ADVERTISEMENT

ദോഹ∙ ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി-അർജന്റീന മത്സരം കാണാൻ എത്തിയത് 88,012 പേർ. ലോകകപ്പിലെ 8 സ്റ്റേഡിയങ്ങളിൽ ഏറ്റവും വലിയ വേദിയാണ് ഫൈനൽ നടക്കുന്ന ലുസെയ്ൽ . 80,000 ആണ് ഫിഫ ആവശ്യപ്പെട്ട  ഇരിപ്പിട ശേഷിയെങ്കിലും 92,000ത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 1ന് നടന്ന മത്സരം കാണാൻ രാവിലെ 9 മണിയോടെ സ്‌റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറന്നപ്പോൾ തന്നെ അർജന്റീനയുടെയും സൗദിയുടേയും ആരാധകരുടെ പ്രവാഹമായിരുന്നു. കനത്ത ചൂടിലും ജഴ്‌സിയണിഞ്ഞ് ചെണ്ടമേളവും ബാൻഡും  താളമേളവുമായാണ് ആരാധകരെത്തിയത്.

അർജന്റീനയുടെ അപ്രതീക്ഷിത തോൽവിയിൽ നിരാശരായെങ്കിലും ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കളിക്കളത്തിൽ കൺമുൻപിൽ കണ്ടതിന്റെ ആഹ്ലാദത്തിൽ തന്നെയായിരുന്നു ആരാധകരുടെ മടക്കവും. ആരാധകരുടെ ആർപ്പുവിളികളും കരഘോഷവും ഏറ്റുവാങ്ങിയാണ് മെസ്സി കളിക്കളത്തിലേക്ക് പ്രവേശിച്ചത്. ഇഷ്ടതാരം മുന്നിലെത്തിയതോടെ  ഗാലറിയിൽ മെസ്സി എന്നുറക്കെ വിളിച്ച് ആരാധകർ ആവേശം കൊണ്ടു.

ആദ്യ പകുതിയിൽ മെസ്സി ഗോൾ നേടിയതോടെ ആരാധകരുടെ ഉത്സാഹവും കൂടി. രണ്ടാം പകുതിയിൽ പക്ഷേ സൗദിയുടെ കടന്നാക്രമണങ്ങളെ മറികടക്കാൻ കഴിയാതെ വന്നതോടെയാണ് ആരാധകരുടെ കണ്ണ് നനയിച്ച് അർജന്റീന പരാജയം രുചിച്ചത്. സൈബർ ഇടങ്ങളിൽ ട്രോൾ മഴ ഏറ്റുവാങ്ങിയാണ് അർജന്റീന ആരാധകരുടെ ദിനം കടന്നു പോയത്.

മത്സരങ്ങൾ നടക്കുന്ന  ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇനി അടുത്ത മത്സരം 24ന് രാത്രി 10ന് ബ്രസീലും സെർബിയയും തമ്മിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ 6 മത്സരങ്ങൾക്കും നോക്ക്-ഔട്ട് മത്സരങ്ങൾക്കും ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കും ലുസെയ്ൽ ആണ് വേദി.

ബ്രസീലിലെ റിയോ ഡി ജനിറോയിലെ വിഖ്യാത സ്റ്റേഡിയമായ മാറക്കാന, ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്‌ബോൾ സ്റ്റേഡിയമായ നൂ കാമ്പ്, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ റഷ്യയുടെ ദേശീയ സ്റ്റേഡിയം ലഹ്‌നികി  എന്നിവയുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ് ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com