ADVERTISEMENT

ദുബായ് ∙ വാക്കുകളുടെ അക്ഷരവെളിച്ചം പരത്തി 12 ദിവസം ഷാർജയെ പ്രോജ്വലിപ്പിച്ച 41–ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് കൊടിയിറങ്ങി. അടുത്ത വർഷം ഇതേ സമയത്ത് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവർ വിടപറഞ്ഞു.

manorama-books

 

shibf

ഷാർജ എക്സ്പോ സെന്ററിൽ വാക്കുകൾ പ്രചരിക്കട്ടെ എന്ന പ്രമേയത്തിൽ നടന്ന പുസ്തകമേള ലക്ഷക്കണക്കിന് പേർ സന്ദർശിച്ചു. ഇപ്രാവശ്യം റെക്കോർഡുകൾ തിരുത്തിയെഴുതുമെന്നാണ് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ്ബിഎ) പ്രതീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ കണക്കുകൾ ഇന്ന് മാത്രമേ പുറത്തുവിടുകയുള്ളൂ.

 

ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന്  2,213 പ്രസാധകർ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റർ സ്ഥലത്ത് അണിനിരന്നു. ഇന്നലെ ബുക്കർ പ്രൈസ് ജേതാവ് ശ്രീലങ്കൻ എഴുത്തുകാരൻ ഷഹാൻ കരു്മതിലക, പാക് മുൻ ക്രിക്കറ്റ് താരം ഷു െഎബ് അക്തർ, മലയാളി എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ എന്നിവരാണ് പങ്കെടുത്തത്. 2022 ലെ ബുക്കർ പ്രൈസ് നേടിയ  ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര,ബോളിവു‍ഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ,  ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഇൻ പിയേഴ്സ്, ബ്രി‌ട്ട‌ിഷ് എഴുത്തുകാരൻ പികോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി.ജെ.പാമർ, ഒാസ്ട്രേലിയൻ ഫാഷൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ്, പാചക പരിപാടിയിൽ ഷെഫ് വിക്കി റത്നാനി, ഷെഫ് അർച്ചന ദോഷി, എഴുത്തുകാരൻ രവി സുബ്രഹ്മണ്യൻ, മലയാളം എഴുത്തുകാരൻ ജിആർ. ഇന്ദുഗോപൻ, സുനിൽ പി.ഇളയിടം, പോപ്പ് ഗായിക ഉഷാ ഉതുപ്പ്,  മോട്ടിവേഷനൽ പ്രഭാഷകൻ ജോസഫ് അന്നംകുട്ടി, ഷെഫ് അനാഹിത ദോന്തി എന്നിവരും മേളയിൽ പങ്കെടുത്തു. 

 

ഇന്ത്യയിൽ നിന്ന് മനോരമ പബ്ലിക്കേഷൻസ് അടക്കം 112 പ്രസാധകർ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്ത് നിന്ന് 1,298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകരാണ് പങ്കെടുത്തത്. എല്ലായിടത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വായനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി പറഞ്ഞു. 339 പ്രസാധകരെ അണിനരത്തുന്ന യുഎഇയാണ് ഏറ്റവും മുന്നിൽ. ഇൗജിപ്ത്–306, ലബനൻ–125, സിറിയ–95, യുകെ–61 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റു പ്രസാധകർ. 

 

പ്രവാസികളുടേതും നാട്ടിൽ നിന്നുള്ള എഴുത്തുകാരുടേതുമുൾപ്പെടെ നൂറുകണക്കിന് പുസ്തകങ്ങൾ ഇപ്രാവശ്യം മേളയിൽ പ്രകാശനം ചെയ്തു.  ഇന്ത്യൻ പ്രസാധകരുടെ സ്റ്റാളുകൾ പ്രവർത്തിക്കുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനങ്ങൾ നടന്നത്. കൂടാതെ, വിവിധ സ്റ്റാളുകൾക്ക് മുന്നിലും പുസ്തകങ്ങൾ വെളിച്ചം കണ്ടു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ.പി.രാമനുണ്ണി, താഹ മാടായി, വി.എച്ച്.നിഷാദ് ഉൾപ്പെ‌ടെ ഒട്ടേറെ മലയാളം എഴുത്തുകാരെയും പ്രസാധകർ മേളയിലെത്തിച്ചു. 

 

ഇപ്രാവശ്യം മേളയിൽ ക്യൂബ, കോസ്റ്റ റിക്ക, ലൈബേരിയ, ഫിലിപ്പിൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക,  െഎസ് ലാൻഡ്, ഹംഗറി എന്നീ രാജ്യങ്ങൾ കൂടി പങ്കെടുക്കുന്നു. 57 രാജ്യങ്ങളിൽ നിന്ന് 129 അതിഥികളാണ് ഇപ്രാവശ്യത്തെ മേളയിൽ സാന്നിധ്യമറിയിക്കുന്നത്. 1,047 പരിപാടികളിൽ മിക്കവയും ഇതിനകം അരങ്ങേറി. സാംസ്കാരിക പരിപാടികൾക്ക് 15 രാജ്യങ്ങളിൽ നിന്ന് എഴുത്തുകാർ, കലാകാരന്മാർ എന്നിവരടക്കം 70 പ്രമുഖർ നേതൃത്വം നൽകി. പാനല്‍ ചർച്ചകൾ,  ശിൽപശാലകൾ,  തത്സമയ പാചകപരിപാടി  അടക്കമുള്ള 200 പരിപാടികളും അരങ്ങേറി. കൂടാതെ, പുസ്തക പ്രകാശനം, ചർച്ചകൾ, സെമിനാറുകൾ,  സംവാദങ്ങൾ, കവിയരങ്ങ്, കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടികൾ, വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവയും നടന്നു. എല്ലാത്തിലുമുപരി, ‘കുറഞ്ഞ വിലയിൽ ലോകത്തെ മികച്ച പുസ്തകങ്ങൾ വാങ്ങിക്കാനുള്ള അവസരമാണ് മേളയിൽ ലഭ്യമായത്. അവസാന ദിവസമായ ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. പ്രിയപ്പെട്ട എഴുത്തുകാരിൽ നിന്ന് വായനക്കാർക്ക് കൈയൊപ്പോടു കൂടി പുസ്തകം സ്വന്തമാക്കാനുള്ള അപൂർവാവസരം പലരും മുതലാക്കി. മേള വൻ വിജയമാക്കിയ എല്ലാവർക്കും ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അംറി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com