ADVERTISEMENT

ദുബായ് ∙ വിദ്യാരംഭത്തിനെത്തിയ എല്ലാകുട്ടികളും അരിയിൽ അക്ഷരങ്ങളെഴുതി മടങ്ങിയപ്പോൾ, പോകാൻ കൂട്ടാക്കാതെ നിന്നു ഒരു കൊച്ചുമിടുക്കി. നാവിൽ മോതിരം കൊണ്ട് ഹരിശ്രീ കുറിക്കാതെ വീട്ടിലേക്കില്ലെന്ന നിലപാടിൽ കുട്ടി ഉറച്ചുനിന്നപ്പോൾ മാതാപിതാക്കൾ കുഴങ്ങി.

 

നിലമ്പൂർ സ്വദേശി അനൂപിന്റെയും ശരണ്യയുടെയും മകൾ ജാൻവി വിദ്യാരംഭ ചടങ്ങുകളുടെ എല്ലാ തനിമയും വേണമെന്ന് വാശിപിടിച്ചത് മറ്റുള്ളവർക്കും കൗതുക കാഴ്ചയായി. ഗുരുവായ ജോസ് പനച്ചിപ്പുറമാണ് ജാൻവിയെ അരിയിൽ അക്ഷരമെഴുതിച്ചത്. പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം മറ്റ് ഫോട്ടോയും സർട്ടിഫിക്കറ്റും വാങ്ങി പ്രാതലും കഴിച്ചിരിക്കുമ്പോഴാണ് ജാൻവി ഒരു കാര്യം ഓർത്തത്.

 

അമ്മയും അച്ഛനും പറഞ്ഞതുപോലെ ഗുരു നാവിൽ ഹരിശ്രീ എഴുതിയില്ലോ എന്ന്. അതേ ഗുരുവിനെ അന്വേഷിച്ച് ചെന്നപ്പോൾ സീറ്റിലില്ല. പിന്നീട് കുട്ടിയുടെ സങ്കടം കവി ആലങ്കോട് ലീലാകൃഷ്ണനെ ബോധിപ്പിച്ചപ്പോൾ പരിഭവം തീർക്കാമെന്നായി.

 

അമ്മയിൽനിന്ന് മോതിരം വാങ്ങി ജാൻവിയുടെ നാവിൽ ഹരിശ്രീ കുറിച്ചതോടെ കുഞ്ഞും ഗുരുവും മാതാപിതാക്കളും ഹാപ്പി. അങ്ങനെ 2 ഗുരുക്കന്മാരുടെ അനുഗ്രാശിസ്സുകളോടെ, ഇരട്ടനേട്ടവുമായി ജാൻവി അക്ഷരലോകത്തേക്ക് എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com