ADVERTISEMENT

ഷാര്‍ജ ∙ മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വയ്പ്പുണ്ടായിരിക്കുന്നു. ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ മലയാള നോവല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ ജെസിബി പുരസ്‌കാരം വരുമ്പോഴും മലയാളം അതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മലയാള നോവലുകള്‍ വായിക്കാന്‍ മറ്റു ഭാഷയിലുള്ള വായനക്കാര്‍ കാത്തിരിക്കുന്ന കാലം വരണമെന്ന് ആഗ്രഹിക്കുന്നതായും അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഷാര്‍ജ പുസ്തകോത്സവം പോലുള്ള വേദികള്‍ എഴുത്തിനും ആശയങ്ങള്‍ക്കും പരസ്പരം കൈമാറ്റത്തിനുള്ള വേദിയായി മാറുന്നുണ്ട്. ഇത്തരം വേദികള്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. മലയാള നോവല്‍ സാഹിത്യത്തിന് മരണമണി കുറിച്ച കാലം അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോള്‍ ടെക്‌നോളജിയുടെ സാധ്യത എഴുത്തിന് കരുത്തായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തെ പോസിറ്റീവായി കാണുകയും ക്രിയാത്മകമായി വിലയിരുത്തുകയുമാണ് വേണ്ടത്. 

 

90 കളില്‍ വിവരസാങ്കേതിക വിദ്യ വളര്‍ന്നതോടെ എഴുത്തിനും വായനയ്ക്കും പ്രസക്തിയില്ലെന്നും മരണമണി മുഴങ്ങിയതായും പറഞ്ഞിരുന്നു. പക്ഷെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ വലിയ മാറ്റമാണുണ്ടായത്. പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് ശക്തമായ നോവലെഴുതാനുള്ള ധിഷണാപരമായ കരുത്തില്ലെന്ന് നിരൂപകര്‍ ആക്ഷേപിച്ചിരുന്നു. ഇനി ആത്മചരിത സാഹിത്യത്തിന്റെയും വ്യക്തിത്വ വികസന ഗൈഡുകളുടെയും കാലമായിരിക്കുമെന്നും പറഞ്ഞു. എന്നാല്‍ നോവല്‍ സാഹിത്യം ഇതെല്ലാം മറികടന്നു. പുതിയ എഴുത്തുകാര്‍ ധൈര്യപൂര്‍വ്വം നോവലെഴുത്തിലേക്ക് വന്നു. ആടുജീവിതം പോലുള്ളവ എഴുത്തിലും വായനയിലും പുതുമകള്‍ സൃഷ്ടിച്ചു. സുഭാഷ് ചന്ദ്രന്‍, മീര, ഇ.സന്തോഷ്‌കുമാര്‍, ഹരീഷ് തുടങ്ങി നിരവധി പേര്‍ നോവലെഴുത്തില്‍ സജീവമായി. ടി.പി. രാജീവന്റെ പാലേരി മാണിക്യം നോവലെഴുത്തില്‍ മാറ്റം കൊണ്ടുവന്ന കൃതിയാണ്. മലയാള നോവല്‍ മലയാളമല്ലാതാവുന്നു എന്ന വിമര്‍ശനവുമുണ്ടായി. മലയാളി ജീവിക്കുന്ന സ്ഥലത്തേക്ക് മലയാള നോവല്‍ പോകുന്നതിനെ പോസിറ്റീവായി കാണണം. മലയാള നോവലിനെ ഒരു ഗ്ലോബല്‍ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട കാലമാണെന്നും ടി.ഡി. പറഞ്ഞു.

 

തന്റെ ഏറ്റവും പുതിയ നോവല്‍ 'പച്ച മഞ്ഞ ചുവപ്പ്' റെയില്‍വെ സര്‍വീസ് കാല അനുഭവം പശ്ചാത്തലമാക്കി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വെ ജീവിതം ഒട്ടേറെ അനുഭവങ്ങള്‍ക്കും എഴുത്തിനെ പ്രചോദിപ്പിക്കാനും സഹായകമായിട്ടുണ്ടെങ്കിലും അതിനെ പശ്ചാത്തലമാക്കി ഇതുവരെ എഴുതിയിരുന്നില്ല. ഇന്ത്യാ രാജ്യത്തിന്റെ പരിഛേദമായ റെയില്‍വെയുടെ അകത്തളങ്ങളിലെ കാര്യങ്ങള്‍ പലപ്പോഴും എഴുത്തിലൂടെയോ മറ്റോ പുറം ലോകമറിയാറില്ല. അധികാരത്തിന്റെ ഭീകരമായ പ്രയോഗമാണ് ഈ വലിയ സ്ഥാപനത്തില്‍ നടക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നോവല്‍ തയാറാക്കിയിരിക്കുന്നത്.

 

1995 മേയ് മാസത്തില്‍ സേലത്തിനടുത്ത് നടന്ന തീവണ്ടിയപകടമാണ് പശ്ചാത്തലം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അപകടത്തെക്കുറിച്ച് അന്വേഷിച്ച് പോകുന്നതാണ് കഥ. സാധാരണയായി സംഭവിക്കാത്ത രീതിയില്‍ രണ്ടു വണ്ടികള്‍ നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചു. ഇതിൽ ഡാനിഷ്‌പേട്ട് സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെ കുറ്റക്കാരനെന്ന് കണ്ടെത്തി റെയില്‍വെ പിരിച്ചുവിട്ടു. പിന്നീട് അയാള്‍ ആത്മഹത്യ ചെയ്തു. ഇതുവരെയുള്ള കാര്യങ്ങള്‍ ശരിയായ സംഭവങ്ങളും പിന്നീട് നോവലില്‍ ഫിക്്ഷനുമാണ്.

 

സ്റ്റേഷന്‍ മാസ്റ്ററുടെ ആത്മഹത്യയോടെയാണ് നോവല്‍ തുടങ്ങുന്നത്. അപകടത്തില്‍ മരിച്ച രണ്ട് പേരുടെ മക്കളില്‍ ഒരാള്‍ റെയില്‍വെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ മാധ്യമപ്രവര്‍ത്തകയുമായി മാറുന്നു. അവര്‍ ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതും റെയില്‍വെയുടെ അകത്തളങ്ങളില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ പുറത്തുകൊണ്ടുവരുന്നതുമാണ് പ്രമേയം. തന്റെ മറ്റു നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഇതിലുണ്ടെന്നും ടി.ഡി പറഞ്ഞു. ഇക്കാരണത്താല്‍ നിരവധി മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതികരണങ്ങള്‍ക്ക് പുറമെ എതിര്‍പ്പുകള്‍ ധാരാളമുണ്ടായി. ഈ നോവല്‍ അച്ചടിച്ചു വന്നപ്പോള്‍ മികച്ച പ്രതികരണങ്ങള്‍ക്ക് പുറമെ നിര്‍ത്തണമെന്നു വരെ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി-ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT