ADVERTISEMENT

മസ്‌കത്ത്/കോട്ടയം ∙ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് ഒമാനില്‍ എത്തിച്ച ശേഷം വീട്ടു ജോലി നല്‍കുകയും ദുരിതത്തിലാകുകയും ചെയ്ത മലയാളി യുവതി മോചനം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. കോട്ടയം ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി (34) ആണ് ഒമാനിലെ അല്‍ കാമില്‍ അല്‍ വാഫിയില്‍ കുടുങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ ആണ് രഞ്ജിനിയും ബന്ധുക്കളായ മൂന്നു പേരും ജോലിക്കായി ഒമാനിലെത്തിയത്. അധ്യാപിക ജോലി എന്ന് പറഞ്ഞാണ് സന്ദര്‍ശക വീസയില്‍ രഞ്ജിനിയെ കണ്ണൂര്‍ സ്വദേശിയായ ജാഫര്‍ എന്ന ഏജന്റ് ഒമാനില്‍ എത്തിച്ചത്. ഇയാളുമായി ബന്ധപ്പെടുത്തിയത് നാട്ടിലുള്ള മനോജ്, റഫീഖ് എന്നിവരാണ്.

മസ്‌കത്തില്‍ എത്തിയ ശേഷമാണ് തന്നെ കൊണ്ടുവന്നത് പ്രദേശത്തെ ഒരു വീട്ടില്‍ ജോലിക്കാണെന്ന് രഞ്ജിനി അറിയുന്നത്. മൂന്നു മാസം കഴിഞ്ഞ് സ്‌കൂളിലേക്ക് മാറാമെന്നു ജാഫര്‍ പറഞ്ഞു. എന്നാല്‍, ഇത് ലംഘിക്കപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ ശ്രമം ആരംഭിച്ചെങ്കിലും സാധിച്ചില്ല. എംബസിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തന്റെ കൂടെ വന്ന ബന്ധുക്കളായ രണ്ടു പേര്‍ ഒമാന്റെ മറ്റു ഭാഗങ്ങളില്‍ ചെയ്തിരുന്ന ജോലി ഒഴിവാക്കി നാടണഞ്ഞിരുന്നു.

 

മാസങ്ങള്‍ പലത് കഴിഞ്ഞെങ്കിലും വീട്ടു ജോലിയില്‍ ദുരിത ജീവിതം തുടരുന്നതിനിടെ വീണ്ടും നാടണയാന്‍ ഏജന്റ് വഴി ശ്രമം നടത്തി. എന്നാല്‍, പകരം ആളെയും 40,000 രൂപയും തന്നാല്‍ നാട്ടിലെത്തിക്കാം എന്നായിരുന്നു ഏജന്റിന്റെ മറുപടി. ഇത് നല്‍കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ പകരം വരാമെന്നേറ്റ യുവതി പിന്‍മാറിയതോടെ രഞ്ജിനിയുടെ പണം നഷ്ടമാവുകയും യാത്ര മുടങ്ങുകയും ചെയ്തു.

 

രഞ്ജിനിയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബീന മന്ത്രി എ. കെ. ശശീന്ദ്രന് നിവേദനം നല്‍കിയിരുന്നു. വിഷയം അറിഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ എംബസി അധികൃതര്‍ രഞ്ജിനിയെ ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഉടന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് രഞ്ജിനി.

English Summary: Fake job offer malayalee woman under house arrest in oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com