അബുദാബി∙ മുഖം സ്കാൻ ചെയ്ത് (ഫേഷ്യൽ റെക്കഗ്നിഷൻ ) എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കാവുന്ന നവീന ബയോമെട്രിക് സംവിധാനം അബുദാബി മിഡ്ഫീൽഡ് ടെർമിനലിൽ സജ്ജമാക്കി.
പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ നടപടികൾ ഇതുവഴി പൂർത്തിയാക്കാം. പരീക്ഷണാർഥം യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാർക്ക് ഈ സൗകര്യം ആരംഭിച്ചു. മാസങ്ങൾക്കകം എമിറേറ്റിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.
നെക്സ്റ്റ് 50 കമ്പനിയാണ് സംവിധാനം ഒരുക്കിയത്. യാത്രക്കാരന്റെ മുഖം സ്കാൻ ചെയ്ത് കംപ്യൂട്ടർ രേഖകൾ ഒത്തുനോക്കി നിമിഷങ്ങൾക്കകം യാത്രാനുമതി നൽകുന്നതാണ് സംവിധാനം.
ഇതോടെ എമിഗ്രേഷനിലെ തിരക്ക് കുറയ്ക്കാനാകുമെന്നതാണ് നേട്ടം. അയാട്ട സർവേയിൽ 75% യാത്രക്കാരും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
English Summary: Abu Dhabi Airports gears up to launch advanced biometric technology.