനവുമായി എത്തുകയായിരുന്നുവെന്ന് രാമചന്ദ്രൻ ജയിൽ മോചനത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

atlas-ramachandran

 

ബിസിനസിൽ താളപ്പിഴകൾ കണ്ടതോടെ ബാങ്കുകൾ ഗാരന്റിയായി നൽകിയ ചെക്കിൽ വൻ തുക എഴുതി പണം മാറാൻ ശ്രമിച്ചതാണ് തന്റെ മേൽ നിയമക്കുരുക്ക് മുറുക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ തുക കൃത്യ സമയത്തു വാങ്ങിയില്ലെങ്കിൽ മാധ്യമ സ്ഥാപനങ്ങളെ അങ്ങോട്ടു വിളിച്ചു ഓർമിപ്പിക്കുന്നതായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ ശീലം. അത്രമാത്രം കൃത്യത പുലർത്തിയിരുന്ന വ്യവസായിക്കു കാലിടറിയത് കണ്ട് പലരും അത്ഭുതപ്പെട്ടു.

 

വ്യവസായത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ യുഎഇയിലെ കലാ, സാഹിത്യ, സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വായന ഇഷ്ടപ്പെട്ടിരുന്ന  അദ്ദേഹം സാഹിത്യസദസ്സുകൾക്ക്  സഹായം നൽകിയിരുന്നു. നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ചില സിനിമകളുടെ നിർമാണം ഏറ്റെടുത്തതും കലയോടുള്ള അഭിനിവേശം തന്നെ. മാസത്തിലൊരിക്കൽ സഹൃദയരുമായി ചേർന്ന് അക്ഷരശ്ലോക സദസ്സ് നടത്തുന്നത് ദുബായിൽ പതിവായിരുന്നു.

 

'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിനു ഇത്രമാത്രം പ്രചാരം കിട്ടിയതും ഉടമ എം.എം രാമചന്ദ്രൻ നേരിട്ടു ശബ്ദം നൽകി അവതരിപ്പിച്ചതോടെയാണ്. മോഡലുകൾക്കു നൽകാൻ പണമില്ലാഞ്ഞിട്ടല്ല, കൊടുക്കുന്ന സ്വർണത്തിൽ അത്രയും വിശ്വാസമുള്ളതു കൊണ്ടാണ് രാമചന്ദ്രൻ നേരിട്ടു സ്വന്തം ഉറപ്പിൽ സ്വർണം വിറ്റത്.

 

ജൂലൈയിൽ എൺപതാം പിറന്നാളിനു സംഗീത സംവിധായകൻ എം.ജയചന്ദ്രൻ നേരിട്ടും യേശുദാസ്, കൈതപ്രം, ജയരാജ്, സുജാത, കൃഷ്ണചന്ദ്രൻ, സിദ്ധാർഥ്, ബാബു ആന്റണി, ഗീത, സുവർണ, അശോകൻ, മനോജ് കെ.ജയൻ, സ്വർണലത തുടങ്ങിയവർ വിഡിയോ സന്ദേശത്തിലൂടെ  ആശംസിച്ചതിന്റെ ദൃശ്യം  ഇദ്ദേഹം തന്നെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. സ്വന്തം യു ട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ പഴയ സിനിമ ഓർമകൾ പങ്കുവച്ചിരുന്ന കലാപ്രേമിയാണ് ഓർമായയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com